വാർധക്യം വേദനയാണ്, ചുറുചുറുക്കുള്ള ആക്ടീവായ വ്യക്തിയായിരുന്നു, ഡാഡി ഇപ്പോൾ അവശനാണ്; വികാരഭരിതയായി സിന്ധു!
പത്ത് ദിവസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം സിന്ധു കൃഷ്ണ ഹോം വ്ലോഗുമായി തിരിച്ച് എത്തിയിരിക്കുന്നു. പത്ത് ദിവസത്തെ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ. വീട്ടിലെ അംഗങ്ങളെല്ലാം പ്രായപൂർത്തിയായവരും കാര്യപ്രാപ്തിയുള്ളവരുമാണെങ്കിലും എല്ലായിടത്തും സിന്ധുവിന്റെ കണ്ണും കയ്യും തന്നെ എത്തിയാലെ കാര്യങ്ങൾ കൃത്യമായി നടക്കൂ. ആ കുടുംബത്തിലെ എല്ലാവരുടേയും ജീവിതം ഈസിയായി മുന്നോട്ട് പോകാൻ ഒരു കാരണക്കാരി സിന്ധു കൂടിയാണ്.
ഒരാഴ്ച കഴിഞ്ഞിട്ടും വീഡിയോകൾ ഒന്നും പ്രത്യക്ഷപ്പെടാത്തതുകൊണ്ട് തന്നെ സ്ഥിരം പ്രേക്ഷകർ മെസേജിലൂടെയും മറ്റും തിരക്കി എത്തിയിരുന്നു. അതിനാലാണ് പുതിയ വ്ലോഗ് സിന്ധു പങ്കിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമിക്കാൻ സമയം കിട്ടാത്ത അത്രത്തോളം തിരക്കിലൂടെയാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് സിന്ധു പറയുന്നു.

ഞാൻ ഇന്ന് പങ്കിട്ടിരിക്കുന്നത് കുറേനാൾ മുമ്പ് എപ്പഴോ തുടങ്ങിയൊരു വ്ലോഗാണ്. എന്നും വന്ന് ഒരേ കാര്യം തന്നെ പറയേണ്ടി വരുന്നതിൽ എനിക്കും അസംതൃപ്തിയുണ്ട്. പക്ഷെ എന്റെ ലൈഫിലെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ്. ഒന്നിനും സമയമില്ല. എന്നും നൂറ് തിരക്കാണ്. ഓസി പ്രസവിക്കാനുള്ള സമയം അടുത്തപ്പോൾ മുതൽ അതായത് മെയ് മാസം അവസാനമായപ്പോൾ മുതൽ ലൈഫ് വളരെ ബിസിയായിട്ടാണ് മുന്നോട്ട് പോകുന്നത്.
പെട്ടന്ന് കാലം കടന്ന് പോകുന്നതുപോലെ. അതുപോലെ ആശുപത്രിയിൽ പോകുന്നതും വർധിച്ചു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏതെങ്കിലുമൊക്കെ ആശുപത്രിയിലായി ഞാനുണ്ടാകും. കുഞ്ഞിനെ കൊണ്ട് പോകുമ്പോൾ പോകാറുണ്ട്. വീട്ടിൽ ആർക്ക് അസുഖം വന്നാലും അവർക്കൊപ്പം ഞാൻ പോകാറുണ്ട്.
പത്ത് ദിവസത്തിലേറെയായി ഞാൻ വ്ലോഗ് ഇട്ടിട്ട് സിന്ധു പറഞ്ഞ് തുടങ്ങി. അതുകൊണ്ട് തന്നെ പലരും അതേ കുറിച്ച് അന്വേഷിച്ച് മെസേജും അയച്ച് തുടങ്ങി. ഈ ദിവസങ്ങളിൽ എല്ലാം ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും ഞാൻ ക്യാപ്ചർ ചെയ്യാൻ മറന്ന് പോയി. റെക്കോർഡ് ചെയ്യണമെന്ന ചിന്ത പലപ്പോഴും വരാറില്ല. വാർത്തകൾ കാണുന്നതും ന്യൂസ് പേപ്പർ വായനയും എല്ലാം കുറവാണ്.
കഴിഞ്ഞ ദിവസം ഡാഡിക്ക് ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകണമായിരുന്നു. ഹോസ്പിറ്റലിൽ ചെക്കപ്പ് ഡെയാണെങ്കിൽ ഒരു സമയം കഴിയുമ്പോൾ നമ്മുടെ മൂടങ്ങ് പോകും. ആശുപത്രിയിൽ പോയി ഓരോ കാര്യങ്ങൾ ചെയ്ത് തിരികെ വീട്ടിൽ വരുമ്പോഴേക്കും മൂഡോഫാകും സിന്ധു പറഞ്ഞു. പിതാവിന്റെ അസുഖത്തെയും അവശതകളെയും കുറിച്ചാണ് പിന്നീട് സംസാരിച്ചത്.

വാർധക്യം വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. വേദന നൽകുന്ന ഒന്നാണ്. ഒന്നും സ്വന്തമായി ചെയ്യാൻ പറ്റില്ലല്ലോ. പണ്ട് ഡാഡി വളരെ സ്ട്രോങ്ങായ മനുഷ്യനായിരുന്നു. ആക്ടീവായിരുന്നു ഒരുപാട് എനർജിയുണ്ടായിരുന്നു. മസ്ക്കറ്റിൽ പാക്കിങ് ആന്റ് ഫോർവേഡിങ് ബിസിനസ് ആയിരുന്നു ഡാഡിക്ക്. ഒരു അമേരിക്കൻ കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തതായിരുന്നു. എപ്പോഴും ആക്ടീവായി നടക്കുന്ന ഡാഡിയെ മാത്രമെ ഞാൻ കണ്ടിട്ടുള്ളു.
ഭാരം എടുക്കാനൊന്നും ഡാഡിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ആ ഡാഡിയെ ഇപ്പോൾ അവശനായി കാണേണ്ടി വരുമ്പോൾ വിഷമം തോന്നുന്നു. ഡാഡി വീക്കാണ്. നടക്കുമെങ്കിലും ആരെങ്കിലും എപ്പോഴും ഒപ്പമുണ്ടാകണം. സ്ട്രോക്ക് വന്നതുകൊണ്ട് ബാലൻസ് പോകും. സർജറി ചെയ്തിരുന്നു. അതുകൊണ്ട് സ്വന്തമായി താടി ഷെയ്വ് ചെയ്യാൻ പോലും കഴിയില്ല.
എല്ലാം പാർലറിൽ കൊണ്ടുപോയാണ് ചെയ്യിക്കുന്നത് സിന്ധു പറഞ്ഞു. ഒരു സഹോദരി മാത്രമാണ് സിന്ധുവിനുള്ളത്. അവർ കുടുംബസമേതം ബാംഗ്ലൂരിൽ സെറ്റിൽഡാണ്. അതുകൊണ്ട് തന്നെ മാതാപിതാക്കളെ സംരക്ഷിക്കുന്നത് സിന്ധുവാണ്. തിരക്കിട്ട ജീവിതത്തിന് ഇടയിലും അച്ഛന്റെയും അമ്മയുടേയും കാര്യങ്ങൾക്ക് ഒരു മുടക്കവും സിന്ധു വരുത്താറില്ല.


Click it and Unblock the Notifications











