ഐസിയുവിലും വെന്റിലേറ്ററിലുമായി ജീവന് വേണ്ടി പോരാടിയ നിമിഷങ്ങൾ, എന്നും എന്നെ അത്ഭുതപ്പെടുത്തിയവൾ; വിദ്യ!
സൗഭാഗ്യ വെങ്കിടേഷിന്റെ വ്ലോഗുകളിലൂടെയാണ് വിദ്യ സുപരിചിതയാകുന്നത്. അർജുൻ-സൗഭാഗ്യ കുടുംബത്തിനൊപ്പം വിദ്യയും മകളും നിരന്തരമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ ഇവർ ആരാണെന്ന ചോദ്യം താര കുടുംബത്തെ ഫോളോ ചെയ്യുന്നവർ ചോദിച്ചിരുന്നു. എന്നാൽ അന്നൊന്നും കൃത്യമായ മറുപടി സൗഭാഗ്യ നൽകിയിരുന്നില്ല. പിന്നീടാണ് തന്റെ ഭർത്താവിന്റെ ജേഷ്ഠന്റെ പങ്കാളിയാകാൻ പോകുന്നയാളാണ് വിദ്യയെന്ന് സൗഭാഗ്യ അറിയിച്ചത്. പിന്നാലെ വിദ്യയുടേയും അരുണിന്റേയും വിവാഹ ചിത്രങ്ങളും സൗഭാഗ്യ പങ്കുവെച്ചു.
വിദ്യയ്ക്ക് പത്ത് വയസുകാരിയായ ഒരു മകളുണ്ട്. ടോക്സിക്ക് ബന്ധത്തിൽ നിന്നും പുറത്ത് വന്ന് മകൾക്ക് വേണ്ടി മാത്രമായി ജീവിക്കുകയായിരുന്നു വിദ്യ. എല്ലാ സന്തോഷങ്ങളും അവസാനിച്ചുവെന്നും ഇനിയൊരു നല്ല ദാമ്പത്യമോ മകൾക്ക് ഒരു അച്ഛനോ ഉണ്ടാവില്ലെന്ന് കരുതി ഇരുന്നപ്പോഴാണ് പ്രതീക്ഷയുടെ തിരിനാളം പോലെ അരുൺ വിദ്യയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.

വിദ്യയുടെ ജീവിതം നന്നായി കണ്ട് അറിഞ്ഞിട്ടുള്ളതുകൊണ്ട് തന്നെ മകൾ അമ്മയ്ക്കൊപ്പം നിന്ന് വിവാഹത്തിന് മുൻകൈ എടുത്തു. ഇപ്പോൾ മാത്രമല്ല വെറും ആറ് വയസ് മാത്രം പ്രായമുള്ളപ്പോൾ മുതൽ സാഹചര്യം അനുസരിച്ചും തന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയും ജീവിക്കുന്ന കുഞ്ഞാണ് തന്റെ മകളെന്ന് വിദ്യ പറയുന്നു. നാല് വർഷം മുമ്പുള്ള അനുഭവം ഒരു കുറിപ്പായി പങ്കുവെച്ചുകൊണ്ടാണ് മകളെ കുറിച്ച് വിദ്യ വാചാലയായത്.
തന്നെ മകൾ എല്ലാ കാലത്തും അത്ഭുതപ്പെടുത്തിയിട്ടേയുള്ളുവെന്ന് വിദ്യ കുറിച്ചു. എന്നും എന്നെ അത്ഭുതപ്പെടുത്തിയവൾ... അവളെ കുറിച്ച് എഴുതണമെന്ന് തോന്നിയപ്പോൾ മനസിലേക്ക് വന്ന ആദ്യ സംഭവം... ഒരു ആറ് വയസുകാരിക്ക് ഇത്രയും സാധിക്കുമോയെന്ന് എന്നെ അത്ഭുതപ്പെടുത്തിയ ദിനങ്ങളായിരുന്നു 2021ലെ ജൂൺ മാസം.
എന്നെ ആശ്രയിച്ച് മാത്രം ജീവിച്ചിരുന്ന എന്റെ കുഞ്ഞ് ഒരു മാസം മുഴുവൻ ഞാൻ ഇല്ലാതെ മറ്റൊരു വീട്ടിൽ കഴിയേണ്ടി വന്നു. തികച്ചും അവളെ സംബന്ധിച്ച് അപരിചിതമായ ഒരിടം. കോവിഡ് ബാധിച്ച് ഐസിയുവിലും വെന്റിലേറ്ററിലുമായി ഞാൻ ജീവനും മരണവുമായി പോരാടിക്കൊണ്ടിരിക്കുമ്പോൾ എന്റെ മോൾ ചിന്നു ചേച്ചിയുടെ വീട്ടിലായിരുന്നു. ദൈവം പല രൂപത്തിൽ ഞങ്ങൾക്ക് കൈത്താങ്ങായി.
ആ സമയത്താണ് എന്റെ മോൾ മനസിൽ നിന്നും ഉത്തരവാദിത്വപ്പെട്ട പലരെയും എടുത്ത് കളഞ്ഞതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സഹായത്തെക്കാൾ ദ്രോഹിച്ചവരെ... പിന്നീട് ഒരിക്കലും അവരെക്കുറിച്ച് ചോദിച്ചിട്ടില്ല... അന്വേഷിച്ചിട്ടില്ല. ഞാൻ മടങ്ങിയെത്തിയപ്പോൾ ശരിക്കും ഞെട്ടി. എന്റെ കുഞ്ഞ് എല്ലാം സ്വന്തമായി ചെയ്യാൻ പഠിച്ചിരിക്കുന്നു.

നാല് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവൾ പറയുന്നു... അമ്മ കോവിഡ് കാലം ഓർക്കണ്ട... മറന്നുപോകട്ടെ വിദ്യ കുറിച്ചു. അവൾ എന്നും സന്തോഷമായിരിക്കുന്നിടങ്ങൾ എന്ന് തലക്കെട്ടോടെ കുറച്ച് ഫോട്ടോകളും വിദ്യ പങ്കിട്ടു. സൗഭാഗ്യ മകൾ സുദർശനയെ ഗർഭിണിയായിരുന്ന സമയത്താണ് അരുണിന്റെ ആദ്യ ഭാര്യ കൊവിഡ് ബാധിച്ച് മരിക്കുന്നത്. അരുണിന് കൊവിഡ് കാലത്ത് ഭാര്യയെ മാത്രമല്ല അമ്മയേയും അച്ഛനേയും നഷ്ടപ്പെട്ടിരുന്നു.
അന്ന് മുതൽ അരുണിന്റെ രണ്ട് മക്കളേയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച് വളർത്തിയത് സൗഭാഗ്യയാണ്. വിദ്യയുമായുള്ള അരുണിന്റെ വിവാഹം കഴിയും വരെ എല്ലാവരും കൂട്ടുകുടുംബമായാണ് കഴിഞ്ഞിരുന്നത്. എന്നാലിപ്പോൾ അംഗസംഖ്യ കൂടിയതിനാൽ ചേട്ടനും അനിയനും അവരുടെ കുടുംബങ്ങളുമായി രണ്ട് വീടുകളിലായാണ് താമസം.
വിദ്യയുടെ മകളും അരുണിന്റെ മകളും എല്ലാം സൗഭാഗ്യ വെങ്കിടേഷിന്റെ വിദ്യാർത്ഥിനികളാണ്. വീണ്ടും ജീവിതവും ആസ്വദിച്ച് തുടങ്ങിയതും സ്നേഹം അനുഭവിച്ച് തുടങ്ങിയതും അരുണിന്റെ കുടുംബത്തിന്റെ ഭാഗമായശേഷവും സൗഭാഗ്യയെ പരിചയപ്പെട്ടശേഷവുമാണെന്ന് വിദ്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications