'സിദ്ധാർത്ഥിനെ ന്യായീകരിച്ചവരൊക്കെ എവിടെ?, ഒരു കുടുംബം അനാഥമായി, മനുഷ്യ ജീവനേക്കാൾ വലുതായി എന്താണ് ഉള്ളത്?'
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പുലർച്ചെയാണ് ഉപ്പും മുളകും താരം സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനമോടിച്ച് വയോധികനെ ഇടിച്ച് പരിക്കേൽപ്പിച്ചത്. കോട്ടയം ഭാഗത്ത് നിന്ന് എത്തിയ നടന്റെ കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ തമിഴ്നാട് സ്വദേശി തങ്കരാജിനെ ഇടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർത്ഥ് നാട്ടുകാരുമായി വാക്കുതർക്കമായി.
കയ്യേറ്റശ്രമവും നടന്നു. ചോദ്യം ചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച നടനെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. എംസി റോഡിൽ നാട്ടകം ഗവ.കോളജിന് സമീപത്താണ് സംഭവം നടന്നത്.

അന്ന് സംഭവത്തിനുശേഷം സിദ്ധാർത്ഥിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തങ്കരാജ് മരിച്ച സാഹചര്യത്തിൽ നടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും.
സിദ്ധാർത്ഥ് കൂടുതൽ നിയമപരമായ കുരുക്കിലേക്ക് പോവുകയാണ്. അപകടത്തിൽ തങ്കരാജിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടക്കത്തിൽ പരിക്ക് ഗുരുതരമല്ലെന്ന ആശ്വാസം ഉണ്ടായിരുന്നുവെങ്കിലും ചികിത്സയിലിരിക്കെ തങ്കരാജിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസമായി അതീവ ഗുരുതരാവസ്ഥയിലും ആയിരുന്നു.
അപകടം നടന്നശേഷം അറസ്റ്റിലായ സിദ്ധാർത്ഥ് പ്രഭുവിനെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടിരുന്നത്. മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക എന്നീ വകുപ്പുകളായിരുന്നു അന്ന് സിദ്ധാർത്ഥിനുമേൽ ചുമത്തിയിരുന്നത്. ഇപ്പോൾ പരിക്കേറ്റയാൾ മരിച്ചതിനാൽ ബിഎൻഎസ് 106 വകുപ്പുകൾ കൂടി നടന്റെ മേൽ ചുമത്തപ്പെടും. മറ്റ് നടപടികളും നടന്റെ അറസ്റ്റ് ഉണ്ടായേക്കും. മനപൂർവമല്ലാത്ത നരഹത്യ അടക്കം ചുമത്തപ്പെട്ടേക്കും.
അപകടത്തിനുശേഷം സോഷ്യൽമീഡിയ അക്കൗണ്ടുകൾ അടക്കം സിദ്ധാർത്ഥ് പ്രഭു ഡിലീറ്റ് ചെയ്തു. വയോധികൻ മരിച്ചുവെന്ന വാർത്ത പുറത്ത് വന്നതോടെ സിദ്ധാർത്ഥിന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന രീതിയിലാണ് പ്രേക്ഷക പ്രതികരണങ്ങൾ. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ക്രിമിനൽ കുറ്റമായി മാറണം. ഒന്നും ചെയ്യാത്ത പാവങ്ങൾക്കാണ് ഇങ്ങനെയുള്ള ആളുകൾ മൂലം ജീവിതം നഷ്ടാകുന്നത്.

മദ്യപിക്കണമെങ്കിൽ റൂം എടുത്ത് മദ്യപിക്കുക. അല്ലെങ്കിൽ മദ്യപിച്ചശേഷം ഊബർ പോലുള്ളവ വിളിച്ച് വീട്ടിൽ പോവുക. അല്ലാതെ വണ്ടിയുമായി റോഡിലിറങ്ങി പാവങ്ങളുടെ ജീവനെടുക്കുകയല്ല വേണ്ടത്, ഒരാളുടെ അശ്രദ്ധ മൂലം ഒരു കുടുംബത്തിന്റെ ജീവിതമാണ് ഇല്ലാതായത്, ഒരു കുടുംബം അനാഥമായി. മനുഷ്യ ജീവനേക്കാൾ വലുതായി എന്താണ് ഉള്ളത്?, നിയമത്തിന്റെ പഴുതിലൂടെ കുറച്ചുനാൾ കഴിയുമ്പോൾ സിദ്ധാർത്ഥ് ഊരി പോരും.
ഇയാളുടെ പ്രവൃത്തിയുടെ ഫലമായി മരിച്ച വ്യക്തിയുടെ കുടുംബം അനാഥമാകും, കാൽനടയാത്രികന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് സിദ്ധാർത്ഥിനെ ന്യായീകരിച്ചവർ ഇപ്പോൾ എവിടെ എന്നിങ്ങനെ നീളുന്നു കമന്റുകൾ. അപകടശേഷം സിദ്ധാർത്ഥ് റോഡിൽ അക്രമാസക്തനായി പെരുമാറിയപ്പോൾ ജനങ്ങൾ നടനെ കെട്ടിയിട്ടിരുന്നു. അന്ന് ആ പ്രവൃത്തിക്ക് എതിരെ സീരിയൽ നടൻ ജിഷിൻ അടക്കമുള്ളവർ സിദ്ധാർത്ഥിന് വേണ്ടി സംസാരിച്ച് രംഗത്ത് എത്തിയിരുന്നു.
സിദ്ധാർത്ഥിനെ പോലീസില്‍ ഏല്‍പ്പിക്കുന്നതിന് പകരം കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുകയായിരുന്നുവെന്നും അവനൊരു സെലിബ്രിറ്റിയും കലാകാരനും ആയതുകൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് അന്ന് ജിഷിന്‍ ആരോപിച്ചത്. ലോകത്ത് ആദ്യമായി മദ്യപിച്ച് വാഹനമോടിച്ച ആളല്ല സിദ്ധാര്‍ത്ഥെന്നും മിക്കവാറും എല്ലാവരും ക്രിസ്‌മസ് ന്യൂഇയര്‍ സമയത്തൊക്കെ മദ്യപിച്ച് വാഹനമോടിക്കുന്നവരാണെന്നും ജിഷിൻ അന്ന് സിദ്ധാർത്ഥിനെ ന്യായീകരിച്ച് പറഞ്ഞിരുന്നു.


Click it and Unblock the Notifications











