'ഞങ്ങൾ കന്യാസ്ത്രിയാക്കണമന്ന് വിചാരിച്ച കൊച്ചാണ്', ആലീസിന് ബ്രൈഡൽ ഷവർ ഒരുക്കി പ്രിയപ്പെട്ടവർ
സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ വിവാഹമെന്ന ചടങ്ങ് നവംബർ 18ന് നടക്കാൻ പോവുകയാണ്. ഒന്നര വർഷമായി ആലീസ് കാത്തിരിക്കുന്ന സുദിനമാണ് നാളെ. കല്യാണം ആഘോഷമാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ആലീസും വരൻ സജിനും. അടുത്തിടെയാണ് വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത ആലീസ് പങ്കുവെച്ചത്. പത്തനംതിട്ട സ്വദേശിയായ സജിൻ സജി സാമുവലാണ് ആലീസിന്റെ വരൻ. ദിവസങ്ങൾക്ക് മുമ്പാണ് വിവാഹ തിയ്യതി സേവ് ദി ഡേറ്റ് വീഡിയോയ്ക്കൊപ്പം ആലീസ് പങ്കുവെച്ചത്.
സേവ് ദി ഡേറ്റിന്റെ മേക്കിങ് വീഡിയോയും ആലീസ് ഷെയർ ചെയ്തിരുന്നു. ഇതിന് മുമ്പൊരു സേവ് ദ് ഡേറ്റ് എടുത്തിരുന്നുവെന്നും അത് വൻ പരാജയമായിരുന്നെന്നും സജിൻ വീഡിയോയിൽ പറയുന്നുണ്ട്. ആലീസ് സ്ഥിരമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ആളാണെന്നും ആലീസിനോടൊപ്പം പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണെന്നും സജിൻ പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് സജിൻ ആലീസുമൊത്ത് ജീവിക്കാനായി പണിത പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. ആലീസായിരുന്നു വീടിന്റെ പാലുകാച്ചൽ നടത്തിയത്.

വീടിന് ഇരുവരും ബത്ലഹേം എന്നാണ് പേര് നൽകിയിരിക്കുന്നത്. വീട് പണി നടക്കുമ്പോൾ എല്ലാ കാര്യങ്ങളിലും തന്റെ അഭിപ്രായം സജിൻ തിരക്കിയിരുന്നുവെന്നും ആ വീടിന്റെ മുക്കും മൂലയും തനിക്ക് സുപരിചിതമാണെന്നും ആലീസ് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. ആലീസിന്റെ സുഹൃത്ത് വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലീസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്ന് ചോദിക്കുകയുമായിരുന്നു. തുടർന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വീഡിയോകളും അയച്ച് കൊടുത്തു. ആലീസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു.

തുടർന്ന് വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. കൊവിഡും പ്രഫഷനൽ തിരക്കുകളും കാരണമാണ് വിവാഹം നീണ്ടുപോയതെന്ന് ആലീസ് പറഞ്ഞിരുന്നു. മിസിസ് ഹിറ്റ്ലർ, തിങ്കൾകലമാൻ എന്നീ സീരിയലുകളിലാണ് ആലീസ് നിലവിൽ അഭിനയിക്കുന്നത്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബന്ധുക്കൾ ഒരുക്കിയ ബ്രൈഡൽ ഷവറിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആലീസ്. കസിൻസ് സർപ്രൈസായിട്ടാണ് ആലീസിന് വേണ്ടി ബ്രൈഡൽ ഷവർ ഒരുക്കിയത്. പണി കിട്ടുമോ എന്ന് കരുതിയാണ് കസിൻ വിളിച്ചപ്പോൾ എത്തിയതെന്നും ബ്രൈഡൽ ഷവർ ആണെന്ന് പിന്നീടാണ് മനസിലായതെന്നും ഒട്ടും പ്രതീക്ഷിക്കാതിരുന്നതിനാൽ വളരെയേറെ സന്തോഷമായിയെന്നും ആലീസ് വീഡിയോയിൽ പറയുന്നുണ്ട്.
Recommended Video

ആലീസിനൊപ്പമുള്ള ഓർമകളും താരത്തിന്റെ ബന്ധുക്കൾ വീഡിയോയിൽ പങ്കുവെച്ചു. ആലീസിന്റെ അമ്മയുടെ സഹോദരി ആലീസിനെ പ്രസവിച്ച് കൈകളിലേക്ക് ലഭിച്ചപ്പോഴുള്ള ഓർമകളാണ് പങ്കുവെച്ചത്. ജനിച്ചപ്പോൾ അൽഫോൺസാമ്മയെ പോലെ തോന്നിയിരുന്നുവെന്നും കന്യാസ്ത്രിയാക്കണമെന്നാണ് തങ്ങൾ വിചാരിച്ചിരുന്നതെന്നും ആലീസിന്റെ അമ്മയുടെ സഹോദരി പറഞ്ഞു. തന്റെ മക്കളിൽ ഒരാളായാണ് ആലീസിനെ കണ്ടിരുന്നതെന്നും അവളുടെ വിവാഹം നടക്കുന്നതിന് സന്തോഷമുണ്ടെന്നും ആലീസിന്റെ ബന്ധുക്കൾ പറഞ്ഞു. തന്റെ മൂത്ത മകളെ കെട്ടിച്ച് വിട്ടപ്പോള്‍ സങ്കടം മാറ്റാന്‍ ഇളയ കൊച്ച് ഇത്രയും നാള്‍ കൂടെയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അവളും പോവുകയാണെന്നും അതില്‍ സന്തോഷവും സങ്കടവും ഒരുപോലെയുണ്ടെന്ന് ആലീസിന്റെ അമ്മയും വീഡിയോയിലൂടെ പറഞ്ഞു. ബ്രൈഡൽ ഷവറിൽ വരൻ സജിൻ പങ്കെടുക്കാത്തതിലെ പരിഭവവും ആലീസ് വീഡിയോയിലൂടെ പങ്കുവെച്ചു. മഴയായതിനാലാണ് വരാൻ സാധിക്കാതിരുന്നതെന്നും സജിൻ വീഡിയോ കോളിലെത്തി ആലീസിനോട് പറയുന്നതും വീഡിയോയിൽ കാണാം.


Click it and Unblock the Notifications