സമ്പന്ന കുടുംബത്തിൽ ജനനം, മികച്ച സ്കൂളിൽ പഠനം, നടനുമായി വിവാഹം; സിന്ധു ബുദ്ധിമുട്ടിയെന്നത് അവിശ്വസനീയം!
മലയാളത്തിൽ അറിയപ്പെടുന്ന താരകുടുംബത്തിലെ അംഗമാണെങ്കിലും യുട്യൂബ് ചാനൽ തുടങ്ങിയശേഷം സ്വന്തമായൊരു ഐഡന്റിറ്റിയും ആരാധകരേയും സൃഷ്ടിച്ചെടുക്കാൻ സിന്ധു കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട്. സിന്ധുവിന്റെ ഹോം വ്ലോഗുകൾക്കാണ് ആരാധകർ കൂടുതൽ. നാൽപ്പത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാണെങ്കിൽ കൂടിയും സിന്ധുവിന്റെ സരസമായ സംസാരം വീഡിയോയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്നതിനാൽ കാഴ്ചക്കാരന് ബോറടി തോന്നുകയേയില്ല.
പലപ്പോഴും സിന്ധു പങ്കിടുന്ന അനുഭവ കഥകൾ കേൾക്കാൻ വേണ്ടിയാണ് ഏറെയും പ്രേക്ഷകർ താരപത്നിയുടെ വീഡിയോകൾ കാണുന്നത് തന്നെ. മക്കളുടെ ജനനശേഷമാണ് കൃഷ്ണകുമാറും സിന്ധുവും സ്വന്തമായി ഒരു വീട് തിരുവനന്തപുരത്ത് നിർമ്മിച്ചത്. ഇരുപത്തിയഞ്ച് വർഷത്തോളം പഴക്കമുള്ള അതേ വീട്ടിലാണ് ഇപ്പോഴും മക്കളുമായി കൃഷ്ണകുമാറും സിന്ധുവും കുടുംബസമേതം താമസം.

ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് അതുപോലൊരു ഇരുനില വീട് നിർമ്മിച്ചപ്പോൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുകയാണ് സിന്ധു കൃഷ്ണ. ബാങ്ക് ബാലൻസോ സ്ഥിര വരുമാനമോ ഇല്ലാതിരുന്ന സമയമായതുകൊണ്ട് തന്നെ വീട് പണി പൂർത്തിയാകും വരെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് സിന്ധു പറയുന്നു. കുടുംബം പോലും പിന്തുണയ്ക്കില്ലായിരുന്നുവെന്നും സിന്ധു പറയുന്നു. വീട് പണിയാൻ തുടങ്ങുമ്പോൾ ബാങ്ക് ബാലൻസ് ഞങ്ങൾക്ക് തീരെ ഉണ്ടായിരുന്നില്ല.
ഫാമിലിയുടെ ഹെൽപ്പും ഉണ്ടായിരുന്നില്ല. പുതിയ വീട് വെച്ച് ഞങ്ങൾ അങ്ങോട്ട് മാറുമ്പോൾ മുപ്പത് വയസൊക്കെയായിരുന്നു എനിക്ക് പ്രായം. കിച്ചുവിന് അന്ന് മുപ്പത്തിമൂന്നര വയസായിരുന്നു. ബാങ്ക് ബാലൻസും സ്ഥിര വരുമാനവും ഇല്ലാതിരുന്ന സമയത്ത് വീട് വെക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങളുടെല മുമ്പിലുണ്ടായിരുന്നത് കുറച്ച് സ്വപ്നങ്ങൾ മാത്രമായിരുന്നു. അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
പക്ഷെ എല്ലാം വിചാരിച്ചതിനേക്കാൾ ഭംഗിയായി നടന്നു. ഇതൊക്കെ വീണ്ടും ഓർത്തെടുക്കുമ്പോൾ കിച്ചുവിനെ വീണ്ടും വീണ്ടും അഭിനന്ദിക്കാനാണ് തോന്നാറുള്ളത്. ഇഷ്ടം പോലെ പൈസയും വർക്കും ഉള്ളവർക്ക് വീടുവെയ്ക്കുക എന്നതൊന്നും വലിയൊരു കാര്യമല്ലല്ലേ.... സിംപിളായി നടത്തിയെടുക്കാവുന്നതേയുള്ളു. പക്ഷെ നമുക്ക് അങ്ങനെയായിരുന്നില്ല. ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. പക്ഷെ എന്റെ ഒറിജിനൽ ടേസ്റ്റും ഇഷ്ടങ്ങളും വീട് പണിയുമ്പോൾ എനിക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല.
ബഡ്ജറ്റ് പരിമിതി കൊണ്ടാണ് പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വന്നത് എന്നാണ് സിന്ധു പറഞ്ഞത്. വീഡിയോ വൈറലായതോടെ സിന്ധുവിന്റെ സാമ്പത്തിക ശ്രോതസുകളെ കുറിച്ചായി കമന്റ് ബോക്സിൽ ചർച്ച. സമ്പന്ന കുടുംബത്തിൽ വളർന്നവരാണ് സിന്ധുവും കൃഷ്ണകുമാറുമെന്നും അതിനാൽ തന്നെ ഇരുവരും പണത്തിന് ബുദ്ധിമുട്ടി എന്നത് വിശ്വാസ യോഗ്യമല്ലെന്നുമാണ് ഒരാൾ കുറിച്ചത്.

