അവരെ ഒറ്റയ്ക്ക് വിടാനുള്ള ഭയം, ഓസിയുണ്ടായിരുന്നുവെങ്കിൽ പൂർണത വന്നേനെ, ഈ യാത്ര പ്രതീക്ഷിച്ചില്ല; സിന്ധു കൃഷ്ണ
സമൂഹമാധ്യമങ്ങൾ ഏറെ ആഘോഷിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കഴിഞ്ഞ ദിവസമാണ് സിന്ധുവും മൂന്ന് പെൺ മക്കളും ജപ്പാനിൽ അവധി ആഘോഷിച്ച് തിരികെ എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ജപ്പാൻ യാത്ര വിശേഷങ്ങൾ സിന്ധു പങ്കിട്ടപ്പോൾ മുതൽ വിശദമായ വ്ലോഗിനായി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.
ഇപ്പോഴിതാ ജപ്പാൻ യാത്രയുടെ വിശദമായ വ്ലോഗുമായി എത്തിയിരിക്കുകയാണ് സിന്ധു. രണ്ടാമത്തെ മകൾ ദിയയും ഭർത്താവ് അശ്വിനും കൃഷ്ണകുമാറും ജപ്പാൻ യാത്രയിൽ നിന്നും വിട്ടു നിന്നു. അതിനുള്ള കാരണവും സിന്ധു വിശദീകരിച്ചു. കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും യുട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വീഡിയോ ഇടുന്നവരിൽ ഒരാൾ സിന്ധുവാണ്.

സമയം കിട്ടുമ്പോഴെല്ലാം കഴിയുന്ന അത്ര രാജ്യങ്ങൾ സന്ദർശിക്കുക അവിടുടെ കൾച്ചർ മനസിലാക്കുക അനുഭവിക്കുക എന്നതൊക്കെ സിന്ധു കൃഷ്ണയും മക്കളും എപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ്. മൂത്തമകളും നടിയുമായ അഹാനയും ഇളയ മക്കളായ ഇഷാനിയും ഹൻസികയും മാത്രമാണ് ജപ്പാൻ യാത്രയിൽ സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. രണ്ടാമത്തെ മകൾ ദിയയും ഭർത്താവും വിട്ടുനിന്നു. ദിയ ആറ് മാസം ഗർഭിണിയായതിനാൽ ദീർഘ ദൂര വിമാന യാത്രകൾ ഗർഭകാല ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതാണ് കാരണം.
ജപ്പാൻ യാത്ര ആരംഭിച്ചപ്പോൾ മുതൽ ദിയയുടെ അസാന്നിധ്യം പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. അതിനുള്ള വിശദീകരണം കൂടിയാണ് ജപ്പാൻ വ്ലോഗിലൂടെ സിന്ധു നൽകിയത്. കൃഷ്ണകുമാർ സിനിമയേക്കാൾ രാഷ്ട്രീയത്തിൽ സജീവമാണിപ്പോൾ. അതുമായി ബന്ധപ്പെട്ട ജോലികളും യാത്രകളും ഉള്ളതിനാലാണ് കൃഷ്ണകുമാർ ജപ്പാനിൽ അവധി ആഘോഷിക്കാൻ എത്താതിരുന്നത്.
ചെറിവസന്ത കാലമാണിപ്പോൾ ജപ്പാനില്‍. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ജപ്പാനിൽ ഇപ്പോൾ ഉള്ള പുഷ്പോത്സവം. ഈ കാഴ്ച കാണാന്‍ വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ തിരക്കാണ് ജപ്പാനിൽ. ചെറി ബ്ലോസം കാണാൻ വേണ്ടി തന്നെയാണ് സിന്ധുവും മക്കളും ജപ്പാനിലേക്ക് ഏപ്രിൽ മാസത്തിൽ തന്നെ യാത്ര പോയത്. ഏറ്റവും ഇളയവളായ ഹൻസികയുടെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന സ്ഥലം കൂടിയാണത്രെ ജപ്പാൻ.
