'അന്ന് ഞാനും ചെറിയ പ്രായമാണ്... തല്ലാതെ പറഞ്ഞ് മനസിലാക്കിയാൽ മതിയായിരുന്നു, എനിക്ക് ഇന്നും കുറ്റബോധമുണ്ട്'
നാല് പെൺമക്കളേയും അവർ മുതിർന്നശേഷവും കുഞ്ഞുങ്ങളെപ്പോലെ തന്നെയാണ് സിന്ധു കൃഷ്ണ പരിപാലിക്കുന്നതും സ്നേഹിക്കുന്നതും. വളരെ ചെറിയ പ്രായത്തിൽ തന്ന വിവാഹിതയായതുകൊണ്ട് ഇരുപത്തിമൂന്ന് വയസിൽ തന്നെ ആദ്യത്തെ കുഞ്ഞിനും ജന്മം നൽകി. ഇളയ മകൾ ഒഴികെ സിന്ധുവിന്റെ മറ്റ് മൂന്ന് പെൺമക്കളും തമ്മിൽ വലിയ പ്രായവ്യത്യാസങ്ങളില്ല. അഹാന കൃഷ്ണയ്ക്ക് രണ്ടര വയസ് മാത്രം പ്രായമുള്ളപ്പോഴാണ് രണ്ടാമത്തെ മകൾ ദിയയെ സിന്ധു പ്രസവിക്കുന്നത്.
അന്ന് ചെറിയ പ്രായമായതുകൊണ്ട് തന്നെ മക്കളെ ശിക്ഷിക്കുമ്പോൾ ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് സിന്ധു ഇപ്പോൾ. അഹാന ചെയ്തൊരു കുസൃതിയുടെ പേരിൽ രണ്ടര വയസുള്ള മകളെ താൻ അന്ന് ഒരുപാട് തല്ലിയെന്നും അതിൽ ഇപ്പോഴും ഖേദമുണ്ടെന്നും സിന്ധു പറയുന്നു.

മക്കളെ തല്ലിയിട്ടുണ്ടോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് സിന്ധു ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. എല്ലാ പിള്ളേരേയും ഞാൻ അടിച്ചിട്ടുണ്ട്. ഇപ്പോൾ എനിക്ക് ആലോചിക്കുമ്പോൾ വിഷമം തോന്നും. അതുപോലെ ഓസി ജനിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോഴാണ് അമ്മു ഒരിക്കൽ ഒരു കുഞ്ഞ് പോപ്പിക്കുട വെച്ച് ഓസിയുടെ തലയ്ക്ക് ഒരു അടി കൊടുത്തത്. അന്ന് അമ്മുവിനെ ഞാൻ കുറേ അടിച്ചു.
തൂക്കി എടുത്തൊക്കെ എറിഞ്ഞു ഞാൻ അന്ന്. അന്ന് എനിക്ക് അത്രത്തോളം ടെൻഷനായി പോയി. ഓസി ഇനി മരിച്ച് പോകുമോയെന്ന് വരെ ഞാൻ ചിന്തിച്ചു. ആ അടി കിട്ടി ഓസിയുടെ നെറ്റിയിൽ മുറിവായി. ശ്വാസം കിട്ടാതെ കരയുന്നുമുണ്ട്. അമ്മുവിനെ അന്ന് ഞാൻ കുറേ അധികം അടിച്ചു. പക്ഷെ ആ സംഭവം ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്... അമ്മുവിനും അന്ന് രണ്ടര വയസല്ലേ ഉണ്ടായിരുന്നുള്ളുവെന്ന്.
എന്തിനാണ് അങ്ങനെ അടച്ചതെന്ന്. പറഞ്ഞ് അവളെ മനസിലാക്കണമായിരുന്നുവെന്ന്. എനിക്ക് തന്നെ അന്ന് ഒരു ഇരുപത്തിയാറ് വയസേ ഉണ്ടായിരുന്നുള്ളു. പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് ഞാൻ അന്ന് അമ്മുവിനെ അടിച്ചത്. എന്തിനാണ് ഓസിയെ അടിച്ചതെന്ന് ചോദിച്ചപ്പോൾ അത് ടിവിയിൽ പറയുന്നത് കേട്ടു... വടി കൊണ്ട് തല്ലല്ലേ സാറേ... വേണേൽ പോപ്പിക്കുട കൊണ്ട് തല്ലിക്കോളൂവെന്ന്. അതുകൊണ്ടാണ് താൻ പോപ്പിക്കുട വെച്ച് അടിച്ചതെന്ന് അവൾ പറഞ്ഞു.
ആ ഫെയ്മസ് കഥ ഒരുവിധം എല്ലാവർക്കും അറിയാമെന്ന് തോന്നുന്നു. പിന്നെ കുറച്ച് കഴിഞ്ഞ് ഓസിയും കരച്ചിൽ നിർത്തി. അമ്മുവിനേയും കെട്ടിപിടിച്ച് കുറേ ഉമ്മയൊക്കെ കൊടുത്തു. പക്ഷെ അന്ന് അത്രത്തോളം അടിച്ചതിൽ എനിക്ക് വിഷമമുണ്ട് എന്നാണ് സിന്ധു പറഞ്ഞത്. അഹാന പക്ഷെ ഇന്ന് തന്റെ മൂന്ന് സഹോദരിമാർക്കും ഏറെ പ്രിയപ്പെട്ട ചേച്ചിയാണ്.

സഹോദരി എന്നതിലുപരി അമ്മയുടെ സ്ഥാനം തന്നെയാണ് ദിയയും ഇഷാനിയും ഹൻസികയും എല്ലാം അഹാനയ്ക്ക് നൽകുന്നത്. സഹോദരിമാരുടെ ഏത് ആവശ്യത്തിനും മുന്നിൽ തന്നെ അഹാനയുണ്ടാകും. മറ്റ് പെൺമക്കളെ പ്രസവിച്ചശേഷം അവരെ പരിപാലിക്കാൻ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളതും അഹാനയാണെന്ന് സിന്ധു പലയിടത്തും പറഞ്ഞിട്ടുണ്ട്. അഹാനയും ഇളയ സഹോദരി ഹൻസികയും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്.
അടുത്തിടെ ദിയയുടെ സ്ഥാപനത്തിൽ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്നപ്പോൾ ദിയയ്ക്കൊപ്പം നിന്ന് തട്ടിപ്പുകാരികളെ പിടികൂടാൻ സഹായിച്ചത് അടക്കം അഹാനയായിരുന്നു. അഹാനയെപ്പോലൊരു സഹോദരി എല്ലാവരുടെ ജീവിതത്തിലും വേണമെന്നുള്ള കമന്റുകൾ താരം സഹോദരിമാരെ കുറിച്ച് പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കുമ്പോൾ പ്രത്യക്ഷപ്പെടാറുണ്ട്.
ദിയയുടെ ഗർഭകാലത്തും കുഞ്ഞ് പിറന്നശേഷവും സിന്ധുവിനെപ്പോലെ തന്നെ ദിയയേയും കുഞ്ഞിനേയും പരിപാലിക്കുന്നൊരാൾ അഹാനയാണ്. ഓമിക്ക് ഏറ്റവും പ്രിയപ്പെട്ട ആന്റി അഹാനയാണോയെന്ന് പോലും ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ കാണുമ്പോൾ തോന്നും.


Click it and Unblock the Notifications











