ഒരു പങ്കാളിയില്ലാത്ത വിഷമം അന്ന് മനസിലാക്കി, പ്രവീണിന് ഫോട്ടോ അയച്ചശേഷം സകലദൈവങ്ങളേയും വിളിച്ചു; അർച്ചന
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരം അഭിനയം വിട്ട് അമേരിക്കയിൽ ഭർത്താവിനും മകനുമൊപ്പം സെറ്റിൽഡാണ്. 2021ലായിരുന്നു അര്‍ച്ചനയുടേയും പ്രവീണിന്റേയും വിവാഹം. യുഎസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2014ല്‍ മനോജ് യാദവുമായിട്ടായിരുന്നു ആദ്യ വിവാഹം.
ഇപ്പോഴിതാ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പ്രവീണിനെ ജീവിത പങ്കാളിയായി തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഓട്ടോമാറ്റിക്കായി പോയ മെസേജാണ് പ്രവീണുമായുള്ള വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും അർച്ചന പറയുന്നു. പ്രവീൺ എനിക്കൊപ്പം നാട്ടിലേക്ക് വന്നിരുന്നു. ജോലി ചെയ്യുന്നതുകൊണ്ട് അധികനാൾ നാട്ടിൽ തുടരാൻ കഴിഞ്ഞില്ല.

അദ്ദേഹം മാത്രം തിരിച്ച് പോയി. പ്രവീൺ കൂടി ഇപ്പോൾ എനിക്കൊപ്പം ഇവിടെ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച പോകുന്നുവെന്ന് പറഞ്ഞാണ് അർച്ചന സംസാരിച്ച് തുടങ്ങിയത്. കൊവിഡ് കാരണമാണ് ഞങ്ങൾ കണ്ടുമുട്ടിയത്. കൊവിഡിന് മുമ്പ് ഞാൻ മൂന്ന് പ്രോജക്ട്സ് ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒന്ന് റിയാലിറ്റി ഷോയായിരുന്നു.
അതിനാൽ തന്നെ തീരെ സമയം ഉണ്ടായിരുന്നില്ല. പെട്ടന്നാണ് കൊവിഡ് വന്നതും ലോക്ക് ഡൗൺ സംഭവിച്ചതും. വീട്ടിൽ തന്നെയായതും. ദൈവമേ എനിക്ക് പാട്നർ ഇല്ലല്ലോയെന്ന ചിന്ത അപ്പോഴാണ് വന്നത്. അതിന് മുമ്പ് വരെ ജോലി തിരക്കിൽ ആയിരുന്നതിനാൽ ലൈഫിൽ ഇത്തരം കാര്യങ്ങളുടെ കുറവുണ്ടെന്നത് എന്നെ അലട്ടിയിരുന്നില്ല. മുമ്പ് എനിക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. ദീപൻ എന്നെ ആ സമയത്ത് ഉപദേശിച്ചു.
ഒരു ഫാമിലി ലൈഫ് ഇല്ലാത്തതാണ് നിന്റെ പ്രശ്നമെന്ന് അവൻ പറഞ്ഞു. ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്. ഞാൻ എന്നും ആഗ്രഹിച്ചിരുന്നത് ഫാമിലി ലൈഫ് ആയിരുന്നു. അങ്ങനെ കല്യാണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങി. മാട്രിമോണിയിൽ അക്കൗണ്ട് തുറന്നു. എല്ലാവർക്കും എന്നെ അറിയാം എന്നതുകൊണ്ട് തന്നെ എനിക്ക് പ്രൊഫൈൽ ഫോട്ടോ ഇടാൻ പോലും മടിയായിരുന്നു.
ഞാൻ അക്കൗണ്ട് തുറക്കുന്നതിന് രണ്ട് മാസം മുമ്പാണ് പ്രവീൺ മാട്രിമോണിയിൽ അക്കൗണ്ട് തുറന്നത്. എനിക്ക് മാട്രിമോണി കൃത്യമായി എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലായിരുന്നു. അതിനിടയിൽ പ്രവീണിന് എന്റെ അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി മെസേജ് പോയി. അത് കണ്ട് പ്രവീൺ നല്ലൊരു റിപ്ലൈ തന്നു. അതിൽ ഞാൻ വീണു. വളരെ ഇംപ്രസീവായിരുന്നു.

പുള്ളിയുടെ സംസാരവും എഴുത്തുമെല്ലാം വളരെ നല്ലതാണ്. മലയാളി ആണെങ്കിലും വളർന്നത് മഹാരാഷ്ട്രയിലാണ്. അതിനാൽ ഹിന്ദി സംസാരിക്കും. അതോടെ എനിക്ക് കൂടുതൽ സന്തോഷമായി. സ്ട്രെയ്റ്റ് ഫോർവേഡുമാണ്. ഫോട്ടോ ചോദിച്ചിട്ട് കൊടുക്കാൻ ഞാൻ ആദ്യം മടിച്ചു. എന്നെ തിരിച്ചറിയുമല്ലോ എന്നതായിരുന്നു ടെൻഷൻ. നിരന്തരമായി ചോദിച്ചപ്പോൾ ഞാൻ ഒരു സെൽഫി അയച്ചു.
അത് കണ്ട് ഓ... അർച്ചനയാണോ എന്ന് പ്രവീൺ ചോദിച്ചിരുന്നുവെങ്കിൽ ഞാൻ ആ പ്രപ്പോസലുമായി മുന്നോട്ട് പോവില്ലായിരുന്നു. ഫോട്ടോ അയച്ചശേഷം എല്ലാ ദൈവങ്ങളേയും വിളിച്ച് പ്രാർത്ഥിച്ചു. എന്റെ പ്രൊഫഷണൽ ലൈഫ് അറിഞ്ഞ് ആരും എന്നെ വിവാഹം കഴിക്കരുതെന്ന് ഉണ്ടായിരുന്നു. പ്രവീണിന് പക്ഷെ ഞാൻ നടിയാണെന്ന് അറിയില്ലായിരുന്നു. പാരന്റ്സാണ് എന്നെ തിരിച്ചറിഞ്ഞത്.
ഞാൻ അഭിനേത്രിയായതുകൊണ്ട് എന്നെ ഇഷ്ടപ്പെട്ടതല്ല പ്രവീൺ. അതാണ് ഞങ്ങളുടെ വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും അർച്ചന പറഞ്ഞു. ഇന്നും ഇരുവരും അയാൻ എന്ന രണ്ട് വയസുകാരന്റെ മാതാപിതാക്കളാണ്. ഗ്ലോറിയ എന്ന വില്ലൻ റോളാണ് അർച്ചനയ്ക്ക് അഭിനേത്രി എന്ന രീതിയിൽ പ്രശസ്തി നേടി കൊടുത്തത്.


Click it and Unblock the Notifications











