ലഹരി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം, എനിക്ക് വേടനെ ഇഷ്ടമാണ്; സീരിയൽ താരം അനുമോൾ
സീരിയലുകളിലൂടെയും സ്റ്റാർ മാജിക്ക് അടക്കമുള്ള ഷോകളിലൂടെയും ജനശ്രദ്ധ നേടിയ അഭിനേത്രിയും നർത്തകിയും മോഡലുമെല്ലാമാണ് അനുമോൾ. സോഷ്യൽമീഡിയയിൽ സജീവമായ താരം ലഹരി ഉപയോഗിച്ചതിന്റെ പേരിൽ പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളി അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഓൺലൈൻ മീഡിയയോട് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ലഹരി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടേയും ഇഷ്ടമാണെന്നും വേടൻ എന്ന കലാകാരനെ തനിക്ക് ഇഷ്ടമാണെന്നുമാണ് അനു മോൾ പറഞ്ഞത്.
വേടന്റെ ന്യൂസ് കേട്ടിരുന്നു. ഞാനും വേടന് സപ്പോർട്ടാണ്. ലഹരി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം അല്ലേ. നമ്മൾ എന്തിനാണ് അത് നോക്കുന്നത്. ലഹരി ഉപയോഗിക്കുന്നത് നെഗറ്റീവാണ്. പക്ഷെ അവരുടെ ഇഷ്ടം അല്ലേ. അതുകൊണ്ട് അവർ എന്ത് വേണെങ്കിലും ചെയ്തോട്ടെ.

നമ്മൾ ഒരാളെ നിർബന്ധിച്ച് ഒന്നും കഴിപ്പിക്കാറില്ലല്ലോ. ലഹരി ഉപയോഗിക്കണമെന്ന് പിള്ളേർക്ക് ആഗ്രഹമുണ്ടെങ്കിൽ അവർ അത് കഴിക്കും. വേടൻ ന് ആഗ്രഹം ഉണ്ടെങ്കിൽ വേടൻ കഴിക്കും. നന്നാവണമെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ നമുക്ക് നന്നാവാം. വേടൻ അല്ലെങ്കിലും നല്ല മനുഷ്യനായിരുന്നു. എനിക്ക് പുള്ളിയെ ഇഷ്ടമാണ് എന്നാണ് അനു മോൾ പറഞ്ഞത്. അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയിൽ മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പിടിയിലായിട്ടുണ്ട്.
തുടക്കം ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ബിഗ് ബോസ് താരം ജിന്റോ, മോഡൽ എന്നിവർക്ക് എക്സൈസ് നോട്ടീസ് അയച്ചതോടെയായിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആലപ്പുഴയിൽ പിടിയിലായ തസ്ലീമയുമായി ഷൈനിനും ശ്രീനാഥ് ഭാസിക്കും ജിന്റോയ്ക്കും സൗഹൃദമുണ്ടെന്നാണ് കണ്ടെത്തിയതോടെയാണ് എക്സൈസ് നോട്ടീസ് അയച്ചത്.
പിന്നാലെയാണ് ഹൈബ്രിഡ് കഞ്ചാവുമായി സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന് സംവിധായകനായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിലായത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് അന്ന് പരിശോധനയിൽ ഇവരിൽ നിന്നും പിടികൂടിയത്. ഇതിനുശേഷമാണ് റാപ്പർ വേടൻ കഞ്ചാവുമായി പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് തൃപ്പൂണിത്തുറയിലെ വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ലഹരി കേസിനൊപ്പം തന്നെ പുലിപ്പല്ല് കൈവശം വെച്ചതിനും ഗായകനെതിരെ കേസുണ്ട്. വേടന്റെ മാലയിൽ ഉള്ള പുലിപ്പല്ലിന്റെ ലോക്കറ്റാണ് വിവാദങ്ങൾക്ക് കാരണമായത്. ലഹരി കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം വേടൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. നല്ലൊരു മനുഷ്യനാകാൻ ശ്രമിക്കാമെന്നാണ് വേടൻ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്.

കേസിനെ കുറിച്ച് എനിക്കൊന്നും പറയാൻ പറ്റില്ല. കാരണം അത് കോടതിയുടെ കയ്യിൽ ഇരിക്കുന്ന കാര്യമാണ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് നന്ദിയുണ്ട്. പിന്നെ എനിക്ക് പറയാനുള്ളത് പുകവലിയും മദ്യപാനവും തെറ്റ് ആണെന്ന് എനിക്കറിയാം. ബാഡ് ഇൻഫ്ലൂവൻസാണെന്ന് അറിയാം. ചേട്ടനോട് ക്ഷമിക്കണം. നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോയെന്ന് ഞാൻ ഒന്ന് നോക്കട്ടെ എന്നാണ് വേടൻ പറഞ്ഞത്.
തെറ്റ് തിരുത്തുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ പ്രമുഖരും ആരാധകരുമെല്ലാം വേടന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. വേടന്റേത് നല്ല പ്രതികരണമാണ് തെറ്റ് ന്യായീകരിച്ചതുമില്ല. ആരെയും പോലെ ഓടുകയോ ഒളിക്കുകയോ ചെയ്തതുമില്ലെന്നാണ് ഗായകനെ പിന്തുണച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ.


Click it and Unblock the Notifications











