പലരുടേയും അനുഭവങ്ങൾ കേൾക്കുമ്പോൾ ഇങ്ങനൊന്ന് ആഗ്രഹിക്കാറുണ്ട്, ദിയയുടെ കുഞ്ഞിനെ കാണാൻ ഒരുമിച്ച് വരൂ; വീഡിയോ
കൃഷ്ണ സിസ്റ്റേഴ്സിന്റെ വ്ലോഗുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അവരുടെ കസിൻ തൻവി സുധീർഘോഷ് ഇപ്പോൾ കൃഷ്ണകുമാർ കുടുംബത്തെ സ്നേഹിക്കുന്ന ആരാധകർക്കും പ്രിയപ്പെട്ടവളാണ്. ദിയയുടെ വിവാഹത്തിന് സജീവമായി തൻവി ഉണ്ടായിരുന്നു. ഇരുപത്തിയേഴുകാരിയായ പെൺകുട്ടി നാല് വയസുകാരനായ മകനുമായി വിവാഹ വീട്ടിൽ ഓടിച്ച് കളിച്ച് ചിരിച്ച് ഉല്ലസിച്ച് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മുതലാണ് ആരാണ് തൻവി എന്നത് പ്രേക്ഷകരും അന്വേഷിച്ച് തുടങ്ങിയത്.
സിന്ധുവിന്റെ ഓരേയൊരു സഹോദരി സിമിയുടെ മകളാണ് തൻവി. ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു തൻവിയുടെ വിവാഹം. യോജി എന്ന ആൽവി എബ്രഹാമാണ് തൻവിയെ വിവാഹം ചെയ്തത്. ശേഷം തൻവി കാനഡയിലേക്ക് പോയി. ശേഷം പഠിച്ച് അവിടെ തന്നെ ജോലി നേടി സെറ്റിലായി.

വൈകാതെ ഒരു മകനും പിറന്നു. എന്നാൽ ഗർഭിണിയായിരിക്കുന്ന സമയം മുതൽ ഒത്തുപോകാനുള്ള പ്രയാസങ്ങൾ കാരണം തൻവിയും ഭർത്താവ് യോജിയും അകന്ന് കഴിയുകയായിരുന്നു. വിവാഹമോചനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. പ്രസവ സമയത്ത് ഭർത്താവോ വേണ്ടപ്പെട്ടവരോ തൻവിക്ക് സഹായമായി ഉണ്ടായിരുന്നില്ല. കുറച്ച് സുഹൃത്തുക്കളും പരിചയക്കാരുമാണ് തൻവിക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത് നൽകിയത്.
പ്രസവം കഴിഞ്ഞ് പത്താം ദിവസം മുതൽ മകനെ ഡെ കെയറിൽ ഏൽപ്പിച്ച് ജോലിക്ക് പോയ കഥ തൻവി തന്നെ വ്ലോഗിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞിന് മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് യോജി ആദ്യമായി കുഞ്ഞിനെ കാണാനെത്തിയത്. യോജിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താമെന്ന നിലപാടിൽ തന്നെയായിരുന്നു അടുത്തിടെ വരെ തൻവി.
എന്നാൽ അടുത്തിടെ കൗൺസിലിങും ഒരുമിച്ച് ഇരുന്നുള്ള മനസ് തുറന്നുള്ള സംസാരവും എല്ലാം കഴിഞ്ഞശേഷം വിവാഹമോചനം വേണ്ടെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തി. തെറ്റിദ്ധാരണകളും മിസ് കമ്യൂണിക്കേഷനായ കാര്യങ്ങളും പരസ്പരം പറഞ്ഞ് ക്ലിയറാക്കിയതായി കഴിഞ്ഞ ദിവസം തൻവി പറഞ്ഞിരുന്നു. രണ്ടുപേരും കാനഡയിൽ തന്നെയാണെങ്കിലും നാലായിരം കിലോമീറ്റർ വ്യത്യാസം രണ്ട് സ്ഥലങ്ങളും തമ്മിലുണ്ട്.
വിവാഹമോചനം പിൻവലിച്ച് ഒരുമിക്കാൻ തീരുമാനിച്ചതോടെ തന്റെ പഴയ സ്ഥലത്ത് നിന്നും താമസം മാറി തൻവിക്കും മകനും അടുത്തേക്ക് യോജി എത്തി. ഇനിയങ്ങോട്ട് ഒരുമിച്ച് മകനൊപ്പം കഴിയാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ആദ്യമായി വീട്ടിലേക്ക് വരുന്ന ഭർത്താവിനെ ബിരിയാണി മറ്റ് വിഭവങ്ങളും തയ്യാറാക്കിയാണ് തൻവി സ്വീകരിച്ചത്.

യോജിയെ കണ്ടതോടെ മകൻ ഓടിച്ചെന്ന് കെട്ടിപിടിച്ച് ചുംബിക്കുന്ന മനോഹര ദൃശ്യങ്ങളും പുതിയ വ്ലോഗിൽ തൻവി ഉൾപ്പെടുത്തിയിരുന്നു. ആറ് വർഷത്തിനുശേഷമാണ് ഭാര്യയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് യോജി ബിരിയാണി രുചിച്ചത്. വീഡിയോ വൈറലായതോടെ ഏറെ നാളുകളായി കാണാൻ ആഗ്രഹിച്ചിരുന്ന കാഴ്ച എന്നാണ് കമന്റുകൾ ഏറെയും പ്രത്യക്ഷപ്പെട്ടത്.
എല്ലാരും വേർപിരിയലിന്റെ കഥ പറഞ്ഞ് കേട്ടിട്ടുണ്ട് അല്ലെങ്കിൽ വേർപിരിയലിന്റെ ഷോർട്സ് വീഡിയോയൊക്കെ ഇട്ട് കണ്ടിട്ടുണ്ട്. ഇങ്ങനൊന്ന് ആദ്യായിട്ടാണ് കാണുന്നത്. വേർപിരിയലിന്റെ വക്കത്ത് നിന്ന് തിരിച്ച് വന്ന് ഒരുമിക്കുന്ന കഥ. പലരുടെയും പിരിയൽ കേൾക്കുമ്പോൾ ഇങ്ങനൊന്ന് മനസുകൊണ്ട് ആഗ്രഹിക്കാറുണ്ട്. ഇത് കണ്ടപ്പോൾ സന്തോഷം തോന്നി എന്നാണ് ഒരാൾ കുറിച്ചത്.
അച്ഛന്റെയും അമ്മയുടെയും വേർപിരിയലിൽ അനാഥയായി ഒറ്റപ്പെട്ടതിന്റെ വേദന ശരിക്കും അറിഞ്ഞ തൻവിക്ക് ഒരിക്കലും തന്റെ കുഞ്ഞ് ആ വേദന അറിയരുതെന്ന് തോന്നിക്കാണും. അതാവും തൻവി ഈ ഡിസിഷൻ എടുത്തത്, ദിയയുടെ കുഞ്ഞിനെ കാണാൻ ഒരുമിച്ച് വരൂ, ഭർത്താവ് വന്നശേഷം തൻവിയുടെ മുഖത്ത് കൂടുതൽ തിളക്കം വന്നുവെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.


Click it and Unblock the Notifications