'സീരിയലിനോട് പുച്ഛം ഉണ്ടായിരുന്ന വ്യക്തിയാണ് ഞാനും, നടനായ ശേഷം അത് മാറി'; ചെമ്പരത്തി താരം പ്രബിൻ
മലയാളം ടെലിവിഷൻ ചാനൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചെമ്പരത്തി. അടുത്തിടെയാണ് സീരിയൽ 800 എപ്പിസോഡുകൾ പിന്നിട്ടത്. മൂന്ന് വർഷമായി പ്രേക്ഷക ഹൃദയം കീഴടക്കിയാണ് പരമ്പര സംപ്രേഷണം തുടരുന്നത്. 2018 നവംബർ 26 നാണ് സീരിയൽ ആരംഭിച്ചത്. സീകേരളം ചാനൽ ആരംഭിച്ച സമയത്താണ് ചെമ്പരത്തി പരമ്പരയും ആരംഭിച്ചത്. സീ തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സെബരത്തിയുടെ മലയാളം പതിപ്പാണ് സീരിയൽ. അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ, താരകല്യാൺ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും പ്രധാന കഥാപാത്രമായ ആനന്ദിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന പുതിയ ട്വിസ്റ്റിനോട് കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിരവധി ട്രോളുകളും പരമ്പര സംബന്ധിച്ച് വരുന്നുണ്ട്. ഇപ്പോൾ ചെമ്പരത്തി സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കുകയാണ് സീരിയലിൽ അരവിന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രബിൻ. അഭിനയമോഹമുള്ള പ്രബിന്റെ ആദ്യത്തെ സീരിയൽ കൂടിയാണ് ചെമ്പരത്തി. മൂന്ന് വർഷത്തിലധികമായി ചെമ്പരത്തി സീരിയൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

അഖിലാണ്ഡേശ്വരിയുടെ രണ്ടാമത്തെ മകൻ അരവിന്ദ് കൃഷ്‌ണനായിട്ടാണ് താരം ചെമ്പരത്തി പരമ്പരയിൽ എത്തുന്നത്. അൽപ്പം തമാശയും കുസൃതിയും നിറഞ്ഞ ഒരു കഥാപാത്രമാണ് പ്രബിന്റെ അരവിന്ദ്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളുന്ന രീതിയിലാണ് അരവിന്ദിന്റെ അവതരണം. ഒപ്പം ചേട്ടനോടും കുടുംബത്തോടുമുള്ള അടങ്ങാത്ത സ്നേഹവും അരവിന്ദിനുണ്ട്. അരവിന്ദിലേക്ക് എങ്ങനെ എത്തിച്ചേർന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പ്രബിൻ. 'പഠനം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഓഡീഷനിൽ പങ്കെടുക്കുന്നത്. കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അരവിന്ദ് കൃഷ്ണനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ സാധിച്ചു. ഒരുപാട് കുടുംബപ്രേക്ഷകർക്ക് എന്ന അറിയാം. അവരുടെ എല്ലാം സ്നേഹം ലഭിക്കുന്നുണ്ട്. ചെമ്പരത്തിയിലെ നായകനല്ല ഞാൻ പക്ഷെ എല്ലാവർക്കും ഞാൻ ഇന്ന് സുപരിചിതനാണ്.'

'സീരിയലിനോട് എല്ലാവരേയും പോലെ പുച്ഛം കൊണ്ടുനടന്നിരുന്ന ആളാണ് ഞാനും. പിന്നീട് സീരിയലിൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് അതിന്റെ കഷ്ടപ്പാട് എത്രത്തോളമാണ് എന്ന് ഞാൻ മനസിലാക്കിയത്. ഞാൻ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് പലരും എന്നോട് പറഞ്ഞിരുന്നു. സീരിയലിൽ അഭിനയിക്കാൻ പോയാൽ സിനിമയിൽ നിന്നും അവസരങ്ങൾ വരില്ലെന്ന്. എന്റെ കാര്യത്തിൽ പക്ഷെ അത് തെറ്റായിരുന്നു. കാരണം രണ്ട് മൂന്ന് സിനിമകളിൽ നിന്ന് എനിക്ക് ചെമ്പരത്തിയിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ അവസരങ്ങൾ വന്നിരുന്നു. പല വിധ കാരണങ്ങളാൽ അവ സ്വീകരിക്കാൻ കഴിയാതെ വരികെയായിരുന്നു. ഇന്ത്യയിൽ അറിയപ്പെടുന്ന നടനാകണമെന്നതാണ് എന്റെ ആഗ്രഹം അതിനായുള്ള പരിശ്രമത്തിലാണ് ഞാൻ. എന്റ കഴിവുകൾ കണ്ട് ആളുകൾ എന്നെ ഇഷ്ടപ്പെടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ' പ്രബിൻ പറയുന്നു.
Recommended Video

2021 ജനുവരിയിൽ ആയിരുന്നു പ്രബിന്റെ വിവാഹം. സ്വാതിയെന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. പ്രണയ വിവാഹമായിരുന്നു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും അന്ന് വൈറൽ ആയിരുന്നു. കോളജ് ലക്ച്ചറർ ആയി ജോലി നോക്കിവരുന്ന സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് വളരെ വൈകിയാണെന്ന് പ്രബിൻ തന്നെ വിവാഹത്തിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. തന്റെ സ്വപ്നത്തിന് വേണ്ടി ഭാര്യ സ്വാതി എപ്പോഴും കൂടെ നിൽക്കാറുണ്ടെന്നും ലൈഫ് കുറച്ച് കൂടി കളറായത് വിവാഹത്തിന് ശേഷമാണെന്നും പ്രബിൻ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications