ജീവനും ശ്വാസവുമായ എന്റെ കുഞ്ഞ് പോയി, ഒരുപാട് ആഗ്രഹങ്ങൾ അവനുണ്ടായിരുന്നു; മകന്റെ വേർപാടിനെ കുറിച്ച് ലക്ഷ്മി!
സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് മലയാള മെഗാസീരിയൽ രംഗത്ത് കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി സജീവമായി നിൽക്കുന്ന ലക്ഷ്മി ദേവൻ. ഇതുവരെ പന്ത്രണ്ടിൽ അധികം സീരിയലുകളും നിരവധി സിനിമകളും ചെയ്ത് കഴിഞ്ഞു ലക്ഷ്മി. ഭ്രമണം, കാര്യം നിസ്സാരം തുടങ്ങിയ പരമ്പരകളിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്. അഭിനയത്തിൽ മാത്രമല്ല തിരക്കഥാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
അഭിനേത്രിയായി മാത്രമല്ല നിർമാതാവ് റോളിലും തിളങ്ങിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ആക്ടീവായ ലക്ഷ്മി തന്റെ പേജുകളിൽ ഒരു സങ്കട വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണിപ്പോൾ. തന്റെ മകന്റെ വേർപാടിനെ കുറിച്ചാണ് ലക്ഷ്മിയുടെ കുറിപ്പ്. ദിവസങ്ങൾക്ക് മുമ്പ് മകനെ തനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ലക്ഷ്മി കുറിച്ചു.

അനശ്വർ എന്നാണ് ലക്ഷ്മിയുടെ മകന്റെ പേര്. വാഹനാപകടത്തിലാണ് അനശ്വറിന് ജീവൻ നഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്റെ മോൻ... എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ രക്തം, എന്റെ എല്ലാം... ഇനി എനിക്ക് ഒന്നും വരാൻ ഇല്ല. എൻ്റെ കുഞ്ഞ് ഒന്നും പറയാതെ പോയി. അനശ്വർ... ഒരുപാട് നേടാൻ അവൻ ആഗ്രഹിച്ചു. ഇലക്‌ട്രോണിക്‌സിൽ അവൻ പരീക്ഷണങ്ങൾ നടത്തുമായിരുന്നു. പഠനത്തിനുശേഷം ജപ്പാനിൽ പോകാനും സാങ്കേതിക വിദ്യകളിൽ കൂടുതൽ ഗവേഷണം നടത്താനും എൻ്റെ കുഞ്ഞ് വല്ലാതെ ആഗ്രഹിച്ചു.
ഒന്നും സംഭവിച്ചില്ല. അവൻ പലപ്പോഴും എന്നെ കളിയാക്കാറുണ്ടായിരുന്നു. എൻ്റെ വിഡ്ഢിത്തത്തിന് അവൻ പലപ്പോഴും എന്നെ കളിയാക്കുമായിരുന്നു. എനിക്കുണ്ടായ ഏറ്റവും വലിയ ദുരന്തം ഇതാണ്. എന്നേക്കും എൻ്റെ ഏക മകൻ. ഒരുപാട് പറയാനുണ്ട്. ഒന്നും പറ്റുന്നില്ല. എനിക്ക് നിധിപോലെ കിട്ടിയ കുറച്ച് ഫോട്ടോസുണ്ട്.
അവന് ഫോട്ടോസ് പോസ്റ്റ് ചെയുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് ഞാൻ ചെയ്യാറില്ലായിരുന്നു. ഫോട്ടോ എടുക്കാൻ വിളിച്ചാലും അവൻ വരില്ലായിരുന്നു. ഇനി ഇപ്പോ... എനിക്ക്... അവൻ ഉണ്ട്. വരും... എന്നാണ് ലക്ഷ്മി മകന്റെ വേർപാടിനെ കുറിച്ച് തന്നേ സ്നേഹിക്കുന്നവരെ അറിയിച്ച് കുറിച്ചത്. മകന്റെ നിരവധി പഴയ ഫോട്ടോകളും എന്നേക്കും കാത്തുസൂക്ഷിക്കാൻ എന്നപോലെ കിട്ടിയ ചില വീഡിയോകളും ലക്ഷ്മി പങ്കുവെച്ചു.
അനശ്വറിനേയും ലക്ഷ്മിയേയും അറിയാവുന്നവരും ലക്ഷ്മിയുടെ സീരിയൽ കണ്ടാൽ ഫോളോവേഴ്സായി മാറിയവരുമെല്ലാം നടിയെ ആശ്വസിപ്പിച്ച് എത്തി. അനശ്വറിനെ അടുത്ത് അറിയാവുന്നവർക്കെല്ലാം ആ മകനെ കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു. കമന്റ് ബോക്സ് അതിന് തെളിവാണ്. അനശ്വർ പോയി എന്ന് വിശ്വസിക്കാൻ ഇപ്പോഴും എനിക്ക് പ്രയാസമാണ്. വളരെ മിടുക്കനായ, എഞ്ചിനീയറിങ് പഠിക്കുന്ന, വളരെ സുന്ദരനായ പ്രശാന്തത പ്രസരിപ്പിക്കുന്ന ഒരു കുട്ടി.

ദൈവങ്ങൾക്ക് അസൂയ തോന്നിയോയെന്ന് എനിക്ക് സംശയമുണ്ട്. അവന്റെ വഴി തടയാൻ ഒരു ജീപ്പിൽ ഒരു പിശാചിനെ അയച്ചോയെന്ന് എന്നാണ് ഒരാൾ ലക്ഷ്മിയുടെ മകന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ കുറിച്ചത്. വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ പോരാത്ത ചില ദുഖങ്ങളുണ്ട്. ഇത് അതിലൊന്നാണ്. കാലവും ദൈവവും ലക്ഷ്മിയ്ക്ക് സമാധാനം നൽകട്ടെ എന്നാണ് ആരാധകർ നടിയുടെ ദുഖത്തിൽ പങ്കുചേർന്ന് കുറിച്ചത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഹാപ്പി കപ്പിൾസ് എന്ന സീരിയലിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷമാണ് ഇത്തരമൊരു സിറ്റ്കോമിൽ ലക്ഷ്മി ഭാഗാമാകുന്നത്. ആലീസ് എന്നാണ് ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേര്. കോളജ് വിദ്യാഭ്യാസത്തിനുശേഷം ഇവന്റുകളുടെയും ചാനൽ പ്രോഗ്രാമുകളുടെയും അവതാരക ആയാണ് ലക്ഷ്മി കരിയർ തുടങ്ങിയത്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ബാലാമണിയാണ് ആദ്യ സീരിയൽ. പക്ഷെ പ്രേക്ഷകർ താരത്തെ തിരിച്ചറിഞ്ഞ് തുടങ്ങിയത് കാര്യം നിസ്സാരം, മാനസ മൈന എന്നീ സീരിയലുകളിലെ മുഴുനീള കഥാപാത്രങ്ങളിലൂടെയാണ്.


Click it and Unblock the Notifications











