വകതിരിവ് വട്ടപ്പൂജ്യം! ഉയരത്തിലെ വീഴ്ച താങ്ങില്ല! വിവാദമായതോടെ മാപ്പ് പറഞ്ഞ് നന്ദഗോവിന്ദം ടീം
ചുരുങ്ങിയ കാലംകൊണ്ട് ആസ്വാദക ഹൃദയത്തില്‍ ഇടംനേടിയതാണ് നന്ദഗോവിന്ദം ഭജന്‍സ്. ഇവരുടെ പാട്ടുകള്‍ക്ക് ആരാധകരേറെയാണ്. സോഷ്യല്‍മീഡിയയിലും തരംഗമാണ് ഇവരുടെ പാട്ടുകള്‍. ക്ഷേത്രത്തിലെ പരിപാടിക്കിടയില്‍ ക്രിസ്തീയ ഗാനം ആലപിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. നിരവധി പേരാണ് ഇവരോടുള്ള അതൃപ്തിയെക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുള്ളത്. മുന്‍പൊരിക്കല്‍ ഗാനമേളക്കിടെ ഗായകന്‍ സുദീപിനോട് അര്‍ത്തുങ്കലെ പള്ളി എന്ന ഗാനം ആലപിക്കാന്‍ പറഞ്ഞപ്പോള്‍ ക്ഷമിക്കണം ആ ഗാനം ഇവിടെ പാടാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗായകരായാല്‍ അങ്ങനെയാവണം, വകതിരിവ് വേണം എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ തുടര്‍ന്നപ്പോഴാണ് ക്ഷമാപണവുമായി നന്ദഗോവിന്ദം ഭജന്‍സ് സംഘം എത്തിയത്.
പെട്ടെന്നൊരു ഗാനം ആവശ്യപ്പെട്ടാല്‍ ഒരു പാട്ട് ആര്‍ക്കും ചുമ്മാ പാടാന്‍ കഴിയില്ല. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന്റെ കരോക്കെയും, വരികളുമൊക്കെ റെഡിയാണെങ്കില്‍ മാത്രമേ പാടാന്‍ കഴിയൂ. ക്രിസ്തീയ ഭക്തിഗാനം പാടണമെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. പാട്ടിന് മുന്നോടിയായി താന്‍ പഠിച്ച സ്‌കൂളിനെക്കുറിച്ച് നവീന്‍ സംസാരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം വളരെ മോശമായാണ് അദ്ദേഹം പ്രതികരിച്ചത്. കമന്റിന് താഴെ വന്ന മറുപടിയിലൊക്കെ അത് പ്രകടമാണ്. ക്ഷേത്രത്തില്‍ പാടാനുള്ളത് ക്ഷേത്രത്തില്‍ പാടുക. പള്ളിയിലേത് പള്ളിയിലും. ഭജന്‍ എന്ന് പറഞ്ഞാല്‍ അമ്പലത്തില്‍ പാടാനുള്ളതാണ്. ഗാനമേളയാണെങ്കില്‍ ഏത് പാട്ടും പാടും, ഇത് അങ്ങനെയായിരുന്നില്ലല്ലോ എന്നായിരുന്നു വേറൊരാളുടെ പ്രതികരണം.

പ്രഗത്ഭരായ രചയിതാക്കൾ മനോഹരമായി ഭക്തി ചാലിച്ച് എഴുതിയ വരികൾ മനോഹരമായ പാടുന്നു എന്നൊഴിച്ചാൽ എന്താണ് നിങ്ങളുടെ ഈ രംഗത്തെ സംഭാവന എന്ന് ആലോചിക്കുക. ലക്ഷങ്ങൾ വാങ്ങുന്നു, പറന്നു നടന്ന് പരിപാടികൾ അവതരിപ്പിക്കുന്നു. ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും വലുതായിരിക്കും എന്നു മനസ്സിലാക്കുക. അന്ന് കൈ തന്ന സഹായിക്കാൻ ഈ നാട്ടിലെ പാവം പിടിച്ച സനാതനധർമ്മ വിശ്വാസികൾ മാത്രമേ കാണുകയുള്ളൂ. പാടി തെളിഞ്ഞപ്പോൾ ഫാൻസ് കൂടിയെന്ന് ഉള്ള അഹങ്കാര ചിന്ത നിങ്ങൾ മനസ്സിൽ നിന്നു മാറ്റി വീണ്ടും ഈ രംഗത്ത് തിളങ്ങുകയെന്നുള്ള കമന്റുമുണ്ടായിരുന്നു.
സംഭവം വിവാദമായതോടെയായിരുന്നു ക്ഷമാപണവുമായി നവീനും സംഘവും എത്തിയത്. ഞങ്ങളുടെ അടുത്തിടെ നടന്ന ഭജനവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. പൂര്‍ണമായ വ്യക്തതയോടും ആദരവോടും കൂടി ഇതിനെക്കുറിച്ച് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഈ പരിപാടി ഒരു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു, വിവിധ രീതികളില്‍ നിരവധി ആളുകള്‍ പിന്തുണച്ച ഒരു സംരംഭം. അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. പൂര്‍ണമായും ഭക്തിഭാവത്തോടെയാണ് ഞങ്ങള്‍ ഈ പരിപാടി അവതരിപ്പിച്ചത്, യാതൊരു പ്രതിഫലവും സ്വീകരിക്കാതെ.
പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ, ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചു. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നു. നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത എന്നായിരുന്നു കുറിപ്പ്.
നവീന്‍ പഠിച്ച സ്‌കൂളും, പഠിപ്പിച്ച അധ്യാപകരുമൊക്കെയുണ്ടായിരുന്നു അവിടെ. അവരില്‍ തന്നെ പല മതവിഭാഗക്കാരുണ്ട്. അവരുടെ താല്‍പര്യം കൂടി പരിഗണിച്ചാണ് ഈ പാട്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തിനകത്തായിരുന്നില്ല വേദി. റോഡിന് അരികിലായിരുന്നു. അവിടെ കൂടിയവരിലാര്‍ക്കും പരാതിയുണ്ടായിരുന്നില്ല. സോഷ്യല്‍മീഡിയയിലൂടെയായി കാണുന്നവരെന്തിനാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.


Click it and Unblock the Notifications

