'കെസ്റ്റർ നഷ്ടപ്പെട്ട സങ്കടം പാച്ചു ഇല്ലാതാക്കി', ആദ്യത്തെ കൺമണിയെ ആരാധകർക്ക് പരിചയപ്പെടുത്തി ഡിംപിൾ
സിനിമാ-സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഡിംപിൾ റോസ്. വിവാഹത്തോടെ സിനിമാ സീരിയൽ രംഗത്ത് നിന്നും ഡിംപിൾ വിട്ട് നിൽക്കുകയാണ്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് ഡിംപിൾ റോസ്. വീടുകളിലെ സ്വീകരണ മുറിയിൽ നുണക്കുഴിയിൽ വിരിയുന്ന മുഖവുമായി ഡിംപിൾ എത്തുമ്പോൾ കാണാൻ കാഴ്ചക്കാരേറെയായിരുന്നു. നടിയും ഭർത്താവ് ആൻസൻ ഫ്രാൻസിസും തങ്ങളുടെ യു ട്യൂബ് ചാനലിലൂടെയാണ് കുടുംബവിശേഷങ്ങളെല്ലാം പങ്കുവെക്കാറുള്ളത്.
Also Read: 'മാലാഖയായി ഒരാൾ സ്വർഗത്തിൽ മറ്റൊൾ അമ്മയ്ക്കൊപ്പം ഭൂമിയിൽ', പാച്ചുവിനൊപ്പം ഡിംപിളിന്റെ ക്രിസ്മസ്
താൻ ഗർഭിണിയാണെന്നും കുഞ്ഞാവയെ കാത്തിരിക്കുകയാണെന്നും യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഡിംപിൾ ആദ്യം വെളിപ്പെടിത്തിയത്. വിവാഹ ജീവിതം ആരംഭിച്ചപ്പോൾ സീരിയൽ അഭിനയം നിർത്തിയതിനാലാണ് വിശേഷങ്ങൾ പങ്കുവെക്കാൻ ഡിംപിൾ പുതിയ യുട്യൂബ് ചാനൽ ആരംഭിച്ചത്. തുടക്കം മുതൽ വലിയ പിന്തുണയാണ് ഡിംപിളിന് പ്രേക്ഷകർ നൽകുന്നത്.

ഗർഭിണിയായിരുന്ന സമയത്ത് അഞ്ചാം മാസം വരെയാണ് ഡിംപിൾ സോഷ്യൽമീഡിയയിൽ സജീവമായിരുന്നത്. പിന്നീട് പെട്ടന്ന് ഡിംപിൾ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് നാല് മാസത്തിന് ശേഷം തിരികെ യുട്യൂബുമായി സജീവമായപ്പോഴാണ് ഏറെനനാളായി സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം ഡിംപിൾ വെളിപ്പെടുത്തിയത്. പ്രസവത്തിനിടയിൽ നേരിട്ട ചില ബുദ്ധിമുട്ടുകളും തുടർന്നുണ്ടായ സംഭവങ്ങളുമാണ് വീഡിയോകൾ ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള കാരണമായി ഡിംപിൾ പറഞ്ഞത്. ആദ്യത്തെ പരിശോധനയിലാണ് ഡിംപിളിന് ഇരട്ടകുട്ടികളാണ് എന്നത് മനസിലായത്. പിന്നീട് അതീവ ശ്രദ്ധയിലായിരുന്നു താരത്തിന്റെ ജീവിതം. ഇരട്ട കുഞ്ഞുങ്ങൾക്കൊപ്പം ജീവിതം സ്വപ്നം കണ്ട ഡിംപിളിന് പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു.

പൂർണ്ണ വളർച്ചയെത്തും മുമ്പ് ഡിംപിളിന് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടി വന്നു. ഒരാളെ ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമായിരുന്നു. നഷ്ടമായ കുഞ്ഞിന്റെ മുഖം പോലും ഡിംപിൾ കണ്ടിട്ടില്ല. കെസ്റ്റർ എന്ന പേരിലാണ് ആ കുഞ്ഞിനെ ഡിംപിൾ ഓർക്കുന്നത്. അവശേഷിച്ച മറ്റൊരു കുഞ്ഞിന്റഎ ജീവൻ നിലനിർത്താൻ പ്രാർഥനകളും മരുന്നുമായി കഴിയുകയായിരുന്നു ഡിംപിളും കുടുംബവും. പാച്ചു എന്ന പേരിലാണ് കൺമണിയെ ഡിംപിൾ ഓമനിച്ച് വിളിക്കുന്നത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞായിരുന്നതിനാൽ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. മൂന്നുമാസക്കാലത്തെ ആശുപത്രി വാസത്തിന് ശേഷം പാച്ചു എന്ന വിളിപ്പേരുള്ള മകനുമായി വീട്ടിലേക്കെത്തിയ ഡിംപിളിന് ഗംഭീര സ്വീകരണമാണ് കുടുംബാംഗങ്ങൾ ഒരുക്കിയത്. അതിന്റെ വീഡിയോയെല്ലാം ഡിംപിൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രസവത്തിന് ശേഷവും ഗർഭക്കാലത്തും അച്ഛനും സഹോദരൻ ഡോണും അദ്ദേഹത്തിന്റെ ഭാര്യ ഡിവൈനും അമ്മയും ഭർത്താവും നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്ന് പലപ്പോഴും ഡിംപിൾ പറഞ്ഞിട്ടുണ്ട്.
Recommended Video

പ്രസവത്തെ കുറിച്ചും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ ഡിംപിൾ ഇപ്പോഴുള്ള മകന്റെ ചിത്രങ്ങളോ വീഡിയോയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. 'മകനെ ഏറ്റവും ബസ്റ്റായി നിങ്ങളെ കാണിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോയോ പുറത്തുവിടാത്തത്' എന്നാണ് മകന്റെ ചിത്രങ്ങൾ ആവശ്യപ്പെട്ടവരോട് ഡിംപിൾ പറഞ്ഞത്. ക്രിസ്മസിനോട് അനുബന്ധിച്ച് തന്റെ ആദ്യത്തെ കൺമണിയെ പരിചയപ്പെടുത്തുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് ഡിംപിൾ. മകനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയാണ് തന്റെ പ്രേക്ഷകർക്കുള്ള ക്രിസ്മസ് സമ്മാനമായി ഡിംപിൾ പങ്കുവെച്ചത്. തന്നെ വിട്ടുപോയ മകൻ കെസ്റ്ററിന് വേണ്ടിയും തന്നോടൊപ്പമുള്ള പാച്ചുവിന് വേണ്ടിയും 'കാവൽ മാലാഖമാരെ' എന്ന ഭക്തി ഗാനവും ഡിംപിൾ വീഡിയോയിലൂടെ ആലപിച്ചു. അമ്മയും മകനും ഒരുപോലെയുണ്ടെന്നും, പാച്ചുവിനെ കണ്ടതിൽ സന്തോഷമുണ്ടെന്നും, ഏറ്റവും കൂടുതൽ കാത്തിരുന്ന ഒന്നായിരുന്നു ഡിംപിളും കുഞ്ഞും ആദ്യമായി ഒരുമിച്ച് വരുന്ന വീഡിയോയെന്നും കമന്റായി ആരാധകർ കുറിച്ചു. നിരവധി പേർ ഡിംപിളിനും മകനും ആശംസകൾ നേരുകയും ചെയ്തു.


Click it and Unblock the Notifications











