അവരുടെ കാര്യത്തിൽ കുറച്ചിലോ ചമ്മലോ തോന്നാറില്ല, ഒന്നും ഹൃദയത്തിലേക്ക് എടുക്കാറില്ല; കോഴിക്കാൽ വിഷയത്തിൽ സിന്ധു
മക്കളെല്ലാം പ്രായപൂർത്തിയായി സ്വയം പര്യാപ്തരായിട്ടും എന്തിനും ഏതിനും എല്ലാ സഹായവും നൽകി നാല് പെൺമക്കൾക്കൊപ്പവും സിന്ധു കൃഷ്ണയുണ്ട്. പ്രായം അമ്പത് പിന്നിട്ടുവെങ്കിലും ആക്ടീവായി ജീവിക്കാനാണ് സിന്ധുവിന് ഇഷ്ടം. എല്ലാ വേദികളിലും മക്കളെ കുറിച്ച് വാചാലയാകാറുള്ള സിന്ധു മൂത്ത മകൾ അഹാന വാങ്ങിയ ആഡംബര കാറിനെ കുറിച്ചും മക്കൾക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും മരുമകൻ അശ്വിന് ചിക്കൻ കാൽ നൽകാത്ത വിവാദത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കോടികൾ വിലയുള്ള ബിഎംഡബ്ല്യു എക്‌സ് 5 എസ്‌യുവിയാണ് അഹാന അടുത്തിടെ വാങ്ങിയത്. അമ്മുവിന്റെ കാറിന്റെ കാര്യങ്ങളൊക്കെ പഠിക്കുന്നതേയുള്ളു. അത്തരം എക്സ്പെൻസീവ് കാറുകൾ ഉപയോഗിച്ച് ശീലമുള്ളവരല്ല ഞങ്ങൾ.

അത്തരം കാറുകൾ വാങ്ങണമെന്ന ചിന്തയോടെ ജീവിച്ചിട്ടില്ലാത്തതുകൊണ്ട് അതിനോട് ഒരു ഫാൻസി തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ അത് ശ്രദ്ധിക്കാനോ പഠിക്കാനോ ശ്രമിച്ചിട്ടില്ല. കാറിനെ കുറിച്ചുള്ള ചിന്തകൾ വന്നപ്പോൾ പഴയൊരു സംഭവം ഓർമ വന്നു. ഞാനും കിച്ചുവും ഇടയ്ക്കിടെ പറയും ഈ സംഭവം. വിവാഹ സമയത്ത് ഡാഡി ഞങ്ങൾക്ക് ഒരു മാരുതി 1000 തന്നിരുന്നു. അന്ന് ആ കാറ് തിരുവനന്തപുരത്ത് വളരെ കുറച്ച് പേർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളു.
അമ്മുവിന് ഒന്നര വയസുണ്ടായിരുന്ന സമയത്ത് എലി കയറി കാറിന്റെ വയറുകൾ കടിച്ച് മുറിച്ചു. എല്ലാം മാറ്റാൻ എക്സ്പെൻസാകുമെന്നതുകൊണ്ട് അന്ന് ചെയ്യാതെ ഉഴപ്പി. രണ്ട് മാസം കഴിഞ്ഞാണ് ശരിയാക്കിയത്. അതുവരെ എസി ശരിക്ക് വർക്കായിരുന്നില്ല. ഫാൻ പ്രവർത്തിക്കും പക്ഷെ തണുപ്പില്ല എന്ന രീതിയായിരുന്നു.
പിന്നീട് അമ്മു സംസാരിച്ച് തുടങ്ങിയശേഷം അപ്പ ഹാജയുടെ കാറിൽ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ അമ്മു പറഞ്ഞു ഹാജാ മാമാന്റെ കാറിൽ തണുത്ത എസിയാണ്. ഞങ്ങളുടെ കാറിൽ ചൂട് എസിയാണെന്നാണ്. അന്ന് ആ ചെറിയ പ്രായത്തിൽ അമ്മുവിന്റെ നിഷ്കളങ്കതയോടെയുള്ള സംസാരം കേട്ട് ഞങ്ങൾ കുറേ ചിരിച്ചു. അങ്ങനെയൊക്കെ പറഞ്ഞ അമ്മു ഇന്ന് സ്വന്തമായി ഒരു കാർ വാങ്ങി. മക്കളുടെ വളർച്ച കണ്ട് ഞാൻ അഭിമാനിക്കുകയാണ്. സന്തോഷിക്കുന്നു.
ഫ്രണ്ടിന്റെ ഹോട്ടലിൽ ചീഫ് ഗസ്റ്റായി ഞാൻ അടുത്തിടെ കേക്ക് മിക്സിങ്ങിന് പോയിരുന്നു. ഗസ്റ്റായി അവർ നല്ലൊരു സ്വീകരണം തന്നാണ് എന്നെ സ്വീകരിച്ചത്. എനിക്ക് ഇതൊന്നും ശീലമില്ല. അതുകൊണ്ട് ചമ്മൽ തോന്നി. മക്കൾ ചീഫ് ഗസ്റ്റാകുന്ന ഇത്തരം ഫങ്ഷനുകളിൽ അവരുടെ ബാഗ് പിടിക്കാനും ഫോട്ടോയും വീഡിയോയും എടുക്കാനുമാണ് ഞാൻ പോയിട്ടുള്ളത്.

അതാണ് എനിക്ക് ശീലം. അവർക്ക് വേണ്ടി ആ ജോലികൾ ചെയ്യാൻ എനിക്ക് ഇഷ്ടവുമാണ്. അവരുടെ ബോഡി ഗാർഡ് പോലെ പോകുന്നതിൽ കുറച്ചിലോ ചമ്മലോ തോന്നാറില്ല. ആ പോസ്റ്റാണ് എനിക്ക് കൂടുതൽ താൽപര്യവും. ഞാൻ കേക്ക് മിക്സിങ് പരിപാടിക്ക് പോയപ്പോൾ ഒരുപാട് ഓൺലൈൻ മീഡിയ വന്നിരുന്നു.
അതിലാരോ ചോദിച്ചു മാഡത്തിന്റെ ബിരിയാണി വീഡിയോ കാരണം ഒരുപാട് ആളുകൾക്ക് കോൺടെന്റ് കിട്ടിയെന്ന്. ഞാൻ എപ്പോഴാണ് ബിരിയാണി വീഡിയോ ഇട്ടതെന്ന് ഞാനും ഒരുപാട് ആലോചിച്ചു. പിന്നീടാണ് കോഴിക്കാൽ വിഷയമാണെന്ന് മനസിലായത്. ഒരുപാട് പേർക്ക് ആ വിഷയം കാരണം വീഡിയോ ചെയ്യാൻ കണ്ടന്റും അതിലൂടെ അവർ ലക്ഷങ്ങൾ സമ്പാദിച്ചുവെന്നും കേട്ടുവെന്നും എല്ലാം മീഡിയക്കാർ പറഞ്ഞു. അത് കേട്ട് എന്റെ മുഖത്ത് ചിരിയാണ് വന്നത്.
ചില കാര്യങ്ങൾ വരും പോകും. അതൊന്നും ഞാൻ ഹൃദയത്തിലേക്ക് എടുക്കാറില്ല. ലൈറ്റായി ചിരിച്ച് മറന്ന് കളയുമെന്നും സിന്ധു പറഞ്ഞു. ഇനി അഹാനയുടെ വിവാഹം കാണാനാണ് കൃഷ്ണകുമാർ കുടുംബത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്. നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications











