അവിടെ നിന്ന് ഒന്നുമല്ലാതെ എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു, എന്റെ മരണം അവർ മറ്റുള്ളവരോട് പറയുന്നത് കേട്ടു; യമുന
മലയാള സീരിയൽ രംഗത്ത് സഹനടി റോളുകളിൽ കുറച്ച് അധികം വർഷങ്ങളായി തിളങ്ങി നിൽക്കുന്ന നടിയാണ് യമുന റാണി. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചന്ദനമഴ സീരിയലിലെ കഥാപാത്രത്തിനാണ് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത്. ബിഗ് ബോസിലും ഭാഗമായിട്ടുള്ള യമുന രണ്ട് വർഷം മുമ്പാണ് വീണ്ടും വിവാഹിതയായത്. ആദ്യ വിവാഹം തകർന്നശേഷം രണ്ട് പെൺമക്കളുമായി ഏറെക്കാലം ഒറ്റയ്ക്കായിരുന്നു യമുന ജീവിച്ചിരുന്നത്.
ശേഷമാണ് ദേവൻ യമുനയുടെ ജീവിതത്തിലേക്ക് വരുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ യമുന പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൈരളി ടിവിയിൽ സെലിബ്രിറ്റി കിച്ചൺ മാജിക്ക് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ യമുന വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും തനിക്ക് വേണ്ടി എന്ന് പറഞ്ഞ് ഒരു ചെറിയ നിക്ഷേപം എല്ലാവരും കരുതണമെന്ന് യമുന പറയുന്നു. തന്റെ മരണം ആഘോഷിക്കാൻ കാത്തിരുന്ന കുറേപ്പേരുണ്ടെന്ന് യമുന പറയുന്നു. പണ്ടത്തെപ്പോലെയല്ല ഇന്ന്. ജോലിക്ക് ഒരുപാട് പൈസ പ്രതിഫലമായി കിട്ടുന്നുണ്ട്. പക്ഷെ ഞാൻ പണ്ട് അഭിനയിച്ചിരുന്ന സമയത്ത് എനിക്ക് പ്രതിഫലമായി കിട്ടിയത് 500 രൂപയാണ്.
ഞാൻ അന്ന് അഭിനയിച്ച് തുടങ്ങിയ സമയമായിരുന്നു. ഇപ്പോൾ വരുന്ന ആളുകൾക്ക് എന്തായാലും അതിനേക്കാൾ നല്ല എമൗണ്ട് കിട്ടുന്നുണ്ട്. ഫാമിലിക്ക് വേണ്ടിയോ ആർക്ക് വേണ്ടിയോ പണം മുടക്കിയാലും നമുക്ക് വേണ്ടി എവിടെ എങ്കിലും ഒരു അക്കൗണ്ട് തുറന്ന് ഒരു രൂപ എങ്കിലും മാറ്റിവെക്കണം. എന്റെ അനുഭവത്തിൽ നിന്നും ഞാൻ പഠിച്ച ഒരു പാഠമാണ് അത്. എല്ലാവരും അത് തീർച്ചയായി ചെയ്യണം.
അതുകൊണ്ട് തന്നെ എന്റെ രണ്ട് മക്കൾക്കും ഞാൻ ഒരു അക്കൗണ്ട് എടുത്ത് കൊടുത്തിട്ടുണ്ട്. എനിക്ക് അക്കൗണ്ടുണ്ട്. കാരണം അഭിനയിച്ച് കിട്ടുന്ന കാശ് അതിലേക്കാണ് വരുന്നത്. പക്ഷെ എന്നിരുന്നാലും എനിക്കെന്ന് പറഞ്ഞ് ഒരു തുക മാറ്റിവെക്കാൻ ഇതുവരെ പറ്റിയിട്ടില്ല. അവസാന സമയത്ത് നമുക്ക് നമ്മളെ ഉണ്ടാവുകയുള്ളു. അതുകൊണ്ട് നമുക്കായി എന്തെങ്കിലുമൊക്കെ കരുതി വെക്കണം.
എനിക്ക് അമ്പത് വയസായി. മക്കളെ ഇവിടെ വരെ എത്തിക്കാൻ പറ്റി. അവരെ ഇവിടെ വരെ എങ്കിലും എത്തിക്കാൻ പറ്റിയല്ലോയെന്ന് ഓർത്ത് ആശ്വസിക്കുന്നു. എന്റെ മരണം ആഘോഷിക്കാൻ കാത്തിരുന്ന കുറേപ്പേരുണ്ട്. എന്റെ മരണം ചിലർ ഫോണിൽ കൂടി വിളിച്ച് മറ്റ് വ്യക്തികളോട് പറയുന്നത് ഞാൻ കേട്ടു. അതൊക്കെ താണ്ടി വരണമെന്നത് എന്റെ തലവിധിയായിരിക്കും. അതെല്ലാം കടന്ന് വന്ന് ഞാൻ ഇവിടെ ഇരിക്കുന്നു.

അതാണ് ഞാൻ പറഞ്ഞത് കുട്ടികളെ ഇത്രത്തോളം വളർത്തികൊണ്ട് വരാൻ എനിക്ക് കഴിഞ്ഞല്ലോയെന്ന്. യങ് ജനറേഷനോട് പറയാനുള്ളത് ഇതാണ്. സമ്പാദ്യം ചിലപ്പോൾ പെട്ടന്ന് നമുക്ക് ഒരുപാട് വരും. എന്നിരുന്നാലും കൂടെ നിൽക്കുന്നവർ എന്നും നമുക്ക് ഒപ്പം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് നമുക്ക് വേണ്ടി ഒരു രൂപ എങ്കിലും എവിടെ എങ്കിലും മാറ്റിയിട്ടേക്കണം. സ്വന്തം പേരിൽ ഒരു വീട് വേണമെന്ന ആഗ്രഹം എനിക്കുണ്ട്. അത് എന്റെ വലിയ ആഗ്രഹമാണ്.
സ്വന്തം അധ്വാനത്തിൽ നിന്നും മുടക്കി പലതും ചെയ്തിട്ടും അവിടെ നിന്ന് എല്ലാം ഒന്നുമല്ലാതെ എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു. അതുകൊണ്ടാണ് സ്വന്തം പേരിൽ ഒരു വീട് വേണമെന്ന് ആഗ്രഹം വന്നത്. വയസാം കാലത്ത് ആരും എന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകൂവെന്ന് എന്നോട് പറയരുത്.
ആ വാക്ക് ഇനി എന്റെ ലൈഫിൽ കേൾക്കാൻ ഇടവരുത്തില്ല. അതുകൊണ്ട് ഒരു മുറി എങ്കിലും എവിടെ എങ്കിലും എനിക്കായി പണി കഴിപ്പിച്ച് ഇടണമെന്ന വലിയ ആഗ്രഹമുണ്ട്. മക്കളുണ്ടെങ്കിലും നാളെ അവർ എന്തായിരിക്കും പറയുകയെന്ന് അറിയില്ലല്ലോയെന്നും യമുന പറയുന്നു.


Click it and Unblock the Notifications