ഹൻസികയ്ക്ക് വേണ്ടിയാണ് ഞാൻ ജപ്പാനിൽ വന്നത്. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജപ്പാനിൽ പോവുക എന്നത്. ഞങ്ങൾ ഇന്റർനാഷണൽ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴെല്ലാം ജപ്പാനിൽ പോകാമെന്ന് ഹൻസിക നിരന്തരം പറയാറുണ്ടായിരുന്നു. യൂറോപ്യൻ കൺട്രീസ് കവർ ചെയ്തശേഷം ജപ്പാനിൽ പോകാമെന്ന് പറഞ്ഞ് മാറ്റിവെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ചെറി ബ്ലോസം സീസണിൽ ജപ്പാനിലേക്ക് വരാൻ പ്ലാനിട്ടിരുന്നു. പക്ഷെ ഇലക്ഷൻ ആയതിനാൽ സാധിച്ചില്ല. അങ്ങനെയാണ് ഇപ്പോൾ ജപ്പാൻ ട്രിപ്പ് സാധ്യമായത്. ഹൻസികയുടെ കോളേജും അടച്ചിട്ടിരിക്കുകയാണ്. ഗർഭിണിയായതുകൊണ്ടാണ് ഓസി വരാതിരുന്നത്. ഇനി കുഞ്ഞ് കൂടി വൈകാതെ വരുമെന്നതുകൊണ്ട് ഈ അടുത്ത കാലത്തൊന്നും ദീർഘദൂര ട്രിപ്പുകൾ ഓസിക്ക് പ്രാക്ടിക്കലല്ല. കിച്ചുവിന് പലവിധ തിരക്കുകൾ ഉണ്ട്.
വിസയ്ക്ക് അപേക്ഷിച്ചപ്പോൾ തന്നെ കിച്ചു താൻ വരാൻ സാധ്യതയില്ലെന്ന് അറിയിച്ചിരുന്നു. എല്ലാവരും ഫ്രീയായിട്ടുള്ള സമയം കൂടിയാണ് ഏപ്രിൽ. അതുകൊണ്ട് കൂടിയാണ് യാത്ര മാറ്റിവെക്കാതെ വന്നതും. ജപ്പാൻ എന്റെ വിഷ് ലിസ്റ്റിലുള്ള സ്ഥലമല്ല. രാജ്യമെന്ന രീതിയിൽ എനിക്ക് ഇഷ്ടമാണ്. വന്നത് മുതൽ മഴയാണ്. മക്കളെ ഒറ്റയ്ക്ക് ഇത്രയും ദൂരത്തേക്ക് അയച്ചാൽ എനിക്ക് സമാധാനമുണ്ടാകില്ല. ഗൾഫ് കൺട്രികളിലേക്ക് പോകുന്നത് പോലെയല്ല.
ജപ്പാൻ കൂറേക്കൂടി ദൂരം കൂടുതലാണ്. മാത്രമല്ല പരിചയക്കാരും ഇല്ല. അതുകൊണ്ട് കൂടിയാണ് ഞാനും ഇവർക്കൊപ്പം വന്നത്. പിന്നെ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യമാണ് ജപ്പാൻ. വഴിയിൽ ഒരു ബാഗ് മറന്ന് വെച്ച് പോയാൽ പോലും അത് ആരും എടുക്കുകയില്ല. മോഷണം ഇല്ലാത്ത രാജ്യമാണ്. ഈ ട്രിപ്പിൽ ഓസിയെ എനിക്ക് മിസ് ചെയ്യുന്നുണ്ട്. അവൾ കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരൂ പൂർണത തോന്നിയേനെ എന്നും സിന്ധു പറയുന്നു. ചെറി ബ്ലോസം ആസ്വദിക്കുന്ന കാഴ്ചകളും പുതിയ വീഡിയോയിൽ സിന്ധു ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications