ആയിരത്തിൽ അധികം സാരികൾ, ഒരിക്കലും ഗുണപിടിക്കില്ലെന്ന് ആ അമ്മ ശപിച്ചു; കാർത്തികയുടെ പ്രതിഫലം കാൽ ലക്ഷം രൂപ?
സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കാർത്തിക കണ്ണൻ. മുപ്പത്തിമൂന്ന് വർഷമായി അഭിനയത്തിൽ സജീവമാണ്. നായകയായി നിരവധി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലത്തി റോളുകളാണ് അഭിനേത്രി എന്ന രീതിയിൽ പ്രശസ്തി നേടി കൊടുത്തത്. ചന്ദനമഴ മുതലിങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ഭാഗമായിട്ടുള്ള നടി സാന്ത്വനം സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സീരിയൽ മേഖലയെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് നടി.
പണ്ടൊക്കെ ഒരുപാട് കഷ്ടപ്പെട്ടാണ് ലൊക്കേഷനുകളിലേക്ക് വന്നിരുന്നത്. ആദ്യമായി നായികയായി അഭിനയിക്കുന്ന സമയത്ത് ട്രെയിനും ഫ്ലൈറ്റും ഒന്നുമില്ല. ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യാനുള്ള പൈസയാണ് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് തരുന്നത്. ഇന്ന് പുതിയ ആളുകൾ വരെ ബെൻസിൽ വന്നിറങ്ങുന്ന കാലമാണ്. ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണ്.

അതിന്റെ ഗുണം നമുക്കുണ്ട്. അന്ന് നായിക ആയിരുന്നിട്ട് പോലും സെറ്റിൽ ഇരിക്കാൻ കസേര കിട്ടിയിട്ടില്ല. മുതിർന്ന താരങ്ങൾ വരുമ്പോൾ നമ്മൾ എഴുന്നേറ്റ് കൊടുക്കും. പക്ഷെ ഇന്നത്തെ കുട്ടികൾ ഒന്നും അങ്ങനെ ചെയ്യില്ല. അവർ അവിടെ തന്നെ അങ്ങനെ ഇരിക്കും. അങ്ങനെ ഒരുപാട് കാര്യങ്ങൾ സീരിയൽ മേഖലകളിൽ മാറിയിട്ടുണ്ട് കാർത്തിക പറഞ്ഞ് തുടങ്ങി. യുട്യൂബിൽ സീരിയൽ നടിമാരുടെ പ്രതിഫലം, വയസ് എന്നിവയെക്കുറിച്ചുള്ള വീഡിയോകൾ കാണാറുണ്ട്.
എന്റെ പ്രതിഫലം കേട്ട് അതിശയിച്ചുപോയി. അവർ പറയുന്നതൊന്നും സത്യമല്ല. നമ്മുടെ അക്കൗണ്ടിലേക്ക് എത്ര രൂപയാണ് വരുന്നതെന്ന് അവർ എങ്ങനെ അറിയാനാണ്. യുട്യൂബുകാർ നുണയാണ് പറയുന്നത്. എനിക്ക് 25000 രൂപയാണ് പ്രതിഫലം എന്നൊക്കെ ചിലർ കൊടുത്ത് കണ്ടിരുന്നു. അത്രയൊന്നും പ്രതിഫലം കിട്ടുന്നില്ല.
മാനസപുത്രിക്ക് ശേഷമാണ് വില്ലത്തി റോൾ ചെയ്ത് തുടങ്ങിയത്. നായികയായിട്ടാണ് അഭിനയം ആരംഭിച്ചത്. എന്നാൽ പിന്നീട് എനിക്ക് കൂടുതലും ലഭിച്ചത് വില്ലത്തിയുടെയും കുശുമ്പത്തിയുടെയും വേഷങ്ങളാണ്. അത്തരം വേഷങ്ങളിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. ഒരു ദിവസം അമ്പലത്തിലെത്തിയപ്പോൾ ഒരു അമ്മ വന്ന് നന്നായി വഴക്ക് പറഞ്ഞു. ഞാൻ ഗുണം പിടിക്കില്ലെന്ന് പറഞ്ഞു. ചെറിയൊരു കുട്ടിയെ ദ്രോഹിക്കുന്ന കഥാപാത്രം ഞാൻ ചെയ്തിരുന്നു.
അത് കണ്ടിട്ടാണ് ആ അമ്മ അങ്ങനെ പ്രതികരിച്ചത്. അടിയൊന്നും കിട്ടിയിട്ടില്ല. ഇപ്പോൾ സാന്ത്വനം എന്ന സീരിയലിലാണ് ഞാൻ അഭിനയിക്കുന്നത്. വിത്ത് മേക്കപ്പിലും വിത്തൗട്ട് മേക്കപ്പിലും ഈ സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഞാൻ സുന്ദരിയൊന്നുമല്ല ആവേറജായിട്ടുള്ള ആളാണ്. സാരിയാണ് ധരിക്കാൻ ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. സീരിയലിൽ അഭിനയിക്കുമ്പോൾ മാത്രമാണ് പട്ടുസാരികൾ ഉടുക്കുന്നത്.

പൊതുവെ സിംപിൾ ലൈറ്റ് ഷെയ്ഡ് സാരികളാണ് ഉടുക്കാറുള്ളത്. അതുപോലെ എന്റെ നെറ്റിയിൽ കാണുന്ന വലിയ പൊട്ടും ഒരു ട്രേഡ് മാർക്കായി മാറി. കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ ദൃഷ്ടിദോഷം മാറാനായി അമ്മ എനിക്ക് വലിയ കറുത്ത പൊട്ടാണ് തൊട്ട് തന്നിരുന്നത്. സ്കൂളിൽ എത്തിയപ്പോഴും അത് തന്നെ തുടർന്നു. പിന്നെ അത് മാറ്റുമ്പോൾ ഒരു പോരായ്മപോലെ തോന്നി. അങ്ങനെ അത് ജീവിതത്തിന്റെ ഭാഗമായി. മൂക്ക് കുത്തിയത് കല്യാണത്തിനുശേഷമാണ്. എന്റെ വീട്ടിൽ സമ്മതമായിരുന്നില്ല.
ഡ്രസ്സിന് അനുസരിച്ച് മൂക്കുത്തി മാറ്റും. പൊട്ടും മൂക്കുത്തിയും കുപ്പിവളകളും ക്രേസാണ്. മുപ്പത്തിമൂന്ന് വർഷമായി ഞാൻ അഭിനയിക്കുന്നുണ്ട്. അപ്പോൾ മുതലുള്ള സാരികളുടെ കലക്ഷൻ എന്റെ കയ്യിലുണ്ട്. എണ്ണം നോക്കിയാൽ ആയിരത്തിന് മുകളിൽ വരും. സാരി പർച്ചേസിങിന് എന്ന് പറഞ്ഞൊരു പോക്കൊന്നും എനിക്കില്ല. യാത്രകൾ പോകുമ്പോൾ ചെറിയ ചെറിയ കടകളിൽ കയറി ഇഷ്ടപ്പെടുന്നത് വാങ്ങും.
ഒരു ഡിസൈനിലുള്ള നാല്, അഞ്ച് കളർ ഒരുമിച്ച് എടുക്കും. അത് പിന്നീട് പല സീരിയലുകളിൽ ഉപയോഗിക്കും. വലിയ വിലയുള്ള സാരികൾ കുറവാണ്. സീരിയലിൽ ഉടുക്കുന്ന സാരികൾക്ക് അഞ്ഞൂറിന് താഴെ മാത്രമെ വിലയുള്ളു എന്നും കാർത്തിക പറയുന്നു.


Click it and Unblock the Notifications