'അലിനും ആറാട്ടണ്ണനും എതിരാളി, യുദ്ധഭൂമിയിൽ പുതിയയാൾ, വിദ്യാഭ്യാസമില്ലാത്ത കാലത്ത് ഇത്ര മണ്ടന്മാരില്ലായിരുന്നു'
സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് വളരെ സുപരിചതമായ പേരുകളാണ് ആറാട്ട് അണ്ണൻ, അലിൻ ജോസ് പെരേര, ജയിലറണ്ണന്‍, ടെെഗറണ്ണന്‍, കിംബോയ് എന്നിവ. മലയാളത്തിലെ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലെ സൂപ്പർസ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ റിലീസിനെത്തുമ്പോഴാണ് ഇവരെയെല്ലാം വിവിധ രൂപത്തിലും ഭാവത്തിലും എറണാകുളം വനിത വിനീത തിയേറ്റർ കോംപ്ലക്സിൽ കാണാൻ സാധിക്കുക.
മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിവ്യു പറഞ്ഞ് സന്തോഷ് വർക്കിയാണ് ഇവർക്കിടയിൽ നിന്നും എത്തി ആദ്യം സോഷ്യൽമീഡിയിയൽ വൈറലായത്. തുടക്കത്തിൽ സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരെല്ലാം അത് ആസ്വദിച്ചിരുന്നു. എന്നാൽ അതേ രീതി പിന്തുടർന്ന് അലിൻ ജോസ് പെരേര, ജയിലറണ്ണന്‍, ടെെഗറണ്ണന്‍, കിംബോയ് തുടങ്ങിയവർ കൂടി എത്തിയതോടെ പ്രേക്ഷകർ പരിഹസിച്ച് തുടങ്ങി.

ഒട്ടുമിക്ക ബിഗ് ബജറ്റ് സിനിമകൾ റിലീസിനെത്തുമ്പോഴും ഇക്കൂട്ടരാണ് ആദ്യം സിനിമയെ കുറിച്ചുള്ള റിവ്യു ഓൺലൈൻ മീഡിയയോട് പറയുന്നത്. ഇപ്പോഴിതാ ഇവർക്കിടയിലേക്ക് പുതിയൊരാൾ കൂടി എത്തിയിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ജിതിനാണത്. എന്നാൽ ആറാട്ട് അണ്ണൻ, അലിൻ ജോസ് പെരേര, ജയിലറണ്ണന്‍ എന്നിവരിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തനാണ് സൂര്യയുടെ ആരാധകനായ ജിതിൻ.
കങ്കുവ കാണാൻ ചിത്രത്തിലെ സൂര്യയുടെ അതേ ഗെറ്റപ്പ് റിക്രിയേറ്റ് ചെയ്താണ് ജിതിൻ വനിത വിനീതയിൽ എത്തിയത്. ചിത്രത്തിൽ സൂര്യ പറഞ്ഞ ഡയലോഗുകൾ മനപാഠമാക്കി സിനിമ കാണാൻ എത്തിയവർക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു. വൈറൽ ആകുക എന്ന ലഷ്യം തന്നെയാണ് കങ്കുവ ഗെറ്റപ്പിൽ തിയേറ്ററിൽ പ്രത്യക്ഷപ്പെടാൻ ജിതിനെ പ്രേരിപ്പിച്ചത്.
എന്നാൽ റിവ്യു പറഞ്ഞ് അതിരുവിട്ട് പെരുമാറി സ്വയം കോമാളിയായി റീച്ച് കൂട്ടാൻ ശ്രമിച്ചില്ലെന്നത് തന്നെയാണ് മറ്റുള്ളവരിൽ നിന്നും ജിതിനെ വ്യത്യസ്തനാക്കിയത്. സൂര്യയുടെ കങ്കുവ കോസ്റ്റ്യൂം ജിതിൻ പരിമിതികൾക്കുള്ളിൽ നിന്ന് റിക്രിയേറ്റ് ചെയ്തു. രണ്ട് മണിയായപ്പോൾ എത്തി. സൂര്യയുടെ അഭിനയം ഒരുപാട് ഇഷ്ടമാണ്. സിനിമയിലെ സൂര്യയുടെ ലുക്ക് നോക്കി അതുപോലെ സ്വന്തമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് എടുത്തതാണ്.
മുമ്പ് ആർഡിഎക്സ് അടക്കം ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട് അഭിനയത്തോടാണ് എനിക്ക് താൽപര്യം. 750 രൂപ മുടക്കിയാണ് കോസ്റ്റ്യൂം ചെയ്തത്. ചാക്ക് കട്ട് ചെയ്ത് കളർ മുക്കിയാണ് കോസ്റ്റ്യൂം ചെയ്തത്. സൂര്യ ഫാൻ എന്ന നിലയിൽ കങ്കുവ ഇഷ്ടപ്പെട്ടു. കാർത്തിയുടെ പ്രകടനവും ഇഷ്ടപ്പെട്ടു. വീട്ടിൽ ആരോടും ഇവിടെ വരുന്നത് പറഞ്ഞിട്ടില്ല.

ആൾക്കാർക്കിടയിൽ അറിയപ്പെടട്ടെയെന്ന് കരുതിയാണ് വനിത വിനീതയിൽ വന്നത്. സിനിമയാണ് ലക്ഷ്യം എന്നാണ് ജിതിൻ പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ പരിഹസിച്ചും പുകഴ്ത്തിയും ആളുകൾ എത്തി. അലിനും ആറാട്ടണ്ണനും എതിരാളി... യുദ്ധ ഭൂമിയിൽ പുതിയ ഭടൻ, വിദ്യാഭ്യാസമില്ലാത്ത കാലത്ത് ഇത്രയും മണ്ടന്മാർ ഉണ്ടായിരുന്നില്ല, ഫാൻസി ഡ്രസ് മത്സരമാണോ? സമ്മാനം കിട്ടിയോ..?
മണ്ടന്‍മാര്‍ എല്ലാ ഇടങ്ങളിലുമുണ്ട് അതിന് കേരളം, കര്‍ണാടക, തമിഴ്‌നാട്, മുംബൈ എന്നൊന്നുമില്ല, സ്വാമി വിവേകാനന്ദന്റെ ദീർഘ വീക്ഷണം... കേരളം ഭ്രാന്താലായം... ഒരോ സിനിമ ഇറങ്ങുമ്പോഴും ഓരോ ഭ്രാന്തൻമാർ ജനിക്കുന്നു എന്നിങ്ങനെയാണ് പരിഹസിച്ച് വന്ന കമന്റുകൾ. അതേസമയം ഡയലോഗ് ഡെലിവറിയും നല്ല പ്രകടനവും കാഴ്ചവെച്ചതിന് ചിലർ പ്രശംസിച്ചും എത്തി.
നന്നായി ചെയ്തു, അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ട് കളിയാക്കാൻ മാത്രം ഒന്നുമില്ല എന്നിങ്ങനെയാണ് പ്രശംസിച്ച് വന്ന കമന്റുകൾ. അതേസമയം കങ്കുവയ്ക്ക് കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് സിനിമ കണ്ടവരിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications