ഒരു ബിഗ് ബോസ് എപ്പിസോഡും കണ്ടിട്ടില്ല, വിഷമമുണ്ട്; ആദിലയോടും നൂറയോടും അടുത്തത് ഗെയിം: ഷാനവാസ്
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ആദിലയും നൂറയും ഷാനവാസിനോട് കാണിച്ച സൗഹൃദം ഏറെ ചർച്ചയായിരുന്നു. ഈ കോംബോ മൂവർക്കും ഒരു ഗുണവും ചെയ്തിട്ടില്ല. പുറമേക്ക് പറയുന്നതല്ലാതെ ഇവർക്ക് പരസ്പരം ആത്മാർത്ഥതയില്ലെന്ന വിമർശനം പ്രേക്ഷകരിൽ നിന്നും വന്നു. ഇപ്പോഴിതാ ആദിലയെയും നൂറയെയും കുറിച്ച് സംസാരിക്കുകയാണ് ഷാനവാസ്. താൻ അവരെ കണ്ടത് പോലെയല്ല അവർ തന്നെ പരിഗണിച്ചതെന്ന കാര്യത്തിൽ ചെറിയ വിഷമമുണ്ടെന്ന് ഷാനവാസ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ആദിലയെയും നൂറയെയും ഞാൻ ചേർത്ത് നിർത്തിയത് ഗെയിമിന്റെ ഭാഗമായാണ്. ഞാനവിടെ പൊട്ടൻ കളിക്കാൻ പോയതല്ല. വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഗെയിം എനിക്ക് മനസിലായി. ഗെയിമിന്റെ ഭാഗമായിട്ട് തന്നെയാണ് അവരെയാെക്കെ കൂട്ടുപിടിച്ചത്. ആദിലയും നൂറയുമായി പെങ്ങൾ പാസം കളിച്ചതൊന്നുമല്ല. എന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ വന്നതാണ് അനീഷ്. അവനെ ഞാൻ ഒറ്റ തിരിഞ്ഞ് തന്നെ നേരിടാൻ തീരുമാനിച്ചു.

ഇപ്പുറത്ത് അക്ബറും ടീമും ഗ്രൂപ്പ് തിരിഞ്ഞാണ് എന്നെ ആക്രമിക്കാൻ വന്നത്. അപ്പോൾ എനിക്കൊരു ഗ്രൂപ്പ് വേണം. ആദിലയ്ക്കും നൂറയ്ക്കും അക്ബറിന്റെ ടീമിൽ നിന്നും ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ഒരുമിച്ച് നേരിടാൻ തീരുമാനിച്ചു. ഗെയിമിന്റെ ഭാഗമായി കൂടെ കൂട്ടിയതാണ്. പിന്നെ ഇവരോട് മക്കളോടോ സഹോദരിമാരോടോ ഉള്ള സ്നേഹം കയറി വന്നു.
എന്തിന്റെ പുറത്താണെങ്കിലും അനീഷിനെതിരെയും ആദിലയ്ക്കും നൂറയ്ക്കുമെതിരെയും നിൽക്കാൻ എനിക്ക് തോന്നിയില്ല. ഇവർ മോണിംഗ് ആക്ടിവിറ്റിയിലും മറ്റും എനിക്കെതിരെ സംസാരിക്കുന്നത് ഞാൻ കാണുന്നുണ്ട്. പക്ഷെ എനിക്കവരോട് ദേഷ്യം തോന്നിയില്ല. ഗെയിം കളിക്കേണ്ട സമയത്ത് ഞാൻ അവർക്കെതിരെ കളിച്ചിട്ടുണ്ടെന്നും ഷാനവാസ് വ്യക്തമാക്കി.

ആദിലയും നൂറയും വ്യക്തി ജീവിതത്തിലെടുത്ത തീരുമാനത്തിൽ തനിക്ക് യോജിപ്പോ വിയോജിപ്പോ ഇല്ല. അവരെ മനുഷ്യരായാണ് ഞാൻ കാണുന്നത്. എനിക്കതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനറിയില്ല. സമൂഹത്തിൽ വ്യത്യസ്ത തീരുമാനങ്ങളെടുത്ത പല ആൾക്കാരുമുണ്ടാകുമെന്നും ഷാനവാസ് പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ തന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യവും ഷാനവാസ് പങ്കുവെച്ചു. ഞാൻ കണ്ട കാഴ്ചപ്പാടിലല്ല അവരെന്നെ തിരിച്ച് കണ്ടതെന്ന് തിരിച്ച് കണ്ടതെന്ന വിഷമം ഉണ്ട്. ബിഗ് ബോസിൽ നിന്നിറങ്ങി ഇതുവരെ ഒരു എപ്പിസോഡും ഞാൻ കണ്ടിട്ടില്ല. കാണാനൊരു വിഷമം പോലെ. കാണണം എന്നുണ്ട്. പോസിറ്റീവായ റീലുകൾ മാത്രമാണ് ഇതുവരെ കണ്ടതെന്ന് ഷാനവാസ് പറയുന്നു.
ജിസേലിന്റെ വസ്ത്രധാരണം മാറ്റണമെന്ന് ബിഗ് ബോസ് ഹൗസിൽ ഉപദേശിച്ചതിനെക്കുറിച്ചും ഷാനവാസ് സംസാരിച്ചു. വസ്ത്രധാരണം ഒരാളുടെ സ്വാതന്ത്രമാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വതന്ത്രമാണ്. ആർക്ക് എന്ത് വസ്ത്രവും ധരിക്കാം. കുട്ടികളും വീട്ടമ്മമാരുമെല്ലാം കാണുന്നതിനാൽ കുറച്ച് അരോചകമാകുമെന്ന് എനിക്ക് തോന്നി. ഞാനത് പറഞ്ഞു. ഞാൻ കൺഫഷൻ റൂമിൽ മാത്രം പറഞ്ഞ കാര്യമല്ല അത്. ജിസേലിനോടും പറഞ്ഞിട്ടുണ്ട്. സാധാരണക്കാരന്റെ മനസ് വെച്ച് ഞാൻ ഉപദേശിച്ചതാണ്.ഈ പറഞ്ഞത് അവർക്കാർക്കും ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. ആദിലയും നൂറയും ഞാൻ പറഞ്ഞതിനെതിരെ സംസാരിച്ചത് താനറിഞ്ഞെന്നും ഷാനവാസ് പറയുന്നു.


Click it and Unblock the Notifications











