ആകാശയാത്രയിൽ മൊട്ടിട്ട പ്രണയം, മതം മാറാൻ ആവശ്യപ്പെട്ട വീട്ടുകാർ, വൈകിയുള്ള വിവാഹം; കുടുംബമായിരുന്നു എല്ലാം!
കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് താനും ഭാര്യ പ്രീതിയും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വാർത്ത നടൻ ഷിജു അബ്ദുൽ റഷീദ് അറിയിച്ചത്. പതിനാറ് വർഷം നീണ്ട ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഷിജുവിന്റെ ആരാധകർക്ക് ഏറെ വിഷമം നൽകുന്ന ഒന്നാണ്. ബിഗ് ബോസ് ഷോയിൽ ഷിജു ഭാഗമായശേഷം നടനെപ്പോലെ തന്നെ ഭാര്യ പ്രീതിയും മകൾ മുസ്കാനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലാണ് ഷിജു പങ്കെടുത്തത്. നൂറ് ദിവസം ഹൗസിൽ പൂർത്തിയാക്കി ഫോർത്ത് റണ്ണറപ്പായാണ് പുറത്തേക്ക് ഇറങ്ങിയത്. ഹൗസിലായിരുന്ന നൂറ് ദിവസവും ഷിജു ഏറ്റവും കൂടുതൽ സഹമത്സരാർത്ഥികളോട് സംസാരിച്ചിരുന്നത് ഭാര്യയേയും മകളേയും കുറിച്ചായിരുന്നു.

ഷിജുവിനെ ഒരുപാട് ദിവസമൊന്നും പിരിഞ്ഞിരുന്നുള്ള ശീലമൊന്നും മകൾ മുസ്കാനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഫാമിലി റൗണ്ടിന്റെ ഭാഗമായി ഹൗസിലേക്ക് എത്തി ഷിജുവിനെ കണ്ടശേഷമാണ് മകൾ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഒരിക്കൽ പ്രീതി പറഞ്ഞിരുന്നു. അത്രമേൽ സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ എന്തിന് വേർപിരിഞ്ഞുവെന്ന ചോദ്യമാണ് ഷിജുവിന്റെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധക മനസിൽ ഉയരുന്നത്.
പതിനാറ് വർഷം മുമ്പായിരുന്നു ഷിജുവും പ്രീതിയും തമ്മിലുള്ള വിവാഹം. ഇരുവരും രണ്ട് മതസ്ഥരാണ്. മാത്രമല്ല ഒരു പ്രണയ വിവാഹമായിരുന്നു. ഷിജു ആദ്യമായി ചെന്നൈ എയർപോട്ടിൽ വെച്ച് പ്രീതിയെ കാണുമ്പോൾ അവർ എയർഹോസ്റ്റസ് ഡ്യൂട്ടിയിലാണ്. നടനായതുകൊണ്ട് തന്നെ ഷിജുവിനെ വേഗത്തിൽ പ്രീതി തിരിച്ചറിഞ്ഞു.
പക്ഷെ പണ്ട് താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന നടൻ തന്നോട് പ്രണയാഭ്യർത്ഥന നടത്തുമെന്നോ വിവാഹം കഴിക്കുമെന്നോ അന്ന് പ്രീതി ചിന്തിച്ചിരുന്നില്ല. ഷിജു പ്രപ്പോസ് ചെയ്തശേഷം മറുപടി പറയാൻ ഒരു ദിവസം പ്രീതി ചോദിച്ചിരുന്നു. ഷിജു അത് നൽകി. ആകാശയാത്രയ്ക്കിടെ ആരംഭിച്ച പ്രണയമെന്നാണ് ഷിജുവിനെ പരിചയപ്പെട്ട കഥ പങ്കുവെക്കുമ്പോൾ പ്രീതി പറയാറുള്ളത്. ഷിജു മുസ്ലീം മത വിശ്വാസിയാണ്.
പ്രീതിയുമായുള്ള പ്രണയം വീട്ടിൽ അറിയിച്ചശേഷം ഭാര്യയെ മതം മാറ്റണമെന്ന ആവശ്യം വീട്ടുകാർ പറഞ്ഞിരുന്നുവെന്ന് ഷിജു തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. രണ്ട് മതത്തിൽ പെട്ടവരായത് കൊണ്ടുതന്നെ പല രീതിയിലുള്ള പ്രതിസന്ധികളും ഒന്നാകാൻ തീരുമാനിച്ചപ്പോൾ ഇരുവരും നേരിട്ടിരുന്നു. രണ്ട് മതം എന്നത് എന്റെ വീട്ടിൽ പ്രശ്നമായിരുന്നില്ലേയെന്ന് ചോദിച്ചാൽ പ്രശ്നമുണ്ട്.

ഒരു വശത്ത് കൂടി നോക്കിയാൽ ഞങ്ങളുടെ ബന്ധം അവർ അംഗീകരിച്ചിട്ടുണ്ട്. പക്ഷെ വലിയൊരു അടുപ്പം കാണിക്കുന്നില്ല. അതിന് ഒരു കാരണം മതം തന്നെയാണെന്ന് തോന്നുന്നു. അമ്മ വളരെ ഓർത്ത്ഡോക്സ് ചിന്താഗതിക്കാരിയാണ്. എന്നാൽ അവർ ഉപദ്രവത്തിനൊന്നും വരാറില്ല. വീട്ടിൽ പോകാറുണ്ട്. കുഞ്ഞുണ്ടായപ്പോഴൊക്കെ കൊണ്ടുപോയി കാണിച്ചു. അച്ഛന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നാലാം മാസം തന്നെ കൊണ്ടുപോയി കാണിച്ചു.
അദ്ദേഹത്തിന് സുഖമില്ല. അതുകൊണ്ട് യാത്ര ചെയ്യാൻ ഒന്നും കഴിയില്ല. കുഞ്ഞിനെ കണ്ടിട്ട് അവർക്ക് അങ്ങനെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ദേഷ്യമൊന്നും കാണിച്ചില്ല. എന്റെ വീട്ടിൽ നിന്ന് ഭാര്യ മതം മാറണമെന്ന ആവശ്യം വന്നിരുന്നു. എന്നാൽ ഞാൻ അതിന് നിർബന്ധിച്ചില്ല. വിശ്വാസമെന്ന് പറയുന്നത് നമ്മുടെ ഉള്ളിൽ തോന്നേണ്ടത് ആണല്ലോ. അല്ലാതെ ഫോഴ്‌സ് ചെയ്ത് കൊണ്ടുവരുന്നതിൽ അർത്ഥമില്ലല്ലോ. ഇസ്ലാം മതം എന്താണെന്ന് മനസിലാക്കി അത് വേണമെന്നുണ്ടെങ്കിൽ സ്വീകരിക്കട്ടെ.
മതമൊന്നും നമ്മൾ ജനിച്ചപ്പോഴേ ഉള്ളതല്ലല്ലോ. അതൊക്കെ നമ്മുടെ തലയിൽ ഫീഡ് ചെയ്ത് തരുന്നത് അല്ലേ. എത്രയോപേർ ഒരു പ്രായമെത്തുമ്പോൾ മറ്റ് മതങ്ങളിലേക്ക് പോകുന്നു. അതൊന്നും ആരും നിർബന്ധിച്ചിട്ടല്ലല്ലോ. അവർക്ക് ശരിയെന്ന് തോന്നുന്നതിലേക്ക് പോകുന്നു.
ജീവിക്കാൻ ഒരു വിശ്വാസം എല്ലാവർക്കും ആവശ്യമാണ്. ഒരാളിപ്പോൾ നിരീശ്വര വാദിയാണെങ്കിൽ അതും അയാളുടെ വിശ്വാസമാണ്. അതുകൊണ്ട് വിശ്വാസങ്ങളൊക്കെ കണ്ട് ഇഷ്ടപ്പെട്ട് സ്വീകരിക്കുന്നെങ്കിൽ സ്വീകരിക്കട്ടെ എന്ന നിലപാടായിരുന്നു തന്റേത് എന്നാണ് ഷിജു അന്ന് പറഞ്ഞത്.


Click it and Unblock the Notifications