17 വയസുള്ളപ്പോൾ മോളെ പെണ്ണ് ചോദിച്ച് വന്നു, ജാതി പ്രശ്നമായി, സമ്മർ ഇൻ ബെത്ലഹേമിലെ ഡെന്നീസിനെപ്പോലെ; ഉമ നായർ
വാനമ്പാടി എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഉമ നായർ. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള ഉമയുടെ മകൾ ഗൗരിയുടെ വിവാഹമായിരുന്നു ഒരു മാസം മുമ്പ്. സിംഗിൾ മദറായ ഉമ വളരെ ഭംഗിയായി ആർഭാടപൂർവം തന്നെയാണ് വിവാഹം നടത്തിയത്. വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം വൈറലായിരുന്നു. മരുമകൻ ഡെന്നീസ് കൂടി കുടുംബത്തിന്റെ ഭാഗമായതോടെ തന്റെ മക്കളുടെ എണ്ണം മൂന്നായിയെന്ന് പറയുകയാണ് ഉമ.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മകൾക്കും മരുമകനുമൊപ്പം ഇരുന്ന് വിശേഷങ്ങളെല്ലാം പങ്കിട്ടു. മകൾക്ക് കണ്ടെത്തിയ വരൻ അന്യമതസ്ഥനാണെന്നത് ചിലർക്ക് പ്രശ്നമായിരുന്നുവെന്നും പക്ഷെ മനസുകൾ തമ്മിലുള്ള സ്നേഹത്തിനും ഐക്യത്തിനുമാണ് താൻ പ്രധാന്യം കൊടുത്തതെന്നും ഉമ പറയുന്നു. ആളുകൾക്ക് പരാതി ഇല്ലാത്ത തരത്തിൽ എന്നെ കൊണ്ട് പറ്റും പോലെ മകളുടെ വിവാഹം ഭംഗിയായി ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു.

ഇത്രത്തോളം വിവാഹ വീഡിയോ വൈറലാകുമെന്ന് കരുതിയിരുന്നില്ല. ഭഗവാൻ എല്ലാം ഭംഗിയായി നടത്തി തന്നു. എന്റെ സൗഹൃദങ്ങളും ബന്ധുമിത്രാദികളും എനിക്കൊപ്പം കരുത്തായി നിന്നു. മോൾക്ക് ഇഷ്ടപ്പെട്ട ആളെക്കൊണ്ട് തന്നെ അവളുടെ വിവാഹം നടത്തി കൊടുത്തു. മോന്റെ ജാതി പറഞ്ഞ് ഒരുപാട് പേർ എന്നെ കുറ്റപ്പെടുത്തി. ജാതിക്കും മതത്തിനും അപ്പുറം രണ്ട് വ്യക്തികൾ എങ്ങനെ സ്നേഹിച്ച് ജീവിക്കുന്നുവെന്നതിനാണ് ഞാൻ പ്രധാന്യം കൊടുത്തത്.
ഇനി മുന്നോട്ട് ഒത്തൊരുമിച്ച് ജീവിച്ച് സമൂഹത്തിന് കാണിച്ച് കൊടുക്കേണ്ട ഉത്തരവാദിത്വം ഡെന്നീസിനും ഗൗരിക്കുമാണ്. അവരുടെ കൈകളിലാണ്. ഒമ്പത് വർഷമായി ഡെന്നീസിനെ എനിക്ക് അറിയാം. സുഖകരമായി ജീവിക്കുകയോ എനിക്ക് വേണ്ടി എന്തെങ്കിലും മാറ്റി വെയ്ക്കുകയോ ഞാൻ ചെയ്തിട്ടില്ല.
എല്ലാം മക്കൾക്കും കുടുംബത്തിനും വേണ്ടിയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഞാൻ മരിക്കുന്നത് വരെയെങ്കിലും ദുഖം വരുന്ന കാര്യങ്ങൾ നിങ്ങളിൽ നിന്നും ഞാൻ കേൾക്കാൻ ഇടയാക്കരുതെന്നാണ് ഇരുവരോടും ഞാൻ പറഞ്ഞത്. പ്രശ്നങ്ങൾ ഉണ്ടായാലും മൂന്നാമതൊരാള ഉൾപ്പെടുത്തരുതെന്നും പറഞ്ഞ് കൊടുത്തിട്ടുണ്ട്. ഡെന്നീസ് പതിനേഴ് വയസുള്ളപ്പോഴാണ് ഗൗരിയെ പെണ്ണ് ചോദിച്ച് വന്നത്. അതും ഗൗരിയുടെ അമ്മയായ എന്നോട് നേരിട്ടാണ് ചോദിച്ചത്.
അന്ന് തന്നെ എനിക്ക് ഡെന്നീസിനോട് ഇഷ്ടം തോന്നിയിരുന്നു. മറ്റൊരു തരത്തിലും മോളോട് ഡെന്നീസ് പെരുമാറുകയും ചെയ്തില്ല. എനിക്ക് മോശം വരുന്നതൊന്നും ഡെന്നീസ് ചെയ്തിട്ടില്ല. ഗൗരിയുമായി പുറത്ത് പോകുമ്പോൾ പോലും എന്നോട് ചോദിക്കും. വിവാഹനിശ്ചയം കഴിഞ്ഞിട്ടും അങ്ങനെ തന്നെയായിരുന്നു. സമ്മർ ഇൻ ബെത്ലഹേമിലെ ഡെന്നീസിനെപ്പോലെ എന്റെ ഡെന്നീസും സൂപ്പറാണെന്നും ഉമ പറയുന്നു. വർഷങ്ങളായി ഗൗരിയെ അറിയാം.

