ആ കുട്ടി വഴി തെറ്റി നടന്നില്ല, ഒരു വൃത്തിക്കെട്ട പരിപാടിയും ചെയ്തിട്ടില്ല! പക്ഷേ എല്ലാവരും വലിച്ച് കീറി; സോണിയ
കഴിഞ്ഞ വര്‍ഷം നടന്ന താര വിവാഹങ്ങളില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ നേരിട്ടവരാണ് സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധരും ക്രിസ് വേണുഗോപാലും. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ പത്തരമാറ്റ് എന്ന പരമ്പരയിലാണ് ഒരുമിച്ച് അഭിനയിച്ചത്. ആദ്യ വിവാഹജീവിതം വേര്‍പിരിഞ്ഞു നിന്ന് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടുകൂടി ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. താനാദ്യം അനുവാദം ചോദിച്ചത് മക്കളോടാണെന്ന് ദിവ്യ പറഞ്ഞിരുന്നു.
ഹിന്ദു ആചാരപ്രകാരം മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ സാന്നിധ്യത്തിലാണ് താരങ്ങള്‍ വിവാഹിതരായത്. ദിവ്യയുടെ രണ്ട് മക്കളും ഈ വിവാഹത്തിന് സാക്ഷികളായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ വിവാഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ക്രിസിന്റെ രൂപം കണ്ട് ഒത്തിരി പ്രായമുള്ള ആളാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

സീരിയലുകളില്‍ മുത്തശ്ശന്‍ വേഷം അവതരിപ്പിക്കുന്നത് കൊണ്ട് നടന്റെ യഥാര്‍ത്ഥ പ്രായം അത്രത്തോളം ഉണ്ടാകുമെന്ന് പലരും ചിന്തിച്ചു. ഇതാണ് പരിഹാസങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ പല അഭിമുഖങ്ങളിലൂടെയും പെട്ടെന്ന് വിവാഹിതരാവാന്‍ ഉണ്ടായ കാരണത്തെക്കുറിച്ചും ആദ്യ വിവാഹങ്ങളില്‍ സംഭവിച്ചത് എന്താണെന്ന് ദിവ്യയും ക്രിസും വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും സൈബര്‍ ആക്രമണങ്ങള്‍ അവസാനിച്ചില്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതേ അവസ്ഥയിലൂടെ തന്നെയാണ് ദമ്പതിമാര്‍ കടന്നുപോകുന്നത്. നിയമപരമായി ഇതിനെ നേരിടാന്‍ തീരുമാനിച്ചതായിട്ടും നടന്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ദിവ്യയ്ക്കും ക്രിസിനും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ആക്രമണത്തെപ്പറ്റിയുമൊക്കെ സംസാരിക്കുകയാണ് നടി സോണിയ മല്‍ഹാര്‍. ഒരു സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലൂടെയാണ് ദിവ്യയെ കുറിച്ച് സോണിയ മനസ്സ് തുറന്നത്.
വിഷമം തോന്നുന്ന കാര്യം എന്താണെന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ സോണിയയോട് ചോദിച്ചത്. അത് സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്ക് ഉണ്ടാവുന്ന സൈബര്‍ ആക്രമണമാണെന്നും അങ്ങനൊരു സംഭവം തനിക്ക് നേരിട്ട് അറിവുണ്ടെന്നും സോണിയ പറഞ്ഞു. 'അടുത്തിടെ സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായല്ലോ. ആ കുട്ടിയെ എല്ലാവരും ചേര്‍ന്ന് വലിച്ചു കീറിയെന്ന് പറയാം. ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.

ജീവിതത്തില്‍ ആ കുട്ടി എത്ര പാവമാണെന്ന് എനിക്ക് അപ്പോള്‍ മനസ്സിലായി. മാത്രമല്ല ആദ്യമുണ്ടായിരുന്ന വിവാഹ ജീവിതത്തില്‍ അവര്‍ ഒത്തിരി അനുഭവിച്ചിരുന്നു. ആദ്യ ഭര്‍ത്താവ് ഒരു ക്രൂരനായിരുന്നു. അത്രയും സങ്കടങ്ങള്‍ അനുഭവിച്ചു ജീവിച്ചതിനുശേഷം ആ കുട്ടിയ്ക്ക് രണ്ടാമത് നല്ലൊരു ജീവിതം ലഭിച്ചു. ആ കുട്ടി വഴിതെറ്റി സമൂഹത്തില്‍ നടന്നില്ലല്ലോ, ആരെയും ദ്രോഹിക്കാന്‍ പോയിട്ടുമില്ലല്ലോ. അവള്‍ ഒരു വൃത്തികെട്ട പരിപാടിക്കും പോയിട്ടില്ല.
അന്തസ്സായി നല്ലൊരു വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കാനാണ് തീരുമാനിച്ചത്. അതിന് എല്ലാവരും കൂടെ ഭയങ്കര നെഗറ്റീവ് ആണ് കൊടുത്തത്. വീണ്ടും വിവാഹിതയായതിന്റെ പേരില്‍ ആ കൊച്ചിനെ പറയാന്‍ ഇനി ഒന്നും ബാക്കിയില്ല. അതൊക്കെ കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. ഇത്രയൊക്കെ ആക്രമിക്കപ്പെടേണ്ട കാര്യമുണ്ടോ എന്നുമാണ്' സോണിയ ചോദിക്കുന്നത്.
2024 നവംബറിലായിരുന്നു ദിവ്യയും ക്രിസും തമ്മിൽ വിവാഹിതരാവുന്നത്. ആദ്യ ബന്ധത്തിലെ മക്കളും നടിയ്ക്കൊപ്പം വിവാഹത്തിനെത്തിയിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്ന് വന്നു. പലരും ക്രിസിനെ കിളവനെന്നാണ് വിശേഷിപ്പിച്ചത്. ഈ പ്രായത്തിലും വിവാഹം കഴിക്കാൻ നാണമുണ്ടോന്നും മകളുടെ പ്രായമല്ലേ ഉള്ളുവെന്നുമൊക്കെ ചോദിച്ച് പരിഹസിക്കാൻ തുടങ്ങി. ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications