ഏറ്റവും പ്രതിഫലം കിട്ടിയ ബിഗ് ബോസ് മത്സരാര്‍ഥി ഞാനാണ്; ആ രഹസ്യം വെളിപ്പെടുത്തി നടി ശ്വേത മേനോന്‍
ബിഗ് ബോസിന് ശേഷം ഞാൻ ഭയങ്കര വിഷത്തിലാണെന്ന് എല്ലാവരും കരുതി. സത്യത്തിൽ പ്രശ്നമൊന്നുമില്ല
രതിനിര്‍വേദം സിനിമയിലെ രതിചേച്ചിയായിട്ടാണ് പലരും നടി ശ്വേത മേനോനെ കാണുന്നത്. എന്നാല്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ശ്വേത തന്റെ നിലപാടുകളില്‍ അടിയുറച്ച് നില്‍ക്കുന്ന ആളാണ്. പുതിയ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കുകൡലേക്ക് പോയി കൊണ്ടിരിക്കുന്ന നടി പള്ളിമണി എന്ന പുത്തന്‍ സിനിമയുമായി എത്തിയിരിക്കുകയാണ്.
ഇതിനിടെ ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതിനെ പറ്റിയും നടി സൂചിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലാണ് ശ്വേത മേനോന്‍ മത്സരിച്ചത്. സിനിമാ നടിയായി മുന്‍നിരയില്‍ നിന്ന ശ്വേത ബിഗ് ബോസിലേക്ക് പോയതും അവിടെ നിന്നുള്ള കാര്യങ്ങളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായത്.

പിന്നീട് വന്ന ബിഗ് ബോസൊന്നും താന്‍ കണ്ടിട്ടില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. മാത്രമല്ല താന്‍ പങ്കെടുത്ത സമയത്തെ അനുഭവങ്ങളും അവിടെ നിന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടിയത് തനിക്കാണെന്നുമൊക്കെ മൈല്‍സ്‌റ്റോണ്‍ മേക്കോഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന്‍ വ്യക്തമാക്കുന്നു.
'ബിഗ് ബോസ് മലയാളം സീസണിലെ ആദ്യത്തെ മത്സരാര്‍ഥിയായിരുന്നു ഞാന്‍. എന്നെ ബലിയാടാക്കിയതാണെന്ന് തമാശരൂപേണ ശ്വേത പറയുന്നു. പിന്നീട് വന്ന സീസണുകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ബിഗ് ബോസിലൂടെ ഏറ്റവും കൂടുതല്‍ കാശുണ്ടാക്കിയത് ഞാനാണ്. വേറെ ആര്‍ക്കും അത്രയും കിട്ടിയിട്ടുണ്ടാവില്ല. അതുകൊണ്ട് നിങ്ങളെല്ലാവരും ഇനി അനുഭവിച്ചോ എന്നാണ്', ശ്വേത പറയുന്നത്.
'ഞാന്‍ ബിഗ് ബോസ് ആസ്വദിച്ചിരുന്നു. എല്ലാവരും വിചാരിച്ചിരിക്കുന്നത് ഷോ യ്ക്ക് ശേഷം ഞാന്‍ ഭയങ്കര വിഷമത്തിലാണെന്നാണ്. അങ്ങനെയൊന്നുമില്ല. നിങ്ങളാരും ഇരുപത്തിനാല് മണിക്കൂറും അവിടെ നിന്നിട്ടില്ല. പിന്നെ ഞാനെന്ത് പറഞ്ഞ് തരാനാണ്. ഇനിയിപ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആളുകളുണ്ട്.

കാര്യങ്ങളെ കുറിച്ച് ഒന്നുമറിയാതെ തന്നെ ആളുകള്‍ പലതും പറയുന്നുണ്ട്. ഞാനൊന്നും പറയാതെ ഇരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് എനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആ സമയത്ത് ചില ആളുകളോട് നല്ല ദേഷ്യം ഉണ്ടായിരുന്നു. പിന്നെ അതൊക്കെ എന്തിനാണ് കാണിക്കുന്നതെന്ന് ചിന്തിച്ചു. ഇപ്പോഴും ബിഗ് ബോസ് ഫാമിലി എന്ന് പറഞ്ഞ് ഒരു ഗ്രൂപ്പുണ്ട്. എല്ലാവരുമായിട്ടും കോണ്‍ടാക്ട് ഉണ്ട്.
വീടിനകത്ത് നമ്മള്‍ ഫൈറ്റ് ചെയ്ത ഒരുപാട് പേരുമായിട്ടും നല്ല സൗഹൃദമുണ്ട്. ചില ആളുകള്‍ മാത്രം ഫ്രണ്ട്‌സ് അല്ല. മുപ്പത്തിയാറാമത്തെ ദിവസമാണ് ഞാന്‍ ഷോ യില്‍ നിന്നും പുറത്ത് വരുന്നത്. അവിടെ ഒരു രണ്ടാഴ്ച കൂടി നിന്നിരുന്നെങ്കില്‍ എന്റെ തനിനിറം കൂടി പുറത്ത് വന്നേനെ.

കാരണം ബിഗ് ബോസിനോട് എന്നെ പുറത്താക്കാന്‍ തന്നെ പറഞ്ഞിരുന്നു. അതല്ലെങ്കില്‍ ഇവിടെയുള്ള കുറച്ച് ആളുകളെ ഇടിച്ച് ശരിയാക്കുമെന്നും പറഞ്ഞു. പലരെയും ഞാന്‍ ഇടിച്ചിട്ടുണ്ട്. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും താന്‍ അങ്ങനെ ചെയ്തിട്ടുള്ള ആളാണ്. ഇനിയും ചെയ്യുമെന്നും ഇതൊക്കെ ബിഗ് ബോസിനോട് പറഞ്ഞതായിട്ടും', ശ്വേത മേനോന്‍ വ്യക്തമാക്കുന്നു.
ബിഗ് ബോസില്‍ ഒന്നിച്ച് മത്സരിച്ച പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെ കുറിച്ചും ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു. രണ്ടാളും വിവാഹം കഴിച്ച് നല്ല കപ്പിള്‍സായി ജീവിക്കുകയാണ്. ഇപ്പോള്‍ സുന്ദരിയായ നല്ലൊരു മകളുമുണ്ട്. അവരുടെ വീഡിയോസൊക്കെ ഞാന്‍ ഇടയ്ക്ക് കണ്ടിട്ടുണ്ടെന്നാണ് നടി വ്യക്തമാക്കുന്നത്.
പള്ളിമണിയാണ് ശ്വേത മേനോന്റെ ഏറ്റവും പുതിയ ചിത്രം. നടി നിത്യ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്. സിനിമയില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ശ്വേത അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications











