സുധിയെ കാണുന്നതുപോലെ; റിഥപ്പനെ സ്നേഹിച്ച് മതിവരാതെ സുധിയുടെ അമ്മ, തല്ലിപിരിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി!
ഇത്തവണ വല്യേട്ടൻ കിച്ചുവിന്റെ നേതൃത്വത്തിലായിരുന്നു കൊല്ലം സുധിയുടേയും രേണുവിന്റേയും മകൻ റിതുലിന്റെ പിറന്നാൾ ആഘോഷം. ബിഗ് ബോസിൽ മത്സരിക്കാനായി അമ്മ രേണു പോയതിനാൽ തന്റെ പിറന്നാൾ ഒരു സാധാരണ ദിവസം പോലെ കഴിഞ്ഞുപോകുമെന്നാണ് റിതുൽ കരുതിയത്. എന്നാൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് കുഞ്ഞനിയന് വേണ്ടി കിച്ചുവും സുഹൃത്തും ചേർന്ന് ഒരുക്കിയത്.
തലേദിവസം തന്നെ കിച്ചുവും സുഹൃത്തും കോട്ടയത്തെ സുധിലയത്തിൽ എത്തി. പുത്തൻ ഉടുപ്പും പലഹാരങ്ങളും കേക്കും കളിപ്പാട്ടങ്ങളുമെല്ലാമായാണ് കിച്ചു എത്തിയത്. രാത്രിയിൽ ചേട്ടൻ തന്നെ പുത്തനുടുപ്പിട്ട് രേണുവിന്റെ മാതാപിതാക്കളുടേയും ചേച്ചിയുടേയും കുടുംബത്തിന്റെയും സാന്നിധ്യത്തിൽ റിഥപ്പൻ കേക്ക് മുറിച്ചു. കേക്ക് കണ്ടപ്പോൾ റിഥപ്പന്റെ സന്തോഷം പതിന്മടങ്ങായി.

പിറന്നാൾ ദിവസം രാവിലെ തന്നെ കൊല്ലത്തുള്ള സുധിയുടെ പ്രിയപ്പെട്ടവരായ അമ്മയും ചേട്ടനും ഭാര്യയും മക്കളും കൈ നിറയെ സമ്മാനങ്ങളുമായി റിതുലിനെ കാണാനെത്തി. റിതുലിനെ കണ്ടയുടൻ സുധിയുടെ അമ്മ വാരിപ്പുണർന്ന് ചുംബിച്ചു. സുധിയെ കാണുന്നത് പോലെ തന്നെ എന്നാണ് അമ്മ പറഞ്ഞത്. മാസങ്ങൾക്കുശേഷമാണ് കൊച്ചുമകനെ സുധിയുടെ അമ്മ കാണുന്നത്.
രേണു ഷൂട്ടും മറ്റുമായി തിരക്കിലായതിനാൽ കൊല്ലത്തെ കുടുംബവീട്ടിലേക്ക് പോകാറുമില്ല. കിച്ചുവിനോടുള്ള അതേ സ്നേഹം സുധിയുടെ സഹോദരന്റെ രണ്ട് പെൺമക്കളോടും റിതുലിനുണ്ട്. എല്ലാവരേയും വീട്ടിലേക്ക് ക്ഷണിച്ച് ഇരുത്തിയതും പാട്ടുകൾ പാടി കൊടുത്ത് എന്റർടെയ്ൻ ചെയ്യിച്ചതും റിഥപ്പനാണ്.
പിറന്നാൾ സദ്യ റിതുലിനെ ഊട്ടിയത് സുധിയുടെ സഹോദരന്റെ ഭാര്യയാണ്. റിതുലിനെ കൂട്ടികൊണ്ടുപോയി അവന് ആഗ്രഹമുള്ള ടോയ്സും സുധിയുടെ സഹോദരന്റെ കുടുംബം വാങ്ങി കൊടുത്തു. എല്ലാവരും ഒരുമിച്ച് സ്നേഹിക്കുകയും ഉമ്മ വെയ്ക്കുകയും കൊഞ്ചിക്കുകയും ചെയ്തതോടെ റിതുലിന്റെ കണ്ണുകൾ ഇടയ്ക്കിടെ നിറയുന്നതും കാണാമായിരുന്നു. ഞാൻ കിച്ചു ചേട്ടന്റെ അനിയനാണെന്ന് പല തവണ ആവർത്തിച്ച് റിതുൽ പറയുന്നുണ്ട്.
അച്ഛമ്മയുടേയും അമ്മയുടെ മാതാപിതാക്കളുടേയും സാന്നിധ്യത്തിലും റിതുലിന് ഒരു ബർത്ത് ഡെ സെലിബ്രേഷൻ ഉണ്ടായിരുന്നു. ഓണം ആഘോഷിക്കാൻ കൊല്ലത്തേക്ക് താൻ വരുമെന്ന് ഉറപ്പ് നൽകിയാണ് അച്ഛമ്മയെ റിതുൽ യാത്രയാക്കിയത്. കിച്ചുവിനൊപ്പം സമയം ചിലവഴിക്കുന്നതാണ് റിതുലിന് ഏറ്റവും സന്തോഷമുള്ള കാര്യം. എന്നാൽ കിച്ചുവിന് റിതുലിനൊപ്പം നിൽക്കാനുള്ള സാഹചര്യമില്ല.

