അഞ്ച് വയസിൽ നഷ്ടപ്പെട്ട സന്തോഷം, ഇന്ന് ആ സ്നേഹം അവൾ അനുഭവിക്കുന്നു, അച്ഛനൊപ്പം ആദ്യത്തെ പിറന്നാൾ; വിദ്യ
സോഷ്യൽമീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുട്യൂബറാണ് സൗഭാഗ്യ വെങ്കിടേഷ്. താരത്തിന്റെ വ്ലോഗുകളിലൂടെ സൗഭാഗ്യയുടെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. താരപുത്രിയെന്ന ജാഡയോ ആഢംബരമോ സൗഭാഗ്യയുടെ വ്ലോഗിലോ പെരുമാറ്റത്തിലോ ഇല്ല. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ ഭർത്താവ് അർജുന്റെ സഹോദരൻ അരുണിന്റെ വിവാഹം. വിദ്യയെയാണ് അരുൺ വിവാഹം ചെയ്തത്. അരുണിന്റെ ഭാര്യ അഞ്ച് വർഷം മുമ്പ് കൊറോണ കാലത്താണ് മരിച്ചത്.
വിദ്യ വിവാഹമോചിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ്. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹമോചിതയായപ്പോൾ വിദ്യയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അച്ഛന്റെ അസാന്നിധ്യം മകളെ വേദനിപ്പിക്കുന്നുവെന്നതായിരുന്നു. അന്ന് വളരെ വേദനയോടെയാണ് അച്ഛൻ ഇനി ഒരിക്കലും തങ്ങൾക്കൊപ്പം ജീവിക്കാൻ വരില്ലെന്ന് വിദ്യ മകളെ പറഞ്ഞ് മനസിലാക്കിയത്.

അഞ്ച് വയസുകാരിയായിരുന്നിട്ടും അമ്മയുടെ വേദന കുഞ്ഞ് മനസിലാക്കി. വെറും അഞ്ച് വയസുള്ളപ്പോൾ അവൾ എന്നോട് ചോദിച്ചു... അമ്മേ എന്റെ അച്ഛൻ എവിടെയാണ്?. എന്തുകൊണ്ടാണ് എന്റെ അച്ഛൻ നമ്മളോടൊപ്പം താമസിക്കാത്തതെന്ന്. ഒരേ വീട്ടിൽ ഒരുമിച്ച് താമസിച്ചാൽ നമുക്ക് സന്തോഷത്തോടെ കഴിയാൻ പറ്റില്ലെന്ന് ഞാൻ അവളോട് സൗമ്യമായി പറഞ്ഞു.
എന്റെ വാക്കുകൾ ചോദ്യം ചെയ്യാതെ അവൾ അത് മനസിലാക്കി സ്വീകരിച്ചു. പിന്നീടൊരിക്കലും അച്ഛനെ കുറിച്ച് ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. എന്നാൽ ഇന്ന് അവൾ ഈ പുതിയ കുടുംബത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചുകൊണ്ട് സന്തോഷം അനുഭവിക്കുന്നത് ഞാൻ കാണുന്നു. എന്നെ ഏറ്റവും കൂടുതൽ സ്പർശിക്കുന്നത് കുഞ്ഞ് അരുണിനെ തന്റെ അച്ഛനായി സ്വീകരിച്ചു എന്നതാണ്.
ശുദ്ധമായ സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടിയാണ് അവൾ അച്ഛായെന്ന് അരുണിനെ വിളിക്കുന്നത് എന്നാണ് അരുൺ തന്റെ ജീവിതത്തിന്റെ ഭാഗമായശേഷം മകൾ അനുഭവിക്കുന്ന സന്തോഷത്തെ കുറിച്ച് മുമ്പ് വിദ്യ കുറിച്ചത്. ഇപ്പോഴിതാ പുതിയ കുടുംബത്തിന്റെ ഭാഗമായശേഷമുള്ള മകളുടെ ആദ്യ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് വിദ്യ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ജന്മദിനം... എന്നാണ് വിദ്യ കുറിച്ചത്.
എനിക്ക് അറിയാം നിന്റെ ജീവിതത്തിലെ ചില വർഷങ്ങൾ ഇരുണ്ട ചില ഓർമകൾ കൊണ്ട് നിറഞ്ഞതായിരുന്നുവെന്ന്. പക്ഷെ ഇപ്പോൾ നോക്കൂ... ഏറ്റവും മനോഹരമായ കുടുംബം നൽകി ദൈവം നമ്മളെ അനുഗ്രഹിച്ചിരിക്കുന്നു. നീ ഈ നിമിഷത്തിൽ അതീവ സന്തോഷവതിയാണെന്ന് എനിക്ക് അറിയാം.

അച്ഛനും അമ്മയ്ക്കും കൊച്ചച്ഛനും ചിത്തിക്കും ചേച്ചിക്കും കൊച്ചുവിനൊപ്പം കേക്ക് മുറിച്ച നിമിഷങ്ങൾ നിനക്ക് പ്രിയപ്പെട്ടതാണെന്നും എനിക്ക് അറിയാം. ഈ നിമിഷങ്ങളൊക്കെ നമ്മുടെ മുറിവുകൾ ഉണക്കും. പിറന്നാൾ ആശംസകൾ... എന്നാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കിട്ട് വിദ്യ കുറിച്ചത്. ജന്മം നൽകിയാൽ മാത്രമല്ല കർമ്മം കൊണ്ടും അച്ഛനായി മാറാൻ കഴിയുമെന്ന് വിദ്യയുടെ കുഞ്ഞിനെ മകളായി സ്വീകരിച്ചുകൊണ്ട് അരുൺ ഓരോ നിമിഷവും തെളിയിക്കുന്നു.
വിദ്യയേക്കാൾ മകൾ ഇന്ന് അടുപ്പവും കളമില്ലാത്ത സ്നേഹവും കാണിക്കുന്നത് അരുണിനോടാണ്. അരുണിന്റെ മക്കളായ അനുവും മനുവും ചേട്ടന്റേയും ചേച്ചിയുടേയും സ്ഥാനത്ത് നന്ദുവിനുണ്ട്. സൗഭാഗ്യയും അർജുനും മകളുമെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സൗഭാഗ്യയുടെ കീഴിൽ മകളെ വിദ്യ നൃത്തം പഠിക്കാനും ചേർത്തിട്ടുണ്ട്.
അരുണിന്റെ വിവാഹശേഷം കുടുംബം വലുതായതിന്റെ സന്തോഷം പങ്കിട്ട് സൗഭാഗ്യ എത്തിയിരുന്നു. കൊറോണ കാലത്ത് അരുണിന്റെ ഭാര്യ മാത്രമല്ല മാതാപിതാക്കളും അസുഖം ബാധിച്ച് മരിച്ചിരുന്നു. ഭാര്യയുടെ വേർപാട് നൽകിയ വേദനയിൽ നിന്നും ഏറെ കാലമെടുത്താണ് അരുൺ മുക്തനായത്. അച്ഛന്റെ മുഖത്ത് വീണ്ടും സന്തോഷം കണ്ട് തുടങ്ങിയത് അടുത്തിടെ മുതലാണെന്ന് മക്കളും പറഞ്ഞിരുന്നു.


Click it and Unblock the Notifications