അന്ന് അമ്മയോട് ഭ്രാന്തമായി ദേഷ്യപ്പെട്ടു, ഭർത്താവിനോ മകൾക്കോ അറിയില്ല, ചെയ്യുന്നത് തെറ്റാണെന്ന് അമ്മ കരുതി!
സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നവർക്ക് പ്രിയപ്പെട്ട അമ്മയും മകളുമാണ് താര കല്യാണും സൗഭാഗ്യ വെങ്കിടേഷും. അമ്മ-മകൾ എന്നതിലുപരി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഭർത്താവിന്റെ മരണശേഷം സൗഭാഗ്യയും അർജുനും അവരുടെ മകൾ സുദർശനയുമാണ് താരയുടെ ലോകം. സുദർശനയ്ക്ക് ഇപ്പോൾ നാല് വയസാണ് പ്രായം. കൊവിഡ് കാലത്തായിരുന്നു സൗഭാഗ്യയുടെ പ്രസവം. അർജുന്റെ കുടുംബാംഗങ്ങൾക്കെല്ലാം കൊവിഡ് പിടി പെട്ടിരുന്നത് കൊണ്ട് തന്നെ പ്രസവമടുത്തപ്പോൾ മുതൽ അമ്മയ്ക്കൊപ്പമായിരുന്നു സൗഭാഗ്യ.
ഇപ്പോഴിതാ പോസ്റ്റ്പാർട്ടം സമയത്തെ തന്റെ അവസ്ഥ എന്തായിരുന്നുവെന്നും ആ സമയങ്ങളിൽ താൻ വാക്കുകൊണ്ട് ഏറ്റവും കൂടുതൽ മുറിവേൽപ്പിച്ചത് അമ്മ താരയെയായിരുന്നുവെന്നും ഏറ്റ് പറയുകയാണിപ്പോൾ സൗഭാഗ്യ. അമൃത ടിവിയിലെ അമ്മയും മകളും ഷോയിൽ ഇരുവരും അതിഥികളായി എത്തിയിരുന്നു.

അവിടെ വെച്ചാണ് അമ്മയോട് തനിക്ക് ഒരു സോറി പറയാനുണ്ടെന്ന് പറഞ്ഞ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ കാലത്തെ ചില അവസ്ഥകളെ കുറിച്ച് സൗഭാഗ്യ വെളിപ്പെടുത്തിയത്. എനിക്ക് എന്റെ അമ്മയോട് ഒരു സോറി പറയാനുണ്ട്. പ്രഗ്നൻസി കഴിഞ്ഞാൽ എല്ലാവർക്കും അറിയാവുന്നതുപോലെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ, മൂഡ്സ്വിങ്സ് തുടങ്ങിയവയെല്ലാം വരുമല്ലോ.
എന്റെ ആ സൈഡ് ആരും കണ്ടിട്ടില്ല. എന്റെ ഭർത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോ എന്തിന് എന്റെ മകൾ സുദർശന പോലും കണ്ടിട്ടില്ല. എന്റെ ഭ്രാന്തമായ ബാഡ് വേർഷൻ കണ്ടിട്ടുള്ളത് അമ്മ മാത്രമാണ്. നമ്മൾ എന്ത് കാണിച്ചാലും നമ്മളെ കളയില്ലാത്ത ഒരേയൊരാൾ അമ്മയാണല്ലോ. നമ്മളെ ഒരു ശല്യമായി കരുതാത്ത ഒരേയൊരാളും അമ്മയായിരിക്കും.
ഡെലിവറിക്കുശേഷം മൂഡ്സ്വിങ്സ് എല്ലാം കാരണം ഞാൻ അമ്മയുടെ അടുത്ത് ഭ്രാന്തമായും ദേഷ്യപ്പെട്ടും പെരുമാറിയിട്ടുണ്ട്. കുറച്ച് അധികം ഈ രീതിയിൽ ഞാൻ അമ്മയോട് പെരുമാറിയിട്ടുണ്ട്. പരുഷമായി സംസാരിച്ചിട്ടുമുണ്ട്. പക്ഷെ അമ്മ എന്നെ കളയാതെ ഓരോ നിമിഷവും സ്നേഹത്തോടെ ചേർത്ത് പിടിച്ചു.
അതുകൊണ്ട് തന്നെ അന്ന് അങ്ങനെയെല്ലാം പെരുമാറിയതിന് ഞാൻ ഇന്ന് ഈ വേദിയിൽ വെച്ച് അമ്മയോട് സോറി പറയുന്നു. ഇതാണ് സോറി പറയാൻ പെർഫെക്ട് സമയം. മനപൂർവം ചെയ്തത് അല്ല. മൂഡ്സ്വിങ്സ് കൊണ്ടും പല പല കാരണങ്ങൾ കൊണ്ടും അറിയാതെ ദേഷ്യപ്പെട്ട് പോയതാണ്. എന്റെ ആ പെരുമാറ്റം കൊണ്ട് അമ്മ കരുതി അമ്മ ചെയ്യുന്ന പല കാര്യങ്ങളും തെറ്റാണെന്ന്. പക്ഷെ അതായിരുന്നില്ല ശരിക്കും കാരണം.

ഒരിക്കൽ ഇതെല്ലാം വെച്ച് ക്ഷമ ചോദിച്ച് അമ്മയ്ക്ക് ഞാൻ മെസേജ് അയച്ചിരുന്നു. പക്ഷെ തുറന്ന് പറഞ്ഞിട്ടില്ലായിരുന്നു. ഇപ്പോൾ ഞാൻ അത് പറയുന്നു എന്നുമാണ് സൗഭാഗ്യ പറഞ്ഞത്. മകളുടെ വാക്കുകളും ക്ഷമ പറച്ചിലും നിറകണ്ണുകളോടെയാണ് താര കല്യാൺ കേട്ട് നിന്നത്. സൗഭാഗ്യയെ കൂടാതെ ഒരു മകനെ കൂടി കിട്ടിയ തോന്നലാണ് അർജുൻ വന്നശേഷം താര കല്യാണിന്. താരയിൽ നിന്നാണ് അർജുനും നൃത്തം പഠിച്ചത്.
അർജുനും സൗഭാഗ്യയും ഏറെ കാലമായി പരിചയവും സൗഹൃദവും പുലർത്തിയിരുന്നവരായിരുന്നു. ആ സൗഹൃദം പ്രണയമായി. അർജുനെ മരുമകനായി സ്വീകരിക്കാൻ താരയ്ക്കും വലിയ സന്തോഷമായിരുന്നു. ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാഗ്യ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ടായിരുന്നു. സൗഭാഗ്യയ്ക്കും താരയ്ക്കും അർജുനും മാത്രമല്ല സുദർശനയ്ക്കും ഇന്ന് ആരാധകരുണ്ട്.
താരയുടെ ഡാൻസ് അക്കാദമിയുടെ ചുമതലയിപ്പോൾ സൗഭാഗ്യയ്ക്കും അർജുനുമാണ്. പൂവ് എന്ന പേരിൽ കുട്ടികളുടെ വസ്ത്രങ്ങളുടെ ബ്രാന്റും ഇരുവരും ആരംഭിച്ച് കഴിഞ്ഞു. താര നൃത്തവും അഭിനയവും എല്ലാമായി സജീവമാണ്. ഒരു സമയത്ത് സൗഭാഗ്യയും സീരിയലുകളിൽ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











