വയ്യാതെ മറിഞ്ഞ് വീണിട്ടും മൈന്റ് ചെയ്തില്ല, ഞാൻ ആദിത്യന്റെ രണ്ടാം ഭാര്യയാണ് എന്നെല്ലാം അവർ പറഞ്ഞ് നടന്നു; രോണു
സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ ശ്രദ്ധനേടിയ സംവിധായകൻ ആദിത്യൻ രണ്ട് വർഷം മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശിയായ ആദിത്യൻ ഏറെക്കാലമായി തിരുവനന്തപുരത്ത് ആയിരുന്നു താമസം. വേർപാട് സംഭവിച്ചശേഷം ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാര്യ രോണു വ്യക്തമാക്കി.
ആ സമയത്ത് പലരും തന്റെ മേലും സത്യാവസ്ഥ അറിയാതെ പഴിചാരിയിരുന്നുവെന്നും രോണു പറയുന്നു. ചേട്ടന് ഇടയ്ക്കിടെ നെഞ്ച് എരിച്ചിൽ വരാറുണ്ട്. അസിഡിറ്റി പ്രശ്നങ്ങളുണ്ട്. ഇടയ്ക്ക് ജെലൂസിൽ കഴിക്കും. ചില രാത്രികളിൽ ഛർദ്ദിച്ച് വീണ് കിടക്കും. ചേട്ടന് നെഞ്ച് വേദന വന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ വഴക്കുണ്ടായതുകൊണ്ട് മറ്റൊരു മുറിയിലാണ് ഞാൻ കിടന്നത്.

എന്നും വരാറുള്ള നെഞ്ച് വേദനയാണെന്ന് ഞാൻ കരുതി. ചൂട് വെള്ളം തിളപ്പിക്കാൻ അടുക്കളയിലേക്ക് പോയി. അതിനിടയിൽ കൃഷ്ണാ... കൃഷ്ണാ എന്ന് വിളിക്കുന്നത് ഞാൻ കേട്ടു. ഉടനെ ഓടി ചെന്നു. കണ്ണൊക്കെ മറഞ്ഞിരുന്നു. ബിപി ലോ ആയെന്ന് കരുതി. ആശുപത്രിയിൽ കൊണ്ടുപോകാൻ ചേട്ടനെ എഴുന്നേൽപ്പിക്കാൻ നോക്കി. ഒറ്റയ്ക്ക് പിടിച്ച് പൊക്കാൻ എനിക്ക് കഴിഞ്ഞില്ല.
മകൻ കൂടി വന്നാണ് ചെറുതായി ഉയർത്തിയത്. അപ്പോഴേക്കും ചേട്ടന്റെ രണ്ട് സുഹൃത്തുക്കൾ വന്നു. നെഞ്ച് വേദന ആരംഭിച്ചപ്പോൾ എന്നെ വിളിക്കും മുമ്പ് ചേട്ടൻ സുഹൃത്തുക്കളെ വിളിച്ചിരുന്നു. അത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എനിക്ക് വിഷമമായി. മാത്രമല്ല കാറുണ്ടായിട്ടും ഞാൻ ചേട്ടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചില്ല, വയ്യാത്ത വ്യക്തിയെ മൈന്റ് ചെയ്തില്ല എന്നൊക്കെ പിന്നീട് പ്രചരിച്ചു.
അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വന്നപ്പോൾ ഭാരം കാരണം ചേട്ടൻ എന്റെ കയ്യിൽ നിന്നും പിടിവിട്ട് വീണു. അത് കണ്ടാണ് കൂട്ടുകാർ അവിടേക്ക് വന്നത്. അവർ കരുതി മറിഞ്ഞ് വീണ് കിടന്നിട്ടും ഞാൻ മൈന്റ് ചെയ്യാതെ ഇട്ടേക്കുകയാണെന്ന്. അതും എനിക്ക് നെഗറ്റീവായി. എല്ലാത്തിനും സാക്ഷിയായി മകൻ അവിടെ ഉണ്ടായിരുന്നു. ചേട്ടനെ സുഹൃത്തുക്കൾ ചേർന്ന് വേഗം കാറിൽ കയറ്റി.
അവർ നാലുപേരുണ്ടായിരുന്നു. പക്ഷെ പ്രചരിച്ചത് ഞാൻ ആദിത്യനൊപ്പം കാറിൽ കയറാൻ മടിച്ചുവെന്ന തരത്തിലാണ്. കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അതാണ് കാരണം. അതുപോലെ സീരിയൽ സംവിധായകൻ ടി.എസ് സജി എന്നെ കുറിച്ച് പറഞ്ഞത് ഞാൻ ആദിത്യന്റെ രണ്ടാം ഭാര്യയാണെന്നാണ്. അങ്ങനെ പറയുമ്പോൾ അയാൾ മോശമാക്കുന്നത് ഉറ്റ സുഹൃത്തായിരുന്ന ആദിത്യന്റെ ക്യാരക്ടറിനേയല്ലേ?.

അയാളും എന്റേയും ചേട്ടന്റെയും പ്രശ്നങ്ങൾക്കിടയിൽ ഇടപെട്ടിരുന്നു. ആദ്യമൊക്കെ ഞാൻ ഇതിനെയെല്ലാം എതിർത്ത് മറുപടി പറയുമായിരുന്നു. പിന്നീട് ഞാൻ അത് നിർത്തി. കാരണം എനിക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടുവെന്നും രോണു പറയുന്നു. ഞാൻ ഇപ്പോൾ ചെറിയ ജോലി ചെയ്യുന്നുണ്ട്. വെഡ്ഡിങ് കാർഡ്സിൽ റിബ്ബൺ കെട്ടുകയാണ് ചെയ്യുന്നത്. ഡെലിവറി ഗേളുമാണ്. മക്കൾ രണ്ടുപേരും പഠിക്കുകയാണ്. ഫ്രട്ടേണിറ്റി സഹായിച്ചിരുന്നു.
ആദിത്യൻ ജയൻ ചേട്ടനാണ് അതിന് സഹായിച്ചത്. വിദേശത്തുള്ള ഒരു സാറാണ് പത്ത് മാസത്തോളം വീടിന്റെ വാടക കൊടുക്കാൻ എന്നെ സഹായിച്ചത്. അതും ജീജ ചേച്ചി വഴി കിട്ടിയ സഹായമാണ്. ഫ്രട്ടേണിറ്റി രണ്ട് ലക്ഷം രൂപയാണ് തന്നത്. മക്കളുടെ ഫീസ് അടക്കാൻ രണ്ട് ടേമിൽ എന്നെ സഹായിച്ചത് ചിപ്പി ചേച്ചിയാണ്.
സുചിത്രയുമായുള്ള ചേട്ടന്റെ വിഷയം ഇവർക്കെല്ലാം അറിയാമായിരുന്നു. പക്ഷെ എന്നോട് വന്ന് ചോദിച്ചിട്ടില്ല. അന്ന് അവരെല്ലാം ഒന്നായിരുന്നു. ഞാൻ പുറത്തായിരുന്നു എന്നും ആദിത്യൻ മരിച്ച ദിവസം നടന്ന സംഭവങ്ങൾ വിവരിച്ച് രോണു പറഞ്ഞു.


Click it and Unblock the Notifications











