അച്ഛന് വലുത് കൈ ഇല്ല, മിഡിൽ ക്ലാസ് ഫാമിലി, പഠിക്കാൻ പോലും പണമില്ല, പൈസയുണ്ടാക്കണമെന്ന ചിന്തയായിരുന്നു; ദീപൻ
നിരവധി സീരിയലുകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് ദീപൻ മുരളി. ബിഗ് ബോസിന്റെ ഒന്നാം സീസണിലാണ് ദീപൻ മത്സരിച്ചത്. ശേഷം നിരവധി ഷോകളിൽ അവതാരകൻ റോളിലും പ്രത്യക്ഷപ്പെട്ടു. പത്ത് വർഷത്തിന് മുകളിലായി മിനിസ്ക്രീനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും തന്റെ പഴയ കാല ജീവിതത്തിലെ സ്ട്രഗിൾസ് ഒന്നും എവിടേയും വെളിപ്പെടുത്തിയിരുന്നില്ല.
ബിഗ് ബോസിൽ ഭാഗമായിരുന്നപ്പോൾ പോലും ജീവിത കഥ പറഞ്ഞപ്പോൾ ഫിൽട്ടറിങ് നടത്തിയിരുന്നു. ഇപ്പോഴിതാ ആദ്യമായി എവിടേയും പങ്കുവെച്ചിട്ടില്ലാത്ത ജീവിത കഥ കൈരള ടിവി കിച്ചൺ മാജിക്കിൽ സംസാരിക്കനെ ദീപൻ മുരളി വെളിപ്പെടുത്തിയിരിക്കുന്നു.

ചെറിയ പ്രായം മുതൽ കണക്കെഴുത്ത് മുതൽ വിറക് വിൽപ്പന വരെയുള്ള ജോലികൾ ചെയ്താണ് ഇന്ന് കാണുന്ന നിലയിലേക്ക് ജീവിതം എത്തിച്ചതെന്ന് ദീപൻ പറയുന്നു. ഞാൻ ഇത് ഒരിടത്തും പറഞ്ഞിട്ടില്ല. വലിയൊരു ഷോയിൽ പങ്കെടുത്തിട്ടും അവർ ലൈഫ് സ്റ്റോറി പറയാൻ പറഞ്ഞിട്ട് പോലും ഞാൻ ഇക്കാര്യം പറഞ്ഞിട്ടില്ല. കാരണം നമ്മുടെ വിഷമങ്ങൾ പറയേണ്ടതില്ലെന്ന രീതിയിലാണ് പറയാതിരുന്നത്. എന്റെ വീട്ടിൽ ഏറ്റവും നന്നായി പഠിക്കുന്നയാൾ ഞാൻ ആയിരുന്നു.
പക്ഷെ പത്താം ക്ലാസിൽ വിചാരിച്ചതുപോലെ എനിക്ക് മാർക്ക് കിട്ടിയില്ല. അതോടെ അച്ഛനും അമ്മയും അമ്മൂമ്മയും എല്ലാം ഡൗണായി. ആ സമയത്ത് പ്ലസ് വണ്ണിന് മാർക്ക് കുറഞ്ഞവർക്ക് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഞാൻ നല്ല മാർക്ക് വാങ്ങിയില്ലെന്നതുകൊണ്ട് തന്നെ എന്നെ പ്ലസ് വണ്ണിൽ ചേർക്കാൻ അവർ ആവേശം കാണിച്ചില്ല.
ഞാൻ ഓപ്പൺ സ്കൂളിലാണ് പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചത്. അപ്പോഴെല്ലാം കലാരംഗത്ത് വരണമെന്ന് എനിക്കുണ്ടായിരുന്നു. പൈസയാണ് ഏറ്റവും വലുതെന്ന ചിന്ത എനിക്കുണ്ടായിരുന്നു. ഒരുപാട് ജോലികൾക്ക് ഞാൻ പോയിട്ടുണ്ട്. ഫിഷ് മാർക്കറ്റിൽ ലേലം നടക്കുന്ന സമയത്ത് കണക്കെഴുത്തുകാരനായി പോയിട്ടുണ്ട്. കൊച്ചിച്ചിന്റെ കടയിൽ അഞ്ഞൂറ് രൂപ ശമ്പളത്തിന് ജോലി ചെയ്തിട്ടുണ്ട്.
പ്രീഡിഗ്രിക്ക് പഠിച്ച പിള്ളേരുടെ മലയാളം നോട്ട്ബുക്ക് വാങ്ങി പഠിച്ച് ഞാൻ പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഫസ്റ്റ് ക്ലാസ് വാങ്ങി. വിറക് കച്ചവടം വരെ ഞാൻ ചെയ്തിട്ടുണ്ട്. എന്റേത് മിഡിൽ ക്ലാസ് ഫാമിലിയാണ്. അച്ഛന്റെ വലുത് കൈ ഇല്ല. അതിന്റേതാ പരിമിതികൾ വീട്ടിലുണ്ടായിരുന്നു. ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു മൂന്നര വർഷത്തോളം അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല.

ആരുടേയും വരുമാനവുമില്ല. ഞാനും അമ്മയും ചേട്ടനും അമ്മൂമ്മയുമുണ്ട്. എവിടെ എങ്കിലും എത്തണം. പൈസയുണ്ടാക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. കോഴി, ആട് എന്നിവയെ എല്ലാം വളർത്തിയിട്ടുണ്ട്. എന്റെ കൂടെ പഠിച്ച കുട്ടികളെല്ലാം ഒരോ പൊസിഷനിൽ എത്തി എനിക്കൊന്നും ആകാൻ പറ്റിയില്ലെന്ന ഇൻസെക്യൂരിറ്റിയുണ്ടായിരുന്നു. കരിയർ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞ് തരാൻ പോലും ആരുമുണ്ടായിരുന്നില്ല.
അങ്ങനെയാണ് ട്രാവൽ ഇന്ത്യ എന്ന സ്ഥാപനത്തിൽ എനിക്ക് ജോലി കിട്ടുന്നത്. അയാട്ടയൊന്നും അറിയില്ലായിരുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാം അത്രമാത്രം. പിന്നീട് എന്റെ കയ്യിൽ ഉണ്ടായിരുന്ന സേവിങ്സ് വെച്ച് മാസ്റ്റർ ഡിപ്ലോമ മൾട്ടിമീഡിയ ആന്റ് ഫിലിം മേക്കിങ് പഠിക്കാൻ പോകുന്നത്. ജോലി ചെയ്തുകൊണ്ടാണ് പഠിച്ചത്. അന്ന് അഞ്ച് ബെസ്റ്റ് സ്റ്റുഡന്റ്സിൽ ഒരാൾ ഞാനായിരുന്നു.
2012ലാണ് ഞാൻ മഴവിൽ മനോരമയിലെ സീരിയലിലൂടെ അഭിനയത്തിലേക്ക് വന്നത്. ഞാൻ ഇത് എവിടേയും പറഞ്ഞിട്ടില്ലെന്ന് ദീപൻ പറയുന്നു. സാന്ത്വനം, തൂവൽസ്പർശം തുടങ്ങിയവയാണ് ദീപൻ ഭാഗമായ പ്രധാന സീരിയലുകൾ.


Click it and Unblock the Notifications











