'തളർന്ന് വീണ് ബാലൻ, ജയന്തിയെ മാത്രമല്ല ഇപ്പോൾ അപ്പുവിന്റെ അപ്പച്ചിയേയും വെറുത്ത് തുടങ്ങി'; സാന്ത്വനം ആരാധകർ!
കുടുംബബന്ധങ്ങളുടെ സങ്കീർണതകളെക്കുറിച്ച് സംസാരിക്കുന്ന പരമ്പരയാണ് സാന്ത്വനം. കാര്യമായി പുതുമ അവകാശപ്പെടാനില്ലാത്ത കഥയെ പുതുമ തോന്നുന്ന സന്ദർഭങ്ങളിലൂടെ അവതരിപ്പിച്ച് പുതിയ തലമുറയുടെ അടക്കം ഹൃദയത്തിൽ കയറാൻ പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. കൃഷ്ണ സ്റ്റോഴ്‌സ് എന്ന ചെറിയൊരു പലചരക്ക് കട നടത്തുന്ന ഒരു കുടുംബമാണ് സാന്ത്വനത്തിലുള്ളത്. വീട്ടിലെ സഹോദരന്മാരെല്ലാം കടയുടെ ഭാഗമായാണ് ജീവിക്കുന്നതും. നോക്കി നടത്തുന്നത് വലിയ ഏട്ടനായ ബാലചന്ദ്രൻ ആണെങ്കിലും ഇളയവരായ ഹരിയും ശിവനും സഹായത്തിനായി എപ്പോഴും കടയിലുണ്ട്. ചിലപ്പോഴൊക്കെ കോളേജിൽ പഠിക്കുന്ന അനിയനായ കണ്ണനും കടയിലെത്താറുണ്ട്.
കുടുംബ ബന്ധങ്ങളുടെ ആഴം മനോഹരമായി പറഞ്ഞുപോകുന്ന പരമ്പര റേറ്റിംഗിലും മുന്നിൽ തന്നെയാണ്. മിക്ക ഇന്ത്യൻ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പര പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന തമിഴ് പരമ്പരയുടെ റീമേക്ക് ആണ് സാന്ത്വനം. പരമ്പരയിലെ എല്ലാ താരങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണുള്ളത്. ശിവാഞ്ജലിയും ഹരിയും അപ്പുവുമെല്ലാം സ്‌ക്രീനിനകത്തും പുറത്തും വലിയ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ചെറിയൊരു ഇടവേളയ്ക്കുശേഷം ശിവാഞ്ജലിയുടെ പ്രണയത്തിലേക്കും മറ്റും കടന്നിരിക്കുകയാണ് പരമ്പര.

സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾ രസകരമായാണ് മുന്നോട്ടുപോകുന്നത്. കാലങ്ങൾക്കുശേഷം ശിവനും അഞ്ജലിയും ഒന്നിച്ചുള്ള പ്രണയനിമിഷങ്ങൾ സോഷ്യൽമീഡിയയിലും വൈറലായിട്ടുണ്ട്. ശിവാഞ്ജലിയുടെ ഇടയിലേക്ക് കട്ടുറുമ്പായി വരുന്ന കണ്ണനെ ശിവനും അഞ്ജലിയും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. പ്രണയാർദ്രമായ നിമിഷങ്ങൾ സാന്ത്വനത്തിൽ വീണ്ടും തുടങ്ങിയതോടെ സോഷ്യൽമീഡിയയിലും പരമ്പര വീണ്ടും തരംഗമായിരിക്കുകയാണ്. ശിവാഞ്ജലി ഒന്നിച്ച് സ്‌ക്കൂട്ടിയിൽ പോകുന്ന രംഗങ്ങളും, കടയിലെ പ്രണയവുമെല്ലാം ആരാധകർ സ്റ്റാറ്റസും സ്റ്റോറിയുമെല്ലാമാക്കുന്നുണ്ട്. ഇപ്പോൾ സീരിയലിന്റെ പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ശാരീരിക അസ്വസ്ഥതകൾ മൂലം തളർന്ന് വീഴുന്ന ശിവനാണ് പുതിയ പ്രമോയിലുള്ളത്. അതിനിടയിൽ കുത്തിതിരിപ്പുമായി അപ്പുവിന്റെ അപ്പച്ചിയും സാന്ത്വനത്തിലുണ്ട്. അപ്പുവിനെ സാന്ത്വനത്തിൽ നിന്നും അകറ്റി ഹരിയേയും കൂട്ടി അമരാവതിയിലേക്ക് തിരികെ പോകുക എന്ന ലക്ഷ്യത്തോടെയാണ് തമ്പിയും രാജലക്ഷ്മിയും സാന്ത്വനത്തിൽ എത്തിയത്.

സാന്ത്വനത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് തമ്പി രാജലക്ഷ്മിയെ സാന്ത്വനത്തിൽ നിർത്തി മടങ്ങിയത്. അപ്പുവിന് ചേർന്ന ഭർത്താവല്ല ഹരിയെന്ന് വന്നപ്പോൾ മുതൽ രാജലക്ഷ്മി ഹരിയോടും സാന്ത്വനത്തിലെ മറ്റ് അംഗങ്ങളോടും പറയാതെ പറയുന്നുമുണ്ട്. ഇപ്പോൾ ഇറങ്ങിയ പുതിയ പ്രമോയിൽ കടയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകാൻ ഇറങ്ങിയ ബാലൻ തളർന്ന് വീഴുന്ന രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബാലന്റെ അവസ്ഥ കണ്ട് ഹരിയ ബാലന്റെ ജോലി ഏറ്റെടുക്കാമെന്ന് പറയുന്നുമുണ്ട്. എന്നാൽ അപ്പു അപ്പച്ചിയുടെ വാക്കുകേട്ട് കുത്തിതിരിപ്പുണ്ടാക്കി ഹരിക്കും അപ്പുവിനും ഇടയിൽ പുതിയ വഴക്കിന് വഴിവെട്ടുകയാണ്. രാജലക്ഷ്മിയുടെ പെരുമാറ്റവും അപ്പുവിന്റെ സംസാരവും ശ്രദ്ധയിൽപ്പെട്ട ബാലന് ചില സംശയങ്ങൾ ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്.
Recommended Video

അത് ഭാര്യ ശ്രീദേവിയോട് ബാലൻ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. രാജലക്ഷ്മിയുടേയും തമ്പിയുടേയും ഉദ്ദേശം സാന്ത്വനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ബാലൻ മനസിലാക്കുന്നുണ്ട്. അതേ സമയം രാജലക്ഷ്മി എന്ന പുതിയ കഥാപാത്രം വന്നതിൽ പ്രേക്ഷകർക്ക് അതൃപ്തിയുണ്ട്. ആ കഥാപാത്രം അനാവശ്യമാണെന്നും ജയന്തിയുടെ വെറുപ്പിക്കൽ തന്നെ സഹിക്കാവുന്നതിലും അപ്പുറമാണെന്നും പിന്നെന്തിനാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ മാത്രം സൃഷ്ടിക്കുന്ന ഒരു കഥാപാത്രത്തെ കൂടി കൊണ്ടുവന്നത് എന്നാണ് സീരിയൽ ആരാധകർ ചോദിക്കുന്നത്. സാന്ത്വനത്തിലെ നല്ല നിമിഷങ്ങൾ കാണാനാണ് എന്നും ആഗ്രഹിക്കുന്നതെന്നും രാജലക്ഷ്മി എന്ന കഥാപാത്രം അനാവശ്യമാണെന്നും സീരിയൽ പ്രേക്ഷകർ പുതിയ പ്രമോയ്ക്ക് കമന്റായി കുറിച്ചു.


Click it and Unblock the Notifications