ഞങ്ങൾ ഒറ്റയ്ക്കല്ല ഇനിയെന്നും ഒരുമിച്ച്, പ്രണയവും കല്യാണ വിശേഷവും ഒരുമിച്ച് വന്ന് പറയും; സിബിന്റെ പ്രതികരണം
കഴിഞ്ഞ ദിവസമാണ് താനും ആർജെ സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോവുകയാണെന്ന വാർത്ത ആര്യ ബഡായി സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണെന്നത് ഇരുവരേയും സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നവർക്ക് അറിയാവുന്ന കാര്യമാണ്. ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൈൽഡ് കാർഡ് എൻട്രിയായി സിബിൻ പോയപ്പോൾ ഏറ്റവും കൂടുതൽ പിന്തുണച്ചതും ആര്യയായിരുന്നു.
ആ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയുമായിരുന്നു സിബിൻ. എന്നാൽ പിന്നീട് ഹൗസിൽ തുടരാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ സിബിൻ തന്നെ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും ഇനി മുതൽ ജീവിത പങ്കാളിയിലേക്ക് എന്നാണ് എന്നാണ് സിബിനുമായുള്ള തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ച് ആര്യ കുറിച്ചത്.

ഒപ്പം സിബിനുമായി ചേർന്ന് നിൽക്കുന്ന ഫോട്ടോയും ആര്യ പങ്കിട്ടിരുന്നു. എന്നാൽ എത്ര നാളത്തെ പ്രണയമാണെന്നോ വിവാഹം എന്നുണ്ടാകുമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ഇരുവരും പങ്കുവെച്ചിട്ടില്ല. ഇപ്പോഴിതാ ആര്യയുമായുള്ള പ്രണയം പരസ്യപ്പെടുത്തിയശേഷം ആദ്യമായി മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് സിബിൻ.
നടിയും നർത്തകിയുമായ നയന ജോസാന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മടങ്ങവെ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം. പ്രണയ കഥയും വിവാഹ തിയ്യതിയും പങ്കുവെക്കാമോയെന്ന് ചോദിച്ചപ്പോൾ ആര്യയ്ക്കൊപ്പം വന്ന് ഒരുമിച്ച് തുറന്ന് പറയാനാണ് താൽപര്യമെന്നായിരുന്നു സിബിന്റെ മറുപടി. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട് സംസാരിക്കാൻ. അന്ന് കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാം.
ഒരുമിച്ചായിരിക്കുമോ പ്രതികരണമെന്ന് ചോദിച്ചാൽ ഇനി എല്ലാം ഞങ്ങൾ ഒരുമിച്ചാകും. ഞങ്ങൾ ഒറ്റയ്ക്കല്ല ഇനി ഒരുമിച്ചാണ്. ഇനിയങ്ങോട്ട് ഒരുമിച്ച്... അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോൾ പറയാം എന്നാണ് സിബിൻ പറഞ്ഞത്. സൂര്യ ടിവിയിൽ ഒരു പുതിയ ഷോ ഞാൻ ചെയ്യാൻ പോവുകയാണ്. ആ ഷോയുടെ ആങ്കറാണ് ഞാൻ. എല്ലാ സിറ്റിയിലും പോകുന്ന ഷോയാണ് സൂര്യ ടിവിയിൽ വരാൻ പോകുന്നത്.
അഖിൽ മാരാർ വിഷയത്തിൽ പ്രതികരിക്കാനില്ല. അത് കോടതിയിൽ കിടക്കുന്ന വിഷയമല്ലേ. അതേ കുറിച്ച് നമ്മൾ സംസാരിക്കാൻ പാടില്ലല്ലോ. നിയമപരമായി പോകുന്ന വിഷയത്തിൽ ഞാൻ അഭിപ്രായം പറയുന്നതിൽ കാര്യമില്ലെന്നും സിബിൻ കൂട്ടിച്ചേർത്തു. സിബിൻ-ആര്യ ജോഡി ഒരുപാടിഷ്ടമാണെന്നും ഇരുവരുടേയും വിവാഹം കാണാൻ കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

രണ്ടുപേരുടേയും രണ്ടാം വിവാഹമാണ്. ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു ആര്യയുടെ ആദ്യ വിവാഹം. അർച്ചന സുശീലന്റെ സഹോദരനായിരുന്നു ഭർത്താവ്. ആ ബന്ധത്തിൽ ആര്യയ്ക്ക് പിറന്ന മകളാണ് റോയ. വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും മകൾ ആര്യയുടെ സംരക്ഷണയിലാണെങ്കിലും മകൾക്ക് അച്ഛനുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടതെല്ലാം ആര്യ ചെയ്യാറുണ്ട്.
അവധിക്കാലം അച്ഛനും അച്ഛന്റെ വീട്ടുകാർക്കും ഒപ്പമാണ് റോയ് ആഘോഷിക്കാറുള്ളത്. മാത്രമല്ല മുൻ ഭർത്താവിന്റെ കുടുംബാംഗങ്ങളെ തന്റെ വീട്ടിലെ ചടങ്ങുകൾക്കെല്ലാം ആര്യ ക്ഷണിക്കാറുമുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയശേഷം ഏറെക്കാലം സിംഗിൾ മദറായിരുന്ന ആര്യ പിന്നീട് ഒരാളെ പ്രണയിച്ചിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയപ്പോഴേക്കും അയാൾ ആര്യയെ ഉപേക്ഷിച്ച് പോയിരുന്നു.
പിന്നീട് ഏറെക്കാലം പ്രണയത്തകർച്ച മൂലം ഉണ്ടായ ഡിപ്രഷനിലായിരുന്നു ആര്യ. സിബിന്റെ ആദ്യ വിവാഹം ഡാൻസറായ ചിഞ്ചുവും ആയിട്ടായിരുന്നു. ആ വിവാഹത്തിൽ ഒരു മകനും സിബിനുണ്ട്.


Click it and Unblock the Notifications