ഉയർന്ന കുടുംബത്തിൽ ജനിച്ച് വളർന്നു. ഏറ്റവും മികച്ച സ്കൂളുകളിൽ പഠിച്ചു. ഒരു ഉയർന്ന ജാതിക്കാരനായ നായർ നടനെ വിവാഹം കഴിച്ചു. ജീവിതത്തിൽ ഒരു കഷ്ടപ്പാടും നേരിട്ടിട്ടില്ല. പിന്നെ എന്തിനെക്കുറിച്ചാണ് സിന്ധു ഇങ്ങനെ വിലപിക്കുന്നത്?. വീട് നിർമ്മിച്ച സമയത്തെ ബുദ്ധിമുട്ടുകൾ എന്ന രീതിയിൽ പറയുന്നത് കെട്ടിച്ചമച്ച കഥയായി തോന്നി എന്നായിരുന്നു ഒരു കമന്റ്.
എന്നാൽ സിന്ധുവിന്റേയും കൃഷ്ണകുമാറിന്റേയും പ്രണയ വിവാഹമായിരുന്നുവെന്നും അതിനാൽ കുടുംബപിന്തുണയുണ്ടായിരുന്നില്ലെന്നും സിന്ധു മാത്രമാണ് സമ്പന്നയെന്നും കൃഷ്ണകുമാർ സമ്പന്നനായിരുന്നില്ലെന്നും കമന്റുകളുണ്ട്. അത്യാഢംബര പൂർവമായിരുന്നു സിന്ധുവിന്റെ വിവാഹം. സിന്ധുവായിരുന്നു കുടുംബത്തിലെ ഇളയ മകൾ. ഒരു ചേച്ചി മാത്രമാണ് സിന്ധുവിനുള്ളത്. ചെറുപ്പ കാലത്ത് ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇന്ന് ഏറ്റവും സന്തോഷം നിറഞ്ഞ ജീവിതമാണ് സിന്ധുവിന്റേത്.
സിന്ധു തന്നെ വലിയൊരു തുക യുട്യൂബിലൂടെ എല്ലാ മാസവും സമ്പാദിക്കുന്നുണ്ട്. നടൻ എന്നതിലുപരി രാഷ്ട്രീയത്തിലും കൃഷ്ണകുമാർ സജീവമാണ്. ഇരുവരുടേയും മക്കളും അറിയപ്പെടുന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സാണ്.


Click it and Unblock the Notifications