കാറിൽ വെച്ച് അമ്മു ചോദിച്ചപ്പോൾ അവർ പറഞ്ഞത്, തുടക്കം അങ്ങനെയായിരുന്നു, നല്ല ബുദ്ധി കൊടുക്കട്ടെ: സിന്ധു കൃഷ്ണ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മൂന്ന് മുൻ ജീവനക്കാരികൾ നടത്തിയ തട്ടിപ്പ് വലിയ വാർത്തയായിരുന്നു. ജീവനക്കാരികൾ കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചു. കടയിൽ കൊണ്ട് പോയി തെളിവുകൾ ശേഖരിച്ചപ്പോഴാണ് ഇവർ തട്ടിപ്പ് നടത്തിയത് സമ്മതിച്ചത്. ദിയ പൂർണഗർഭിണിയായിരിക്കെയാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ക്യു ആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും ലക്ഷക്കണക്കിന് രൂപയാണ് ഇവർ കെെക്കലാക്കിയത്. ദിയക്കും കുടുംബത്തിനും വലിയ ഞെട്ടലായിരുന്നു ഈ സംഭവം.
തട്ടിപ്പിന് പുറമെ ദിയക്കും പിതാവ് കൃഷ്ണകുമാറിനും നേരെ ഇവർ പരാതി നൽകുകയും ചെയ്തു. അന്വേഷണത്തിൽ ദിയയുടെ ഭാഗത്താണ് ന്യായമെന്ന് വ്യക്തമായ പൊലീസ് ജീവനക്കാരികൾക്കെതിരെയുള്ള അന്വേഷണം ഊർജിതമാക്കി. മൂന്ന് പേരും പൊലീസിൽ കീഴടങ്ങി. വിനീത, രാധകുമാരി, ദിവ്യ ഫ്രാൻസിസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെക്കുറിച്ച് പുതിയ വ്ലോഗിൽ സിന്ധു കൃഷ്ണ പറഞ്ഞ കാര്യമാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൂവരും ഇപ്പോൾ ജയിലിലാണെന്ന് സിന്ധു കൃഷ്ണ പറയുന്നു. ഇവർ കെെക്കലാക്കിയ പണം തിരികെ ലഭിച്ചിട്ടില്ലെന്നും സിന്ധു കൃഷ്ണ പറയുന്നുണ്ട്.

അവർ അറസ്റ്റിലായി എന്നത് തന്നെ വലിയൊരു കാര്യമാണ്. പബ്ലിക്കിന്റെ ശ്രദ്ധ പിടിച്ച് പറ്റിയ കേസാണിത്. അതൊരു പക്ഷെ ഇത് പോലത്തെ ക്രെെമുകൾ ചെയ്യാതിരിക്കാൻ ഒരുപാട് പേരെ പ്രേരിപ്പിക്കും. ഏഴെട്ട് മാസം കിട്ടിയത് കൊണ്ട് അവർ വീട് വെക്കുകയും സ്വർണം വാങ്ങുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തു. ആ കുട്ടികൾക്കും നല്ല ബുദ്ധി വരട്ടെ. നിങ്ങൾക്കിങ്ങനെ ചെയ്തപ്പോൾ കുറ്റബോധം ഒന്നും തോന്നിയില്ലേ എന്ന് കാറിൽ വെച്ച് അമ്മു ആ കുട്ടികളോട് ചോദിച്ചിരുന്നു.
തോന്നി ചേച്ചീ എന്ന് പറഞ്ഞു. എന്നെങ്കിലും പിടിക്കപ്പെടുമെന്ന് അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോൾ അറിയാമായിരുന്നു, പിന്നെ തുടങ്ങിയത് കൊണ്ട് അങ്ങ് ചെയ്തതാണെന്ന് പറഞ്ഞു. തെറ്റാണെന്ന് അവർക്ക് അറിയാം. പക്ഷെ എളുപ്പത്തിൽ പെെസ കിട്ടുമ്പോൾ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും.

നിങ്ങളെങ്ങനെയാണ് ആദ്യം തുടങ്ങിയതെന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറഞ്ഞത് പെട്രോളിന് ചെറുതായി എടുത്ത് തുടങ്ങിയെന്നാണ്. പിന്നെയാണ് കൂടുതൽ എടുത്തത്. എല്ലാ ക്രെെമിനും ഒരു തുടക്കം ഉണ്ടല്ലോ. അവരിപ്പോൾ അട്ടക്കുളങ്ങരയിലെ സബ്ജയിലിലാണ്. ബാക്കിയുള്ള കാര്യങ്ങൾ തനിക്ക് അറിയില്ല എന്നും സിന്ധു കൃഷ്ണ പറഞ്ഞു.
പൂർണഗർഭിണിയായ സമയത്തുണ്ടായ ഈ സംഭവം ദിയ കൃഷ്ണയെ മാനസികമായി ഏറെ ബാധിച്ചിരുന്നു. കുടുംബവും ആരാധകരും നൽകിയ പിന്തുണയാണ് ദിയക്ക് ഈ സമയത്ത് ആശ്വാസമായത്. പണം തിരികെ നൽകുമെന്ന് ജീവനക്കാരികൾ പറഞ്ഞതിനാൽ നിയമപരമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു ദിയ കൃഷ്ണയും കുടുംബവും. എന്നാൽ പിന്നീട് ദിയക്കും കൃഷ്ണകുമാറിനുമെതിരെ ഇവർ പരാതി നൽകി. തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.
ദിയ ജാതീയമായി വേർതിരിവ് കാണിച്ചെന്നും ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു. പിന്നാലെ മൂന്ന് പേരെയും ചോദ്യം ചെയ്ത് സത്യങ്ങൾ തുറന്ന് പറയിക്കുന്ന വീഡിയോ ദിയ പങ്കുവെച്ചു. ഇതിന് ശേഷം വലിയ പിന്തുണയാണ് ദിയക്ക് ലഭിച്ചത്. ഈ വിവാദത്തിന് ശേഷം ദിയയുടെ ജനപ്രീതി കൂടിയിട്ടുണ്ട്. അമ്മയായ ദിയ ഇന്ന് കുഞ്ഞിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ ദിയയും കുടുംബവും പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications











