'തെറിച്ച് വീണയാൾ ജീവന് വേണ്ടി പിടയുമ്പോൾ സിദ്ധാർത്ഥ് കാണിച്ച ഷോ, ആളുകൾ കയ്യും കെട്ടി നോക്കി നിൽക്കണോ?'
സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ചുണ്ടായ അപകടത്തിൽ നടനെതിരെ ആരോപണങ്ങളുമായി ദൃക്സാക്ഷിയായ സ്ത്രീ. അപകടം നടന്ന ശേഷം മോശമായാണ് സിദ്ധാർത്ഥ് പെരുമാറിയതെന്നും അത് കൊണ്ടാണ് ചുറ്റും കൂടിയവർ പ്രതികരിച്ചതെന്നും ഇവർ പറയുന്നു. എന്റെ പേര് ഐശ്വര്യ ലക്ഷ്മി എന്നാണ്. ആർക്കുമെന്നെ അറിയാൻ സാധ്യതയില്ല. ഇന്നലെ ഞാനൊരു ആക്സിഡന്റ് എന്റെ കണ്മുന്നിൽ കണ്ടു. കോട്ടയം ലുലുവിൽ നിന്നും ഞാൻ വരുന്ന സമയത്ത് സിദ്ധാർത്ഥ് എന്ന നടൻ ഓടിച്ച കാർ ഇടിച്ച് ഒരാൾ തെറിച്ച് വീണു. ഒരുപാട് നടന്മാരും നടികളും ഇത് ന്യായീകരിച്ചുള്ള വീഡിയോകൾ കണ്ടു. നിങ്ങൾ വിചാരിക്കുന്നത് സെലിബ്രിറ്റി ആയത് കൊണ്ട് സാധാരണക്കാരന് കെെ വെക്കാൻ അവസരം കിട്ടിയപ്പോൾ ചെയ്തെന്നാണ്. ഒരിക്കലും അല്ല.
ജെറ്റ് വരുന്നത് പോലെയാണ് ഈ കാർ വന്നത്. സെെഡിൽ കൂടെ നടന്ന് പോയ ആളെ ഇടിച്ച് തെറിപ്പിച്ച്, നടുവിലുള്ള ലെെനിന്റെ ഇപ്പുറത്ത് വീണു. രക്തത്തിൽ കുളിച്ച് വളഞ്ഞ് കിടക്കുകയാണ്. അത് കണ്ട ഞാൻ രണ്ട് ചെവിയും പൊത്തി അലറുകയായിരുന്നു. വെയിറ്റിംഗ് ഷെഡിന്റെ സെെഡിൽ ഇടിച്ചിരുന്നു. അവിടെ നിന്നിരുന്ന ഒരാൾ ചാടി. അതുകൊണ്ട് അയാൾ രക്ഷപ്പെട്ടു. ആൾക്കാർ അപകടം പറ്റിയ ആളെയാണ് നോക്കിയത്. തൊടാൻ തന്നെ ഭയം. പിടിച്ചെഴുന്നേൽപ്പിക്കാൻ പറ്റുന്ന അവസ്ഥയല്ല.

അയാളുടെ ബാക്കിലാണ് ഇടിച്ചത്. നിങ്ങളുടെ അച്ഛനോ ഭർത്താവിനോ ഈ അവസ്ഥയുണ്ടായാൽ നിങ്ങൾ സഹിക്കുമോ. കാറിൽ നിന്ന് ഇറങ്ങിയ മാന്യന് (സിദ്ധാർത്ഥ് പ്രഭു) നിൽക്കാൻ പോലും വയ്യ. ഇടിച്ച് ഇത്രയും ആൾ കൂടുമ്പോൾ ഇവനെന്താണ് ചെയ്യേണ്ടത്. കുറഞ്ഞത് ഒരു സോറി, എനിക്ക് പറ്റിപ്പോയി, നമുക്ക് ആശുപത്രിയിൽ കൊണ്ട് പോകാം എന്നാണ് പറയേണ്ടത്. പക്ഷെ അവൻ അവിടെ കാണിച്ച ഷോ. അവന്റെ വായിൽ നിന്ന് വന്ന വാക്കുകൾ.
അവൻ ആളുകളെ തൊഴിക്കുകയും ചെയ്തു. അപ്പോൾ പിന്നെ ആളുകൾ കയ്യും കെട്ടി നോക്കി നിൽക്കണോ. ഞാനിന്നും അതിൽ നിന്ന് റിക്കവറായിട്ടില്ല. ഇത് അറിയാതെ പറ്റിയ അബദ്ധമൊന്നുമല്ല. കുടിച്ച് വെളിവ് കെട്ടിരുന്നു. സെലിബ്രിറ്റി ആയത് കൊണ്ടല്ല അവനെ ഇങ്ങനെ ചെയ്തത്. ആര് ചെയ്താലും സമൂഹം ഇങ്ങനെ തന്നെ പ്രതികരിക്കുമെന്നും ഐശ്വര്യ ലക്ഷ്മി തുറന്നടിച്ചു. പരിക്കേറ്റയാളെ ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുമ്പോൾ ആളുകളെ ഇവൻ ചവിട്ടുകയായിരുന്നു. അവനെ ആരും പിടിച്ച് കിടത്തിയതല്ല. അവൻ തന്നെ കുഴഞ്ഞ് കിടന്നതാണ്. അവന് നിൽക്കാൻ വയ്യായിരുന്നെന്നും ഈ സ്ത്രീ പറയുന്നു.
സിദ്ധാർത്ഥിന്റെ ലെെസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. സോഷ്യൽ മീഡിയയിൽ സിദ്ധാർത്ഥിനെ ജനം ആക്രമിച്ചത് ശരിയായില്ലെന്ന് കമന്റുകൾ വന്നിരുന്നു. പുറത്ത് വന്ന വീഡിയോയിൽ ഒരാൾ സിദ്ധാർത്ഥിന്റെ കഴുത്തിൽ പിടിച്ച് മുറുക്കുന്നത് കാണാം. കോട്ടയം എംസി റോഡിൽ വെച്ച് ബുധനാഴ്ച രാത്രി8.30 ഓടോയൊണ് സംഭവമുണ്ടായത്.


Click it and Unblock the Notifications











