ഇനി ഒരു വിവാഹമുണ്ടാകില്ല... മതിയായി, മോൾക്കും തോന്നി അങ്ങനൊരാൾ വേണ്ടെന്ന്, അമ്മയുണ്ടല്ലോയെന്ന് പറയും!
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ-സീരിയൽ താരം ആൻ മരിയ. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ വ്യക്തി ജീവിതം എപ്പോഴും ചർച്ചയായി മാറാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് ഫുഡ് വ്ളോഗറായ ഷാൻ ജിയോയുമൊത്തുള്ള ദാമ്പത്യം നടി അവസാനിപ്പിച്ചത്. ആൻമരിയയുടെ രണ്ടാം വിവാഹമായിരുന്നു. രണ്ടര വർഷം മാത്രമെ ആ ബന്ധത്തിന് പക്ഷെ ആയുസുണ്ടായിരുന്നുള്ളു. ആദ്യ വിവാഹത്തിൽ നടിക്കൊരു മകളുണ്ട്.
ഇപ്പോഴിതാ തകർന്ന ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ആൻമരിയ. ഇനി തനിക്കൊരു വിവാഹമുണ്ടാവില്ലെന്നും മകൾക്ക് വേണ്ടി ജീവിക്കാനാണ് ആഗ്രഹമെന്നും നടി പറയുന്നു. എന്റെ അമ്മയും പപ്പയും സെപ്പറേറ്റഡാണ്. പിന്നീട് എന്റെ കല്യാണം കഴിഞ്ഞു. പക്ഷെ സാചര്യങ്ങൾ കൊണ്ട് ഒത്തുപോകാൻ പറ്റിയില്ല. പിരിയേണ്ടി വന്നു.

അത് എന്റെ വിധിയായിട്ടാണ് ഞാൻ കരുതുന്നത്. വീട്ടിൽ ഒരു ആൺതുണയില്ലെന്ന് കരുതി ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ. പുരുഷൻ ഉണ്ടെങ്കിലെ ജീവിക്കാൻ പറ്റൂവെന്നും ഇല്ല. പെണ്ണുങ്ങൾ മാത്രമുള്ള വീടാണെങ്കിലും ജീവിക്കാം. വിവാഹമോചനശേഷം എന്നെ അറിയാവുന്നവർ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷെ ഫേക്ക് ഐഡികളിൽ നിന്നും മനപൂർവമായി ആരൊക്കയോ കമന്റുകൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഫാൻസായിട്ടുള്ളവരും വന്ന് കമന്റുകൾ ഇടാറുണ്ട്. കുറ്റപ്പെടുത്തുകയല്ല ഞങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്?, എന്തുകൊണ്ട് പിരിഞ്ഞു എന്നൊക്കെയാണ് അവർ ചോദിക്കുന്നത്. ഇനി എന്റെ ജീവിതത്തിൽ ഒരു പാട്നർ ഉണ്ടാകില്ല. ഇതോടെ മതിയായി. എനിക്ക് മോളുണ്ട്. അവൾ പഠിക്കുകയാണ്. അവളുടെ കാര്യങ്ങൾ എനിക്ക് നോക്കണം.
ആദ്യ വിവാഹം തകർന്നശേഷം ഇനിയൊരു ബന്ധത്തിലേക്ക് പോകേണ്ടെന്ന തീരുമാനത്തിൽ തന്നെയായിരുന്നു ഞാൻ. പിന്നീട് മമ്മിക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നു. മാത്രമല്ല കസിൻസും എന്നെ നിർബന്ധിക്കാൻ തുടങ്ങി അപ്പോഴാണ് രണ്ടാം വിവാഹം നടന്നത്. രണ്ടാം വിവാഹം രണ്ടര വർഷത്തോളം നീണ്ടുനിന്നു. ഷാൻ വന്നശേഷം പപ്പ എന്ന രീതിയിൽ മോൾക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു.
പപ്പ ഫിഗറിനെ അവൾ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അവർ തമ്മിൽ ഭയങ്കര അറ്റാച്ച്മെന്റുമായിരുന്നു. പിന്നീട് മോൾക്കും തോന്നി അങ്ങനൊരാൾ വേണ്ടെന്ന്. പപ്പയില്ലാത്ത വിഷമം എന്തായാലും മോൾക്ക് ഉണ്ടാകും. പക്ഷെ എന്റെ അടുത്ത് അവൾ കാണിക്കാറില്ല. വളരെ ബോൾഡായ മോളാണ്. എനിക്ക് എന്റെ അമ്മയുണ്ടല്ലോ എന്നാണ് അത്തരത്തിൽ എന്തെങ്കിലും ചോദ്യം വന്നാൽ അവൾ കൊടുക്കുന്ന മറുപടി.

പരാതിയൊന്നും എന്നോട് പറയാറില്ല ഇക്കാര്യത്തിൽ. എന്റെ അച്ഛനുമായി എനിക്ക് കോൺടാക്ടുണ്ട്. പക്ഷെ മദ്യപാനമുള്ള വ്യക്തിയായതുകൊണ്ട് എപ്പോഴും നമുക്ക് വിളിച്ച് സംസാരിക്കാനും പറ്റില്ല. എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്നും നടി പറഞ്ഞു. സീരിയലിലെ നെഗറ്റീവ് റോളുകളെ കുറിച്ചും താരം സംസാരിച്ചു.
ഏറ്റവും ബുദ്ധിമുട്ട് നെഗറ്റീവ് റോൾ ചെയ്യാൻ വേണ്ടിയാണ്. പോസിറ്റീവ് കഥാപാത്രങ്ങളാണ് സീരിയലിലെങ്കിൽ കരഞ്ഞും ചിരിച്ചും പതുങ്ങി നിന്നുമെല്ലാം അഭിനയിക്കാം. നെഗറ്റീവ് റോൾ ആണെങ്കിൽ ഒരുപാട് എക്സ്പ്രഷൻസ് ഇടണം, ദേഷ്യപ്പെട്ട് സംസാരിക്കണം, ഇമോഷൻസ് കൂടുതൽ കാണിക്കാൻ പറ്റുന്നതും നെഗറ്റീവ് റോൾ ചെയ്യുമ്പോഴാണ്. കൂടുതൽ ആളുകളിലേക്ക് എത്തുന്നതും നെഗറ്റീവ് റോളാണ്.
പക്ഷെ എന്നോട് പ്രേക്ഷകർ ആരും സീരിയൽ കഥാപാത്രത്തിന്റെ പേരിൽ ദേഷ്യപ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും നടി പറയുന്നു. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു.


Click it and Unblock the Notifications
