കാരണം കിച്ചു ആനിമേഷൻ കോഴ്സ് പഠിക്കുന്നത് കൊല്ലത്ത് നിന്നാണ്. റിതുലിന്റെ പിറന്നാൾ ആഘോഷം രണ്ട് കുടുംബവും ചേർന്ന് ആഘോഷമാക്കിയതിന് പ്രധാന കാരണക്കാരൻ കിച്ചുവാണ്. രണ്ട് കുടുംബങ്ങളേയും ഇപ്പോഴും ഒരുമിപ്പിച്ച് നിർത്തുന്നത് കിച്ചുവും റിതുലുമെന്ന കണ്ണികളാണ്. കിച്ചുവിന്റെ പുതിയ വ്ലോഗ് വൈറലായതോടെ നിരവധി പ്രേക്ഷകരാണ് കമന്റുകളുമായി എത്തിയത്.
സുധിയുടെ കുടുംബവും രേണുവും തമ്മിൽ ചേർച്ചയിൽ അല്ലെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് കിച്ചുവിന്റെ വ്ലോഗ് എന്നാണ് കമന്റുകൾ. അച്ഛൻറെ സ്ഥാനത്ത് നിന്ന് ഏട്ടൻ ചെയ്യുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ, ഭർത്താവില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ പാടുപെടുന്ന ഒരു സ്ത്രീയെ കല്ലെറിയുന്ന എല്ലാവർക്കും സമർപ്പിക്കുന്നു, എന്തിനാണ് ഇവരെ എല്ലാവരും ഇങ്ങനെ കുറ്റപ്പെടുത്തുന്നത്?.
അവർ രണ്ട് കുടുംബങ്ങളും ഒന്നിച്ച് നിൽക്കുന്നു. കിച്ചുവാണ് ഇങ്ങനെ ഒന്നിപ്പിച്ച് നിർത്തുന്നതെന്ന് തോന്നുന്നു. എന്നും ഇങ്ങനെ തന്നെ വേണം. സുധിക്ക് ഒരുപാട് സന്തോഷമായിട്ടുണ്ടാവും, എത്ര സന്തോഷായിട്ടാണ് രണ്ട് വീട്ടുകാരും കഴിയുന്നത്.
ഇവരെ തല്ലി പിരിക്കാനാണ് എല്ലാവരും നോക്കുന്നത്. സങ്കടം വരുന്നു ഇതൊക്കെ കണ്ടിട്ട്. എന്ത് സന്തോഷമായിട്ടാണ് രണ്ട് വീട്ടുകാരും കഴിയുന്നത്. ഓരോ യുട്യൂബ് ചാനലുകളും സോഷ്യൽ മീഡിയയും ഇവരെ പറ്റി കള്ളത്തരങ്ങൾ പറഞ്ഞ് ജനങ്ങളുടെ ഉള്ളിൽ വിഷം നിറയ്ക്കുന്നു. ഈ കാരണം കൊണ്ടല്ലേ എല്ലാരും ഈ കുടുംബത്തെ മോശം പറയുന്നത് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വന്ന കമന്റുകൾ.


Click it and Unblock the Notifications