ജയന്തിയെ പോലെയാണോ അപ്‌സര? ഭാര്യയുടെ വില്ലത്തി വേഷത്തെ കുറിച്ച് ആദ്യമായി സംസാരിച്ച് അപ്‌സരയുടെ ഭര്‍ത്താവ്
മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ സീരിയലുകളില്‍ ഒന്നാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യുവാക്കള്‍ക്കിടയില്‍ പോലും തരംഗമാവാന്‍ സീരിയലിന് സാധിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
കുടുംബ പശ്ചാതലത്തിലൊരുക്കിയ സീരിയല്‍ നാല് സഹോദരന്മാരുടെ സ്‌നേഹബന്ധങ്ങളാണ് കാണിച്ചത്. എന്നാല്‍ സാന്ത്വനത്തിലെ വില്ലത്തി വന്ന് പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ നടി അപ്‌സര രത്‌നാകരന് സാധിച്ചിരുന്നു. ജയന്തി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്.

പരമ്പരയ്ക്ക് പുറത്തും ജയന്തിയായിട്ടാണ് താന്‍ അറിയപ്പെട്ടിരുന്നതെന്ന് അപ്‌സര മുന്‍പും പറഞ്ഞിരുന്നു. ഇപ്പോഴിതാ സാന്ത്വനം ക്ലൈമാക്‌സിലേക്ക് എത്തിയതോടെ ജയന്തിയെ കുറിച്ച് പറയുകയാണ് അപ്‌സരയുടെ ഭര്‍ത്താവും സംവിധായകനുമായ ആല്‍ബി ഫ്രാന്‍സിസ്. സീരിയലിലെ ജയന്തിയുടെ അവസാന നിമിഷം കാണിച്ചതിനെ പറ്റിയും തന്റെ ഭാര്യയുടെ ഏറ്റവും മനോഹരമായ കഥാപാത്രത്തെ കുറിച്ചുമാണ് ആല്‍ബി എഴുതിയിരിക്കുന്നത്.
'ജയന്തി, ഇനിയില്ല... ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് ഏതൊരു അഭിനേതാവിന്റെയും ഭാഗ്യമാണ്. ആ ഭാഗ്യം എന്റെ പ്രിയതമക്ക് ജയന്തിയിലൂടെ കിട്ടിയിരുന്നു. എവിടെ ചെന്നാലും സ്വാന്ത്വനം ജയന്തിയുടെ പരദൂഷണത്തെക്കുറിച്ച് പറഞ്ഞ് ഒന്ന് നുള്ളാും, കൂടെ നിന്ന് ഫോട്ടോയെടുക്കാനും ആളുകള്‍ അപ്‌സരക്കു ചുറ്റും കൂടാറുണ്ടായിരുന്നു...
കോമഡി കഥാപാത്രം ചെയ്ത് മികച്ച ഹാസ്യ നടിക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിനു പുറകെയാണ് ഈ വില്ലത്തി കഥാപാത്രം അപ്‌സരയെ തേടിയെത്തിയത്. ഈ കഥാപാത്രം തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ചെയ്യാനാകുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, ജയന്തിയെ പ്രേക്ഷകര്‍ ഏറ്റെടുത്തതിലും ആ കഥാപാത്രത്തിന്റെ പേരില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചതിനും നന്ദി.
നാട്ടിന്‍പുറത്തെ സാധാരണക്കാരിയായ ഒരു കഥാപാത്രമായിരുന്നു ജയന്തി. ആ കഥാപാത്രത്തെ സൃഷ്ടിച്ച രചയിതാവ് പള്ളാശ്ശേരി സാറിനും, അകാലത്തില്‍ വിട്ടു പിരിഞ്ഞ സംവിധായകന്‍ ആദിത്യനും, നിര്‍മ്മാതാക്കളായ രഞ്ജിത്തേട്ടന്‍, ചിപ്പി ചേച്ചി മറ്റ് സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇന്നുവരെ ജയന്തിയെക്കുറിച്ച് ഞാന്‍ ഒരഭിപ്രായം പറഞ്ഞിരുന്നില്ല. പലരും ചോദിക്കാറുണ്ട്.. ജയന്തിയെ പോലെയാണോ അപ്‌സരയെന്ന്. അപ്‌സരയും ജയന്തിയും തമ്മില്‍ സഹാറ മരുഭൂമിയും അന്റാര്‍ട്ടിക്കയും തമ്മിലുള്ള വ്യത്യാസമുണ്ട്.

പ്രിയപ്പെട്ട ജയന്തീ വിട... എന്റെ ഭാര്യ അഭിനയിച്ചതില്‍ എനിക്കേറെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു ജയന്തി. വളരെയധികം തന്മയത്തത്തോടെ ജയന്തിയെ അവതരിപ്പിക്കാന്‍ അപ്‌സരക്ക് കഴിഞ്ഞു. ഏറെ സങ്കടത്തോടെയാണ് ജയന്തിയുടെ അവസാന രംഗം ഞങ്ങള്‍ രണ്ടു പേരും കണ്ടത്. തന്നില്‍ നിന്ന് ജയന്തി എന്ന കഥാപാത്രം ഒഴിഞ്ഞു പോകുമ്പോള്‍ അപ്‌സരയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
പ്രിയ സംവിധായകന്‍ പത്മരാജന്റെ ' ലോല' എന്ന ചെറുകഥയിലെ അവസാന വരി ഇങ്ങിനെയാണ്. ' നീ മരിച്ചു പോയി എന്ന് ഞാനും, ഞാന്‍ മരിച്ചു പോയെന്ന് നീയും കരുതുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക', ജയന്തി വിട... എന്നുമാണ് ആല്‍ബി കുറിച്ചിരിക്കുന്നത്.
അതേ സമയം അപ്‌സരയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. 'എന്നും അപ്‌സരയെ കണ്ടാല്‍ ജയന്തിയുടെ ഓര്‍മ്മകള്‍ ഉണ്ടാകും എല്ലാവര്‍ക്കും അതല്ലേ ഒരു മികച്ച അഭിനേത്രിയുടെ വിജയം. ഇനിയും ശക്തമായ കഥപത്രങ്ങളിലൂടെ അപ്‌സരക്ക് ജനങ്ങളുടെ മനസ്സില്‍ ഇടം കൊള്ളുന്ന ഒരു റോള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നുവെന്നാണ്', ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.
സാന്ത്വനം സീരിയല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് പരമ്പര അവസാനിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് സാന്ത്വാനം സീരിയലിന്റെ സംവിധായകനായ ആദിത്യന്‍ മരിക്കുന്നത്. പിന്നാലെ പരമ്പരയും നിര്‍ത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.


Click it and Unblock the Notifications











