'19 വയസിൽ കാമുകനൊപ്പം മണാലി ട്രിപ്പ്, ഉമ്മയ്ക്ക് പോലും രണ്ടാം സ്ഥാനം, പ്രണയം ഗ്ലോറിഫൈ ചെയ്യുന്ന വീട്ടുകാർ'
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പത്തൊമ്പത് വയസുകാരി പെൺകുട്ടി മത്സരാർത്ഥിയായി എത്തിയത് സീസൺ ഏഴിലാണ്. കോഴിക്കോട് സ്വദേശിനി റെന ഫാത്തിമയായിരുന്നു ആ മത്സരാർത്ഥി. യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ റെനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ബിഗ് ബോസ് ഷോയുടെ ഭാഗമാവുക എന്നത്. ഈ സീസണിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളും റെനയായിരുന്നു.
അമ്പത് ദിവസങ്ങൾ ഹൗസിൽ പൂർത്തിയാക്കിയ റെന ജനവിധി പ്രകാരം കഴിഞ്ഞ ദിവസമാണ് എവിക്ടായി പുറത്ത് വന്നത്. കുറഞ്ഞത് അമ്പത് ദിവസമെങ്കിലും ഹൗസിൽ നിന്നശേഷം മാത്രമെ താൻ എവിക്ടായി പുറത്ത് വരൂവെന്ന് പറഞ്ഞാണ് റെന ഹൗസിലേക്ക് കയറിയത്. അതുപോലെ തന്നെ സംഭവിച്ചു. അമ്പത് ദിവസം റെനയ്ക്ക് ഹൗസിൽ നിന്ന് മത്സരിക്കാൻ സാധിച്ചു.

ഷോയിൽ നിന്നും എവിക്ടായ റെന കോഴിക്കോട് വിമാനത്താവളത്തിൽ വന്ന് ഇറങ്ങിയപ്പോൾ ഉമ്മയും സഹോദരിയും കാമുകൻ ആലിബുമെല്ലാം സ്വീകരിക്കാനായി എത്തിയിരുന്നു. തന്റെ പ്രിയപ്പെട്ടവരെ കണ്ട സന്തോഷത്തിൽ റെന ഓടി വരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അമ്മയും സഹോദരിയുമെല്ലാം ചുറ്റും നിന്നിട്ടും അവർക്കെല്ലാം മുമ്പ് റെന ആദ്യം പോയതും കെട്ടി പിടിച്ചതും കാമുകൻ ആലിബിനെയാണ്.
അത് വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. മകളെ കാണാൻ കണ്ണുനട്ട് കാത്ത് നിന്ന ഉമ്മയെപ്പോലും പരിഗണിക്കാതെ കാമുകനെ റെന കെട്ടിപിടിച്ചുവെന്നത് ആയിരുന്നു പ്രധാന വിമർശനം. ഹൗസിൽ ആയിരുന്നപ്പോൾ റെന ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നതും കാമുകൻ ആലിബിനെ കുറിച്ചായിരുന്നു.
പുതുതലമുറയിലെ കുട്ടികൾ റിലേഷൻഷിപ്പിൽ ഇത്രയേറെ ആത്മാർത്ഥത കാണിക്കുന്നുവെന്നത് പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രേക്ഷകർ റെനയെ പ്രശംസിക്കുകയും ചെയ്തിരുന്നു. റെനയുടെ പ്രണയത്തിന് ആലിബിന്റെ വീട്ടുകാരും റെനയുടെ കുടുംബവുമെല്ലാം പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. ഹൗസിലുണ്ടായ പ്രശ്നങ്ങൾ കാരണം ആലിബ് തന്നെ തെറ്റിദ്ധരിച്ച് കാണുമോയെന്ന ടെൻഷനായിരുന്നു മത്സരത്തിൽ ആയിരുന്നപ്പോൾ റെനയ്ക്ക്.
അവൾക്ക് ആലിബെന്ന് വെച്ചാൽ ജീവനാണ്. ആലിബ് കഴിഞ്ഞിട്ടെ അവൾക്ക് മറ്റെന്തും ഉള്ളു. എന്ത് വന്നാലും ഞങ്ങൾ അവൾക്കൊപ്പമുണ്ട് എന്നാണ് മകളുടെ പ്രണയത്തെ കുറിച്ച് സംസാരിച്ച് ഒരിക്കൽ റെനയുടെ ഉമ്മ പറഞ്ഞത്. പത്തൊമ്പത് വയസുകാരി പെൺകുട്ടിയുടെ പ്രണയത്തെ ഇത്ര അധികം പിന്തുണയ്ക്കേണ്ട ആവശ്യമുണ്ടോയെന്നായിരുന്നു ഉമ്മയുടെ വീഡിയോ പുറത്ത് വന്നപ്പോൾ വന്ന കമന്റുകൾ.

ടീനേജിലെ പ്രണയത്തെ റെനയുടെ ഉമ്മ ഭാവിയിലെ ഭവിഷത്ത് ആലോചിക്കാതെ ഗ്ലോറിഫൈ ചെയ്യുന്നുവെന്നും വിമർശനം ഉയർന്നിരുന്നു. വ്ലോഗിങ് തുടങ്ങിയശേഷം കാമുകനൊപ്പം മണാലി അടക്കമുള്ള സ്ഥലങ്ങളിലേക്ക് റെന യാത്രകൾ നടത്തിയിരുന്നു. ആ പഴയ വ്ലോഗുകളും റെനയുടെ എവിക്ഷനുശേഷമുള്ള വീഡിയോകൾ വൈറലായശേഷം സോഷ്യൽമീഡിയയിൽ കുത്തിപ്പൊങ്ങി വരുന്നുണ്ട്. ആ കൊച്ചിന് നല്ലത് പറഞ്ഞ് കൊടുത്ത് വളർത്താത്തത് ആ സ്ത്രീയാണ്.
അവർ അത് അർഹിക്കുന്നു, റെന ചെയ്തത് വളരെ തെറ്റായ കാര്യമാണ്. ആ ഉമ്മയ്ക്ക് എന്ത് വിലയാണ് ലൈഫിൽ അവൾ കൊടുക്കുന്നത്, ദിയ കൃഷ്ണ ഫാനായിരിക്കും റെന. അതാകും ഒരു ചെക്കൻ പ്രണയം പറഞ്ഞപ്പോൾ തന്നെ വിവാഹത്തിനൊന്നും കാത്ത് നിൽക്കാതെ ട്രിപ്പും വ്ലോഗുമാണ് ജീവിതമെന്ന് കരുതിയത് എന്നിങ്ങനെയാണ് റെനയേയും ഉമ്മയേയും വിമർശിച്ച് വരുന്ന കമന്റുകൾ.
അവരുടെ വീട്ടുകാർക്ക് പ്രശ്നം ഇല്ല. പിന്നെ ഈ നാട്ടുകാർക്ക് എന്താണ് പ്രശ്നം?, ആയ കാലത്ത് നമുക്ക് കിട്ടാത്ത സ്വാതന്ത്ര്യം, നല്ല പ്രണയം, ജീവിത വിജയം, സാമ്പത്തിക ഭദ്രത ഇതൊക്കെ 19 വയസുള്ള ഒരു കുട്ടിക്ക് കിട്ടിയത് കണ്ടപ്പോൾ ഉള്ള ചൊറിച്ചിലാണ് ചിലർക്ക് എന്നായിരുന്നു റെനയെ അനുകൂലിച്ച് വന്ന കമന്റുകൾ.


Click it and Unblock the Notifications