'മുപ്പത്തിരണ്ട് വയസിൽ വേർപിരിഞ്ഞു, ഡിവോഴ്സിന്റെ ആവശ്യം വന്നില്ല, എനിക്ക് ഇളക്കം കൂടുതലാണെന്നാണ് അവർ പറയുന്നത്'
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമായിരുന്നു സീരിയൽ താരം ദിവ്യ ശ്രീധറിന്റേത്. സീരിയൽ നടൻ ക്രിസ് വേണുഗോപാലാണ് ദിവ്യയെ വിവാഹം ചെയ്തത്. സ്റ്റീരിയോ ടൈപ്പുകൾ തകർത്തെറിഞ്ഞുള്ള വിവാഹമായിരുന്നതുകൊണ്ട് തന്നെ അന്ന് മുതൽ വലിയ രീതിയിൽ വിമർശനം ദിവ്യ നേരിടുന്നുണ്ട്. ക്രിസ് വേണുഗോപാൽ നര മറയ്ക്കാറില്ലെന്നതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും വയസനായ ക്രിസ്സിനെ പണം കണ്ട് ദിവ്യ കല്യാണം കഴിച്ചുവെന്ന തരത്തിലായിരുന്നു വിമർശിച്ചിരുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ഇരുവരും തമ്മിൽ വലിയ പ്രായ വ്യത്യാസമില്ല. അത് പിന്നീട് ക്രിസ് തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളാണ് ദിവ്യയ്ക്കുള്ളത്. സ്വന്തം മക്കളെന്ന പോലെയാണ് ദിവ്യയുടെ രണ്ട് മക്കളേയും ക്രിസ് സ്നേഹിക്കുന്നത്.

ജീവിക്കുന്നുവെന്ന തോന്നൽ തനിക്ക് വന്നത് ക്രിസ്സിനെ വിവാഹം ചെയ്തശേഷമാണെന്ന് ദിവ്യ തന്നെ പറഞ്ഞിരുന്നു. എല്ലാ പൊതുപരിപാടികളിലും ടിവി ഷോകളിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കാറുള്ളത്. മനസിൽ തോന്നുന്നത് മടി കൂടാതെ പറയുകയും പെരുമാറുകയും ചെയ്യുന്ന രീതിയാണ് ദിവ്യയുടേത് അതിന്റെ പേരിലും ദിവ്യ വിമർശിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ നേരം ദി റൈറ്റ് ടൈം യുട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് നടി. താൻ സന്തോഷിച്ച് നടക്കുന്നതും സംസാരിക്കുന്നതും ഭർത്താവിനും മക്കൾക്കും ഇഷ്ടമാണെന്നും ഒതുങ്ങി ജീവിക്കണമെന്ന് അവർ ഇന്നേവരെ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ദിവ്യ പറയുന്നു. ഞാൻ ചോദിക്കുന്ന ഒരേയൊരു ചോദ്യമേയുള്ളു... മുപ്പത്തിരണ്ട് വയസിലാണ് ഞാൻ ഡിവോഴ്സിന് കൊടുക്കുന്നത്.
ഡിവോഴ്സിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം ഞാൻ ലീഗലി മാരീഡായിരുന്നില്ല. പുള്ളി ആദ്യം ഒരു വിവാഹം കഴിച്ച വ്യക്തിയായിരുന്നതുകൊണ്ട് ഞാനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. എനിക്ക് ഇപ്പോൾ നാൽപ്പത്തിയൊന്ന് വയസാണ്. ഇന്ന് ജീവിച്ചാൽ ജീവിച്ചു എന്നല്ലേ ഉള്ളു. ഇനിയും ഒരു നാൽപ്പത്തിയൊന്ന് വർഷം കൂടി എനിക്ക് ആയുസ് നീട്ടി കിട്ടുമെന്ന് എന്താണ് ഉറപ്പ്.
ആർക്കെങ്കിലും അതിൽ ഉറപ്പുണ്ടോ?. ഒരാൾക്കും ഒരു ഗ്യാരണ്ടിയും പറയാൻ പറ്റില്ലല്ലോ. മുപ്പത്തിരണ്ട് വയസ് വരെ ദൈവം ദാമ്പത്യ ജീവിതം തന്നപ്പോൾ എനിക്ക് ആസ്വദിക്കാനോ എന്നെ സന്തോഷിപ്പിക്കാനോ പറ്റിയില്ല. എന്റെ അത്രയും ചെറിയൊരു പ്രായമാണ് എനിക്ക് നഷ്ടപ്പെട്ടത്. അത് ഇനി ഒരിക്കലും തിരിച്ച് എടുക്കാൻ പറ്റില്ല. ഏട്ടൻ കൊള്ളാം. ക്രിസ് നല്ലൊരു വ്യക്തിയാണ്. പക്ഷെ എനിക്ക് കുറച്ച് ഇളക്കം കൂടുതലാണെന്നാണ് പറയുന്നത്.

ഞാൻ ചാടി ചാടി കളിക്കുന്ന വ്യക്തിയാണ്. അത് എനിക്ക് ഒരിക്കലും മാറ്റാൻ പറ്റില്ല. ഞാൻ ഒന്ന് ഒതുങ്ങി സംസാരിക്കാമെന്ന് വെച്ചാൽ ഏട്ടൻ പറയും ഇത് എന്റെ കുഞ്ഞുമോളല്ലെന്ന്. അമ്മ ഇങ്ങനെയാവണ്ട. അമ്മ എങ്ങനെയാണോ അങ്ങനെയായാൽ മതിയെന്ന് മക്കൾ പോലും പറയും. അമ്മയ്ക്ക് ഈ കുട്ടിക്കളിയെ ചേരൂവെന്ന് പറയും. ഏട്ടനോടും മക്കൾ പറയും. അമ്മ ഇങ്ങനെ മാറണ്ട.
മാറി കഴിഞ്ഞാൽ ഞങ്ങളുടെ അമ്മ അല്ലെന്ന്. സീരിയസായി നിൽക്കുന്ന അമ്മയെ അവർക്കും താൽപര്യമില്ല. സീരിയസായി നിൽക്കുന്ന ഭാര്യയെ തനിക്കും വേണ്ടെന്ന് ഏട്ടനും പറയുമെന്ന് ദിവ്യ പറയുന്നു. ദിവ്യ-ക്രിസ് വിവാഹം ആഘോഷമായിരുന്നു. ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നതുകൊണ്ട് തന്നെ വിവാഹം ആസ്വദിക്കാനൊന്നും ദിവ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.
അതുകൊണ്ട് തന്നെയാണ് ക്രിസ്സുമായുള്ള വിവാഹത്തിന് ദിവ്യ നന്നായി ഒരുങ്ങിയതും റിസപ്ഷൻ അടക്കമുള്ളവ സംഘടിപ്പിച്ച് ആഘോഷമാക്കിയതും. അഭിനയത്തിന് പുറമെ റേഡിയോ അവതാരകൻ, വോയ്‌സ് ആർട്ടിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ മേഖലകളിലും ക്രിസ് വേണുഗോപാൽ കഴിവ് തെളിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications