വിവാഹിതയാണെന്ന് അറിഞ്ഞിട്ടും എന്നെ പ്രണയിച്ചവർ; ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ: സോന നായർ
സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളുടെ അനുഭ സമ്പത്തുള്ള സോന നായർക്ക് നിരവധി ശ്രദ്ധേയ റോളുകൾ കരിയറിൽ ലഭിച്ചിട്ടുണ്ട്. പ്രഗൽഭരായ സംവിധായകരുടെ സിനിമകളിലും ടെലി ഫിലിമുകളിലും സോന നായർ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രിയെന്ന നിലയിൽ സോന നായർക്ക് അർഹമായ അംഗീകാരങ്ങൾ സിനിമാ രംഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്, ക്യാമറമാൻ ഉദയൻ അമ്പാടിയെയാണ് സോന വിവാഹം ചെയ്തത്. 1996 ലായിരുന്നു വിവാഹം. വിവാഹശേഷവും തന്നോട് പ്രണയം തുറന്ന് പറഞ്ഞവരെക്കുറിച്ച് സംസാരിക്കുകയാണ് സോന നായർ ഇപ്പോൾ.
ഇൻഫെെൻ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്നെ പ്രണയിക്കുന്നവരുമുണ്ട്. പ്രണയം ആർക്കും തടുക്കാൻ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവർ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവർക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മൾ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. പ്രണയമില്ലാതെ എന്ത് ലോകം.

ഇങ്ങനെയാെരാൾക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭർത്താവിനോട് പറയാറുണ്ട്. പക്ഷെ ആൾക്ക് എന്നെ അറിയാം. അതൊക്കെയാണ് പരസ്പരം മനസിലാക്കലും ജീവിതവും. അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെ പറയുമ്പോഴാണ് ആ ചങ്ങല വലിച്ച് പൊട്ടിച്ച് വെളിയിൽ പോകാൻ ശ്രമിക്കുക. എനിക്ക് അങ്ങനെയല്ല. എന്ന് കരുതി എന്റെ കൊള്ളരുതായ്മകൾക്ക് കൂട്ട് നിൽക്കുന്ന ആളാണെന്നല്ല പറഞ്ഞത്.
എന്റെ ചീത്ത വശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല ഭർത്താവ്. അതിന് അതിന്റേതായ സ്ട്രിക്റ്റ്നെസ് ഉണ്ടാകും വീട്ടിൽ. പക്ഷെ എല്ലാത്തിനും സ്വാതന്ത്ര്യവും ഉണ്ടാകും. അത് കൊണ്ടായിരിക്കും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതെന്നും സോന നായർ പറയുന്നു. സിനിമാ രംഗത്ത് സ്ത്രീ സമത്വം വേണം. പക്ഷെ ഞാൻ ഫെമിനിസത്തിന്റെ ആളല്ല. എപ്പോഴും ഒരു പുരുഷനിൽ നിന്ന് ഒരു പടി താഴ്ന്ന് നിൽക്കുന്ന സ്ത്രീക്കേ സൗന്ദര്യമുണ്ടാകൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

ബാഹ്യ സൗന്ദര്യം അല്ല ഉദ്ദേശിക്കുന്നത്. ഒരു പടി താഴ്ന്ന് നിൽക്കുമ്പോഴാണ് ഒരു പുരുഷൻ ഒരു സ്ത്രീയെ ബഹുമാനിക്കുക. പുരുഷനോടൊപ്പത്തിനൊപ്പം നിൽക്കുമ്പോൾ ആ ബഹുമാനം എവിടെയോ കുറയുന്നത് പോലെ തോന്നും. നല്ല പുരുഷൻമാരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. വെെകൃത ചിന്താഗതികളുള്ള പുരുഷൻമാർക്കല്ല ഞാനിത് പറയുന്നത്. നമ്മുടെ സമൂഹത്തിൽ വളരെ നല്ല പുരുഷൻമാരുണ്ടെന്നും സോന നായർ പറയുന്നു.
അഭിമുഖത്തിൽ ഭർത്താവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സോന നായർ സംസാരിക്കുന്നുണ്ട്. ഒരു ദിവസം പരസ്പരം തോന്നിയ ഇഷ്ടമാണ് വിവാഹത്തിലെത്തിയതെന്ന് സോന നായർ പറയുന്നു. അദ്ദേഹത്തെ കണ്ട ദിവസം ഞാൻ പ്രണയത്തിലായി. വിധിയായിരിക്കും. ഞങ്ങൾക്ക് പരസ്പരം ഇഷ്ടം തോന്നി. നോട്ടങ്ങളിൽ ആ ഇഷ്ടം പറഞ്ഞു. അച്ഛനായിരുന്നു എന്റെ കൂടെ വർക്കിന് വന്ന് കൊണ്ടിരുന്നത്.
അന്ന് രാത്രി തന്നെ അച്ഛനോട് അദ്ദേഹം നേരിട്ട് സംസാരിച്ചു. ആറ് മാസത്തിനുള്ള വിവാഹ നിശ്ചയം നടന്നെന്നും സോന നായർ ഓർത്തു. . 21ാം വയസിലായിരുന്നു വിവാഹം. വീടിനകത്ത് ഒതുങ്ങി നിൽക്കേണ്ട വ്യക്തിയല്ലെന്ന് ഭർത്താവ് തന്നോട് പറയാറുണ്ട്. ആർട്ടിസ്റ്റെന്ന ബഹുമാനം അദ്ദേഹം എനിക്കും ടെക്നീഷ്യനെന്ന നിലയിലുള്ള ബഹുമാനം അദ്ദേഹത്തിന് താനും നൽകാറുണ്ടെന്ന് സോന നായർ വ്യക്തമാക്കി.


Click it and Unblock the Notifications











