സിനിമയിൽ തിളങ്ങണം, പ്രണയിച്ച് വിവാഹം കഴിക്കണം, ബിഗ് ബോസിൽ പോകണം; ആഗ്രഹങ്ങൾ ബാക്കിയാക്കി മടക്കം!
സിനിമാക്കാരേക്കാൾ വേഗത്തിൽ കുടുംബപ്രേക്ഷകരുടേയും സ്ത്രീകളുടേയും മനസിൽ കയറി പറ്റുന്നവരാണ് സീരിയൽ താരങ്ങൾ. ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചില്ലെങ്കിൽ പോലും ഒന്നോ രണ്ടോ എണ്ണത്തിൽ മുഖം കാണിച്ചാൽ മതി അവർ എന്നേക്കുമായി ആ താരങ്ങളെ ഓർത്ത് വെയ്ക്കും. അപ്പോൾ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിപ്പിച്ചിട്ടുള്ള താരങ്ങൾക്ക് അവരുടെ മനസിലുള്ള സ്ഥാനം ഊഹിക്കാമല്ലോ.
അത്തരത്തിൽ സീരിയൽ പ്രേമികളുടെ ഹൃദയം കവർന്ന നടൻ ആയിരുന്നു സിദ്ധർത്ഥ്. താരത്തിന്റെ പെട്ടന്നുള്ള വിയോഗം അതിനാൽ തന്നെ എല്ലാവരിലും വലിയൊരു ഞെട്ടലാണ് നൽകിയത്. കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളാണ് നടൻ എന്ന രീതിയിൽ ശ്രദ്ധിക്കപ്പെടാനും സ്റ്റാർഡം സെറ്റ് ചെയ്യാനും സിദ്ധാർത്ഥിനെ സഹായിച്ചത്.

കസ്തൂരിമാനിൽ അഭിനയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും കസ്തൂരിമാനിലെ സിദ്ധു എന്നതാണ് നടന്റെ ഐഡന്റിറ്റി. കഴിഞ്ഞ കുറച്ച് നാളുകളായി കാൻസർ ബാധിച്ച് സിദ്ധാർത്ഥ് ചികിത്സയിലായിരുന്നു. എന്നാൽ സീരിയൽ മേഖലയിൽ സിദ്ധാർത്ഥിന് വേണ്ടപ്പെട്ടവർ അല്ലാതെ മറ്റൊരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
നടി സീമ ജി നായരാണ് സിദ്ധാർത്ഥിന്റെ ചികിത്സയ്ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ഒപ്പമുണ്ടായിരുന്നത്. പ്രിയ സഹപ്രവർത്തകന്റെ ജീവൻ നിലനിർത്താൻ തന്നെകൊണ്ടാകും പോലെ സീമ പരിശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം വൃഥാവിലായി. ഏത് വാർത്ത കേൾക്കരുതെന്ന് ആഗ്രഹിച്ചിരുന്നുവോ ആ വാർത്തയാണ് ഉച്ചയോടെ സീമയുടെ ചെവിയിൽ എത്തിയത്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്നു സിദ്ധാർത്ഥ്.
അതിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ ചുവടുകളും പതിയെ വെയ്ക്കുകയായിരുന്നു. അതിനിടയിലാണ് കാൻസർ മരണത്തെ രൂപത്തിലെത്തി സിദ്ധാർത്ഥിനെ ഈ ലോകത്ത് നിന്നും കൊണ്ടുപോയത്. തൃശൂരിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനനം. അച്ഛനും അമ്മയും സഹോദരനും മാത്രമായിരുന്നു ലോകം. അച്ഛനെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന് നഷ്ടപ്പെട്ടു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ മരണം എന്നാണ് താരം പറഞ്ഞിരുന്നത്.
അമ്മയായിരുന്നു സിദ്ധാർത്ഥിന്റെ ക്രിട്ടിക്ക്. അമ്മയുടെ വിമർശനങ്ങൾ എന്നും കരിയറും ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചിട്ടേയുള്ളുവെന്നാണ് താരം പറയാറുണ്ടായിരുന്നത്. സീരിയലിൽ സജീവമായശേഷം തിരുവനന്തപുരത്തായിരുന്നു താമസം. എന്നിരുന്നാലും മനസ് എപ്പോഴും വടക്കുംനാഥന്റെ മണ്ണിലായിരുന്നു. അതിനാൽ ബ്രേക്ക് കിട്ടിയാൽ ഉടൻ വീട്ടിലേക്ക് ഓടുമായിരുന്നു.

സ്കൂൾ കാലത്ത് തന്നെ അഭിനയത്തിലുള്ള കഴിവ് സ്വയം തിരിച്ചറിഞ്ഞിരുന്നു. അതിനാൽ നാടകങ്ങളിൽ പങ്കെടുത്തു. മുതിർന്നപ്പോൾ പ്രൊഫഷണൽ നാടകങ്ങളിൽ സജീവമായി. ഒപ്പം അൽപ്പം ആങ്കറിങും ചെയ്ത് തുടങ്ങി. അത് ചാനലിൽ കയറി പറ്റാൻ സഹായകരമായി. അപ്പോഴും നാടകം വിട്ടിരുന്നില്ല. നാടകാഭിനയം തന്നെയാണ് സീരിയലിലേക്ക് വഴി തുറന്ന് കൊടുത്തതും.
സിദ്ധാർത്ഥിന്റെ നാടകം കണ്ട സുഹൃത്തിന്റെ ചേട്ടനും സീരിയൽ, സിനിമ നിർമാതാവുമായ അരുൺ ഘോഷാണ് സീരിയലിൽ അവസരം നൽകുന്നത്. ഏറെ ആസ്വദിച്ചാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. പുതിയ കാര്യങ്ങൾ പഠിക്കുകയും കഥാപാത്രങ്ങളോട് പരമാവധി മര്യാദ പുലർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സീരിയലിൽ തന്നെ ഒതുങ്ങി നിൽക്കാൻ യാതൊരു ഉദ്ദേശ്യവുമില്ല. എന്റെ ലക്ഷ്യം സിനിമയാണ്. അതിനായി പരിശ്രമിക്കും. വിവാഹം ഉടനെയില്ല.
ആദ്യം കരിയർ സെറ്റ് ചെയ്യുക എന്നതിനാണ് പ്രാധാന്യം. എന്തായാലും ഞാൻ പ്രണയിച്ചായിരിക്കും വിവാഹം കഴിക്കുകയെന്ന് ഉറപ്പ്. അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ആരെ വിവാഹം കഴിക്കുമെന്നോ, എപ്പോൾ കഴിക്കുമെന്നോ പറയാനാകില്ല. പാർട്ടികളിലോ കല്യാണങ്ങളിലോ വഴിയോരത്തോ വെച്ച് ഞാൻ എന്റെ പ്രണയിനിയെ കണ്ടുമുട്ടിയേക്കാം. എന്നാൽ ഇതുവരെ അങ്ങനെ ഒരാളില്ലെന്നാണ് സിദ്ധാർത്ഥ് തന്റെ ആഗ്രഹങ്ങൾ പങ്കുവെച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബിഗ് ബോസിൽ പങ്കെടുക്കാനും താരം ആഗ്രഹിച്ചിരുന്നു.


Click it and Unblock the Notifications


