ആ ത്യാഗങ്ങൾക്ക് തിരികെ നൽകാൻ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം; അച്ഛന്റെ അവസാന നാളുകളെ കുറിച്ച് സൂരജ് സൺ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് നടൻ സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് അഭിനയജീവിതം തുടങ്ങിയത്. സീരിയലുകളിൽ മാത്രമല്ല ചില സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. ഹൃദയം അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുള്ള സൂരജ് നല്ല കഥാപാത‍്രങ്ങൾ വേണ്ടിയാണ് കാത്തിരിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഏറെ പ്രിയപ്പെട്ട അച്ഛനെ സൂരജിന് നഷ്ടമായത്.
ഇന്നലെ വരെ ഒരു വിളിക്ക് ഒപ്പമുണ്ടായിരുന്ന അച്ഛൻ. എന്റെ ഓരോ സ്വപ്നങ്ങൾക്കും പിന്നിൽ നിന്ന കരുത്ത്. ഞാൻ തളർന്നപ്പോൾ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ. ഇന്ന് ഓർമ്മകളിൽ മാത്രം ജീവിക്കുന്നു. ഒരു മകന് നികത്താനാകാത്ത ഏറ്റവും വലിയ നഷ്ടം അച്ഛന്റെ ശൂന്യത തന്നെയാണ് എന്നാണ് അച്ഛന്റെ മരണ വാർത്ത അറിയിച്ച് സൂരജ് കുറിച്ചത്.

വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇപ്പോഴിതാ അച്ഛൻ പോയിട്ട് ഒരാഴ്ച പിന്നിടുമ്പോൾ മനോഹരമായ കുറിപ്പും വീഡിയോയുമായി എത്തിയിരിക്കുകയാണ് സൂരജ്. അച്ഛൻ അസുഖ ബാധിതനായശേഷം സ്വന്തം കുഞ്ഞിനെപ്പോലെയാണ് അച്ഛനെ സൂരജ് നോക്കിയിരുന്നതും ശുശ്രൂഷിച്ചിരുന്നതും. അച്ഛനൊപ്പമുള്ള അവസാന നിമിഷങ്ങളെല്ലാം കോർത്തിണക്കി മനോഹരമായ വീഡിയോയാണ് സൂരജ് പങ്കുവെച്ചിരിക്കുന്നത്.
അച്ഛനെ കുളിപ്പിച്ചിരുന്നതും ഷേവ് ചെയ്ത് കൊടുത്തിരുന്നതും മുടി മുറിച്ചിരുന്നതും നഖം വെട്ടികൊടുത്തിരുന്നതും എല്ലാം സൂരജായിരുന്നു. സ്വന്തം കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ച അച്ഛനെ അദ്ദേഹത്തിന്റെ ബലഹീനമായ നാളുകളിൽ കൈപിടിച്ച് നടത്തുക എന്നതാണ് മകന്റെ യഥാർത്ഥ ഉത്തരവാദിത്തം. അച്ഛൻ സമ്പാദിച്ചത് സ്വത്തുക്കൾ മാത്രമല്ല...
മക്കൾക്കായി ത്യാഗങ്ങൾ നിറഞ്ഞ ഒരു ജീവിതമാണ്. ആ ത്യാഗങ്ങൾക്ക് മകന് നൽകാവുന്ന ഏറ്റവും വലിയ പ്രതിഫലം സ്നേഹവും സാന്നിധ്യവുമാണ്. ജീവിതത്തിന്റെ അവസാന യാത്രയിൽ അച്ഛൻ ആഗ്രഹിക്കുന്നത് വലിയ സമ്പത്തോ പ്രശസ്തിയോ അല്ല. തന്റെ മക്കൾ അരികിലുണ്ടെന്ന ഉറപ്പാണ് എന്നാണ് അച്ഛനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് സൂരജ് കുറിച്ചത്.
ആ അച്ഛന് ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും പുണ്യവുമാണ് ഈ മകൻ, മാഷിനെ പോലെ ഒരു മോനെ കിട്ടിയില്ലേ. ആ അച്ഛൻ പുണ്യം ചെയ്ത ജന്മമാണ്, സൂരജ് മകൻ എന്ന നിലയിൽ ചെയ്യാനുള്ള എല്ലാം ഭംഗിയായി ചെയ്തു എന്നിങ്ങനെയാണ് നടന്റെ വീഡിയോ കണ്ട് ഏറെയും പേർ കുറിച്ചത്. നിരവധി പേരാണ് സൂരജിനേയും കുടുംബത്തേയും ആശ്വസിപ്പിച്ച് കമന്റുകൾ കുറിച്ചത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ പാടാത്ത പൈങ്കിളി എന്ന സീരിയലാണ് സൂരജിന്റെ ജീവിതം മാറ്റി മറിച്ചത്. പരമ്പരയിലെ നായകനായ ദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജായിരുന്നു. പെട്ടെന്നൊരു ദിവസമാണ് നായകന്‍ പരമ്പരയില്‍ നിന്നും പിന്മാറുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സീരിയലില്‍ നിന്നും പിന്മാറേണ്ടി വന്നതെന്നാണ് സൂരജ് പറഞ്ഞിട്ടുള്ളത്.
അതിന് ശേഷം കരിയറില്‍ മാറ്റം വരുത്താനും നടന്‍ ശ്രമിച്ചു. സീരിയലില്‍ നിന്നും ആല്‍ബങ്ങളിലേക്കും അവിടുന്ന് സിനിമയിലേക്കും സൂരജ് പിന്നീട് എത്തി. ഹൃദയം ആയിരുന്നു സൂരജ് അഭിനയിച്ച ആദ്യ സിനിമ. സിനിമയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നായകനായി അഭിനയിക്കാൻ അടക്കം അവസരങ്ങൾ ലഭിച്ചു. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു നിര ആരാധകരെ സ്വന്തമാക്കാന്‍ സൂരജിന് സാധിച്ചിരുന്നു.
മോട്ടിവേട്ടർ എന്ന നിലയിലും സൂരജിനെ ആരാധകർ ഇഷ്ടപ്പെടുന്നുണ്ട്. ചെറിയൊരു കുടുംബമാണ് സൂരജിന്റേത്. അച്ഛൻ മാത്രമല്ല നടന്റെ അമ്മയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ്.


Click it and Unblock the Notifications


