ഞാൻ വരാം, എന്റെ നിബന്ധനകൾ ഇവയൊക്കെ; ബിഗ് ബോസിന്റെ കണ്ണ് തള്ളിച്ച് ഷീലയുടെ ആവശ്യങ്ങൾ
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പല ഭാഷകളിൽ പല ടെലിവിഷൻ ചാനലുകൾ കിണഞ്ഞ് ശ്രമിച്ചിട്ടും ബിഗ് ബോസിനെ വെല്ലുന്ന ഒരു ഷോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഷോ മത്സരാർത്ഥികൾക്ക് വലിയ തുകയാണ് പ്രതിഫലമായി നൽകുന്നത്. ആഴ്ച തോറും നിശ്ചിത തുക എന്ന കരാറിലാണ് മത്സരാർത്ഥികൾ ബിഗ് ബോസിലെത്തുന്നത്. മലയാളത്തിൽ മറ്റൊരു ഷോയും ഇത്രയധികം തുക പ്രതിഫലമായി നൽകുന്നില്ലെന്ന് ബിഗ് ബോസിൽ മത്സരാർത്ഥികളായി പോയവർ പറയാറുണ്ട്.
ബിഗ് ബോസിൽ നിന്ന് തനിക്ക് ക്ഷണം വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി ഷീല. ബിഹെെന്റ്വഡ്സ് ടിവി തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി ബിഗ് ബോസിനെക്കുറിച്ച് പരാമർശിച്ചത്. പണ്ടൊരിക്കൽ ഞങ്ങളെ വിളിച്ചിരുന്നു. ഞാൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക തുടങ്ങിയ വലിയ ആർട്ടിസ്റ്റുകളെ വെച്ച് നടത്താനിരുന്നതാണ്. എനിക്ക് ബിഗ് ബോസ് എന്താണെന്ന് അറിയില്ല. ഞാൻ വരാമെന്ന് പറഞ്ഞു. ഇത്രയും പണം തരാമെന്നും പറഞ്ഞു.

എനിക്ക് ഒറ്റയ്ക്ക് മുറി വേണം, ടച്ചപ്പിന് കൂടെ ആൾ വേണം, കൂടെ ഒരു സ്ത്രീ വരും, എനിക്ക് വേണ്ട ഭക്ഷണം അവരുണ്ടാക്കും എന്നീ നിബന്ധനകൾ ഞാൻ പറഞ്ഞു. ബിഗ് ബോസിനെക്കുറിച്ച് ഒന്നും അറിയാതെയാണ് നിബന്ധനകൾ വെച്ചത്. ബിഗ് ബോസിൽ എല്ലാവരും ഒരു റൂമിൽ കിടക്കണം. അതൊന്നും തനിക്ക് പറ്റില്ലെന്ന് ഷീല വ്യക്തമാക്കി. 120 ദിവസം അവിടെ നിൽക്കണമെങ്കിൽ 120 കോടി തനിക്ക് തരണം. എന്നാൽ വരാമെന്നും ഷീല തമാശയോടെ പറഞ്ഞു.
ബിഗ് ബോസിനെ പറ്റി അറിയാവുന്ന ആരും വെക്കുന്ന നിബന്ധനകളല്ല ഷീല മുന്നോട്ട് വെച്ചത്. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കാനോ കൂട്ടിന് ആളെ കൊണ്ട് വരാനോ ബിഗ് ബോസിൽ പറ്റില്ല. നൂറ് ദിവസം ഒറ്റയ്ക്ക് നിന്ന് മത്സരിക്കണം. അഭിനയ രംഗത്ത് ഷീല ഇന്ന് സജീവമല്ല.

അനുരാഗം എന്ന സിനിമയിലാണ് നടി ഒടുവിൽ അഭിനയിച്ചത്. ചെന്നെെയിലാണ് ഷീല താമസിക്കുന്നത്. ഇടയ്ക്ക് കേരളത്തിലേക്ക് വരാറുണ്ട്. മലയാളത്തിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ഷീല. പിന്നീട് അഭിനയ ജീവിതത്തിലെ തിരക്കുകൾ മാറ്റി വെച്ച് വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ നൽകി.
മകന് വേണ്ടി സിനിമാ രംഗത്ത് നിന്നും മാറിയ ഷീലയെ ഏറെനാൾ ആരാധകരാരും കണ്ടിരുന്നില്ല. പിന്നീട് വൻ തിരിച്ചു വരവ് നടത്തി. മനസ്സിനക്കരെ, അകലെ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ഷീല ചെയ്തു. ബിഗ് ബോസ് മലയാളം ഏഴാം സീസൺ അന്തിമഘട്ടത്തോട് അടുക്കുകയാണ്. ഫെെനലിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സിനിമാ, സീരിയൽ രംഗത്ത് തിളങ്ങിയ മത്സരാർത്ഥികൾ ബിഗ് ബോസിലെത്താറുണ്ട്. ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർത്ഥികളായി അപ്പാനി ശരത്ത്, അനുമോൾ, ബിന്നി തുടങ്ങിയവരെല്ലാം ഇതിനുദാഹരണമാണ്. നിലവിൽ അനുമോൾ ബിഗ് ബോസിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ടെലിവിഷൻ താരങ്ങൾക്ക് എപ്പോഴും ബിഗ് ബോസ് ഹൗസിൽ ജനശ്രദ്ധ ലഭിക്കാറുണ്ട്.


Click it and Unblock the Notifications











