ഭീഷണികളിൽ പേടിക്കുന്ന ആളല്ല ഞാൻ, അവർക്കെന്തോ പ്രശ്നമുണ്ട്; സത്യഭാമയ്ക്ക് മറുപടിയുമായി സ്നേഹ
കലാമണ്ഡലം സത്യഭാമ നടി സ്നേഹ ശ്രീകുമാറിനെ അപമാനിച്ച് സംസാരിച്ചത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമർശത്തിൽ സ്നേഹ ശ്രീകുമാർ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്നേഹയെക്കുറിച്ച് മോശമായി സത്യഭാമ സംസാരിച്ചത്. സത്യഭാമയുടെ അധിക്ഷേപം താൻ കാര്യമാക്കുന്നില്ലെന്ന് സ്നേഹ മാതൃഭൂമിയോട് പ്രതികരിച്ചു.
ഇവർക്കൊരു മറുപടി കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. കാരണം ഇത് ഒരു പ്രാവശ്യം സംഭവിച്ചതല്ല. അവർക്ക് എന്തോ പ്രശ്നമുണ്ട്. അല്ലാതെ ഇങ്ങനെ സംസാരിക്കാൻ പറ്റില്ല. സാധാരണ മനുഷ്യർക്ക് ഒരു നിലവാരം വിട്ട് അതിന്റെ താഴേക്ക് സംസാരിക്കാൻ പറ്റില്ല. അവരുടെ രീതിയിൽ മറുപടി കൊടുക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് ഞാൻ ഇക്കാര്യം വിട്ടതാണ്. ഒരുപാട് പേർ തനിക്ക് വേണ്ടി സംസാരിച്ചെന്ന് സ്നേഹ ശ്രീകുമാർ ചൂണ്ടിക്കാട്ടി.

ഒരാളെ പറ്റി കൃത്യമായി അറിയാതെ സംസാരിക്കരുതെന്ന് അവർ പറഞ്ഞിരുന്നു. പക്ഷെ അവർ പറഞ്ഞത് തെറ്റായിരുന്നു. കലാമണ്ഡലത്തിൽ ഒരു അഡ്മിഷന് ഞാൻ പോയിട്ടില്ല. ഡാൻസും ഓട്ടൻതുള്ളലുമൊന്നും കലാമണ്ഡലത്തിൽ നിന്നല്ല പഠിച്ചത്. ചെറുപ്പത്തിലേ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുക്കൻമാരുടെ വീട്ടിൽ പോയി പഠിച്ചതാണ്. അവർക്ക് എന്തോ പ്രശ്നം എവിടെയോ ഉണ്ട്. അതുകൊണ്ടായിരിക്കും ഇങ്ങനെ സംസാരിക്കുന്നതെന്ന് തോന്നുന്നു. ഇത് ഞാൻ പറഞ്ഞതിന്റെ ഒരുപക്ഷെ ഇനിയും അവർ വീഡിയോ ചെയ്യാം.
എന്ന് വെച്ച് അത്തരം ഭീഷണികളിൽ പേടിക്കുന്ന ആളൊന്നുമല്ല ഞാൻ. അത്തരം ഭീഷണികളൊന്നും ആരും എന്റെ നേരെ പ്രയോഗിക്കാമെന്നും വിചാരിക്കേണ്ട. ഇതിനേക്കാൾ വലിയ പ്രതികൂല സാഹചര്യങ്ങൾ കടന്ന് വന്ന ആളാണ്. എന്റെ അച്ഛന്റെ ശ്രീകുമാർ ആണ്. എന്നെ വീട്ടിൽ നിന്ന് പഠിപ്പിച്ചത് നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ്.
എന്റെ അച്ഛൻ അങ്ങനെ ഉറച്ച അഭിപ്രായങ്ങളുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ മകളായ എനിക്കും അതുണ്ടാകും. എതിരഭിപ്രായങ്ങൾ പറയാം. പക്ഷെ മാന്യമായ ഭാഷയിൽ സംസാരിക്കണമെന്നും ഇവിടെ നിയമവ്യവസ്ഥകളുണ്ടെന്നും സ്നേഹ ശ്രീകുമാർ പറഞ്ഞു. സിനിമാ, സീരിയൽ രംഗത്ത് നിന്നും സ്നേഹ ശ്രീകുമാറിന് നിരവധി പേർ പിന്തുണയറിയിച്ചു.
സ്നേഹ നീ എന്താണെന്നും ,നിന്റെ കഴിവുകൾ എന്താണെന്നും കേരളത്തിലെ കലാസ്വാദകരായ ഞങ്ങൾക്ക് അറിയാം. നമ്മൾ ഒരുമിച്ചു ലാലേട്ടന്റെ ഛായാമുഖി നാടകം ചെയ്യുമ്പോൾ നിന്റെ അഭിനയം നോക്കി നിന്നവളാണ് ഞാൻ. നീയെന്ന മണ്ടോധരിയെ ഞങ്ങൾ ആരാധിക്കുന്നു,ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനിരിക്കുന്ന നിനക്ക് എന്റെ സ്നേഹവും ആശംസകളും എന്നാണ് സ്നേഹ ശ്രീകുമാറിന് പിന്തുണയറിയിച്ച് നടി സീമ ജി നായർ കുറിച്ചത്.


Click it and Unblock the Notifications











