ഞാനും ആര്യയും മോശം ഭൂതകാലം അനുഭവിച്ചവർ, വിവാഹം ആലോചിച്ച് എടുത്ത തീരുമാനം, ആര്യയിൽ ഇഷ്ടപ്പെട്ടത്...; സിബിൻ
വളരെ വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായ ആര്യയും സിബിനും വിവാഹത്തിലൂടെ ഒന്നിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ആരാധകർക്കും ഫോളോവേഴ്സിനും ഒരുപോലെ സന്തോഷവും അമ്പരപ്പുമായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് അറിയാമായിരുന്നുവെങ്കിലും പ്രണയത്തിലാകുമെന്നോ വിവാഹത്തിലൂടെ ഒന്നിക്കുമെന്നോ ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ഇപ്പോഴിതാ വിവാഹനിശ്ചയ ചടങ്ങിനെ കുറിച്ചും ഭാവി വധു ആര്യയെ കുറിച്ചും സിബിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിബിൻ. വിവാഹിതരാകാമെന്നത് ഞങ്ങൾ രണ്ടുപേരും ആലോചിച്ച് എടുത്ത തീരുമാനമാണ്.

അത് എല്ലാവരും സ്വീകരിച്ചുവെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. വിവാഹം തീരുമാനിച്ചു. ഒന്നാകാൻ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്താണെന്ന് ചോദിച്ചാൽ എനിക്ക് വളരെ മോശം ഭൂതകാലമുണ്ട്. ആര്യയ്ക്കും അതുപോലെ തന്നെയാണ്. മാത്രമല്ല രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്ന ആൾക്കാരുമാണ്. അതുകൊണ്ടാണ് വിവാഹിതരാകാമെന്ന് തീരുമാനിച്ചത്. ഞാനും ആര്യയും ഒരുമിച്ച് ഇരുന്ന് ബാക്കി കഥകളെല്ലാം ഒരിക്കൽ പറയാം.
എനിക്ക് എപ്പോഴും ലോ പ്രൊഫൈൽ സൂക്ഷിക്കാനാണ് ഇഷ്ടം. എനിക്ക് എല്ലായിടത്തും പോകുമ്പോൾ ഞാനായി തന്നെ ഇരിക്കാനാണ് ഇഷ്ടം. എൻഗേജ്മെന്റിനുശേഷം പുറത്തിറങ്ങുമ്പോഴെല്ലാം ആര്യയെ കുറിച്ചാണ് ചോദ്യങ്ങളെല്ലാം. ഷോയിൽ കണ്ട് കണ്ട് അടുത്ത് പരിചയമുള്ള ആളുകളെപ്പോലെയാണ് നമ്മളെ എവിടെ വെച്ച് കണ്ടാലും ആളുകൾ ട്രീറ്റ് ചെയ്യുന്നതെന്നും സിബിൻ പറയുന്നു.
ആര്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് കാര്യങ്ങൾ എന്താണെന്ന ചോദ്യത്തിന് ആര്യയ്ക്കൊപ്പം താൻ വരുന്ന അഭിമുഖത്തിൽ പറയാമെന്നായിരുന്നു സിബിന്റെ മറുപടി. സിബിൻ തന്റെ ട്വിന്നാണെന്നാണ് ആര്യ പൊതുവെ പറയാറുള്ളത്. ചിന്തയിലും പ്രവൃത്തിയിലും അടക്കം ഇരുവർക്കും അത്രയേറെ സാമ്യതകളാണത്രെ. ആര്യയുടെ ബൊട്ടീക്ക് ബിസിനസിൽ പങ്കാളിയുമാണ് സിബിൻ.
ഡിജെയും അവതാരകനുമായ സിബിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ്. സിബിൻ ബിഗ് ബോസ് ഷോയുടെ ഭാഗമാകുന്നതിനോട് ആര്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. എങ്കിലും സിബിന്റെ ആഗ്രഹത്തെ ആര്യ പിന്തുണച്ചു. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥിയായിരുന്നു. പക്ഷെ വളരെ കുറച്ച് ദിവസങ്ങൾ മാത്രം ഷോയിൽ നിന്നശേഷം സിബിൻ സ്വമേധയ ക്വിറ്റ് ചെയ്ത് പുറത്ത് വന്നു.

സൂര്യ ടിവിയിൽ സംപ്രേഷണം ആരംഭിക്കാൻ പോകുന്ന പുതിയ ഗെയിം ഷോയുടെ അവതാരകരിൽ ഒരാൾ സിബിനാണ്. ഡാൻസറായ ചിഞ്ചുവായിരുന്നു സിബിന്റെ ആദ്യ ഭാര്യ. ആ ബന്ധത്തിൽ ഒരു മകനും സിബിനുണ്ട്. എന്നാൽ ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു. ഒരിടയ്ക്ക് സിബിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുൻ ഭാര്യ രംഗത്ത് എത്തിയിരുന്നു.
മകനെ സംരക്ഷിക്കാൻ സിബിൻ തയ്യാറാകുന്നില്ലെന്ന തരത്തിലായിരുന്നു ചിഞ്ചു സംസാരിച്ചത്. മകന്റെ സംരക്ഷണം ഇപ്പോഴും ചിഞ്ചുവിനാണ്. വീണ്ടും വിവാഹം ചെയ്യാൻ പോവുകയാണെന്ന് കരുതി മകനെ താൻ ഒരിക്കലും മറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്നത് സിബിന്റെ പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്. ആര്യയുടെ ആദ്യ വിവാഹം നടി അർച്ചന സുശീലിന്റെ സഹോദരനുമായിട്ടായിരുന്നു.
ആ ബന്ധത്തിൽ ആര്യയ്ക്ക് റോയ എന്നൊരു മകളുമുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും മുൻ ഭർത്താവ് ആര്യയുടെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. മകൾ ആര്യയുടെ സംരക്ഷണയിലാണ്. ആര്യയുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞായാണ് സിബിനും സ്നേഹിക്കുന്നത്. സിബിൻ-ആര്യ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും മകൾ റോയയാണ്.


Click it and Unblock the Notifications