അതുകൊണ്ട് കല്യാണം കഴിഞ്ഞപ്പോൾ മാറ്റം വന്നതായി തോന്നിയിട്ടില്ല. അമ്മയെപ്പോലെയും ഭാര്യയെപ്പോലെയുമാണ് ഗൗരി എന്നെ സ്നേഹിക്കുന്നതും എനിക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് തരുന്നതും. പതിനേഴ് വയസിൽ വന്നാണ് ഗൗരിയെ പെണ്ണ് ചോദിച്ചത്. കുറച്ച് കൂടി മുതിർന്നിട്ട് വേണ്ടത് പോലെ ചെയ്ത് തരാമെന്നാണ് അന്ന് അമ്മ പറഞ്ഞതെന്ന് ഡെന്നീസും പറയുന്നു. അച്ഛന്റെ വാത്സല്യവും ഭർത്താവിന്റെ സ്നേഹവും തരുന്ന ഒരാൾ പങ്കാളിയായി വരണമെന്ന് പ്രാർത്ഥിച്ചു.
അതുപോലെ തന്നെ സംഭവിച്ചു. ഒരുപാട് ചലഞ്ചസ് വന്നിട്ടും അമ്മ എന്റെ ഇഷ്ടം നടത്തി തന്നു. അതുകൊണ്ട് തന്നെ നല്ല രീതിയിൽ ജീവിച്ച് അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കും. എടുത്ത് ചാടരുതെന്നും വഴക്കുകൾ നീട്ടി കൊണ്ടുപോകരുതെന്നുള്ള ഉപദേശവുമാണ് വിവാഹ സമയത്ത് അമ്മ നൽകിയതെന്ന് ഗൗരിയും പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞശേഷം അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ഉമ മനസ് തുറന്നു.
ഭർത്താവുമായി വേർപിരിഞ്ഞശേഷം കുഞ്ഞുങ്ങളേയും കൊണ്ട് താമസിക്കാൻ തിരുവനന്തപുരത്ത് ഒരു വീട് കണ്ടെത്താൻ ഞാൻ ഒത്തിരി പ്രയാസപ്പെട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ കള്ളം പറഞ്ഞൊക്കെയാണ് വാടക വീട് അക്കാലത്ത് സംഘടിപ്പിച്ച് എടുത്തത്.
ഫാമിലിയായി താമസിക്കുന്നവർക്ക് മാത്രമെ വീട് കൊടുക്കൂവെന്നാണ് ചോദിക്കുമ്പോഴെല്ലാം എല്ലാവരും പറയുന്നത്. എന്റെ അച്ഛനും അമ്മയും അടക്കം വന്ന് സംസാരിച്ചിട്ടും വീട് കിട്ടാതെ പോയിട്ടുണ്ട്. ഞാൻ ജോലിയുടെ ആവശ്യത്തിനാണ് തിരുവനന്തപുരത്ത് താമസിക്കാൻ പോയത്. അതുകൊണ്ട് തന്നെ ഉപേക്ഷിച്ച് പോരാനും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും അനുഭവങ്ങൾ പങ്കിട്ട് ഉമ പറഞ്ഞു.


Click it and Unblock the Notifications