10 കോടിയാണ് ആ നടൻ വാങ്ങിയത്, പ്രമുഖ നടി കാണിച്ച വാശി, മിമിക്രി പോലും വിറ്റ് പോകുന്നില്ല: ശ്രീകണ്ഠൻ നായർ
ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ശ്രീകണ്ഠൻ നായർ. ഇന്ന് ഫ്ലവേഴ്സ് ടിവി, 24 ന്യൂസ് എന്നീ ചാനലുകളുടെ മാനേജിംഗ് ഡയരക്ടർ ആണ് ഇദ്ദേഹം. ഓൺലെെൻ പ്ലാറ്റ്ഫോമുകളുടെ കാലത്ത് ടെലിവിഷൻ ചാനലുകൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അതേസമയം ഇപ്പോഴും ആർട്ടിസ്റ്റുകൾ വലിയ പ്രതിഫലമാണ് വാങ്ങുന്നതെന്ന് ശ്രീകണ്ഠൻ നായർ പറയുന്നു. ബ്രോഡ്കാസ്റ്റ് ലീഡേർസ് ടോക്കിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അവർ.
എന്റെ ആത്മവിമർശനമായി ഞാൻ കാണുന്നത് പല ആർട്ടിസ്റ്റുകളെയും വഷളാക്കിയതിൽ എനിക്കും ഉത്തരവാദിത്വമുണ്ട്. കാരണം അവർക്ക് അർഹതപ്പെടാത്ത പണം നമ്മൾ വെച്ച് നീട്ടുകയും അവർ പിന്നെ അത് അവരുടെ അവകാശമാക്കി മാറ്റുകയും ചെയ്തു. വിദേശ നാടുകളിൽ പോയിക്കഴിഞ്ഞാൽ വേദികളിൽ ഇപ്പോൾ മിമിക്രി പോലും വിറ്റ് പോകുന്നില്ല. കലാകാരൻമാർ അത് തിരിച്ചറിയണം. ഈ അടുത്ത് ഒരു സംഭവം എന്റെ ഓഫീസിലുണ്ടായി. ഒരു ആർട്ടിസ്റ്റ് അയാൾക്ക് കുറച്ച് കൂടെ കാശ് വേണമെന്ന് എന്നോട് പറഞ്ഞു.

നിങ്ങളുടെ കാശ് കുറയ്ക്കുകയേ ഇപ്പോൾ മാർഗമുള്ളൂ. അല്ലാതെ രക്ഷയില്ലെന്ന് ഞാൻ പറഞ്ഞു. ടെലിവിഷനിൽ വരുന്ന ഓരോ പ്രാേഗ്രാമിന്റെയും വരവും ചെലവും കണക്ക് കൂട്ടിയാൽ നഷ്ടമേ നമുക്ക് കാണാനാകൂ. ഞാനത് ആ മനുഷ്യനെ പറഞ്ഞ് മനസിലാക്കി. പക്ഷെ പുള്ളി തയ്യാറല്ല. പിന്നീടാണ് എന്റെ അക്കൗണ്ടന്റ് എന്നോടൊരു കാര്യം പറഞ്ഞത്. പത്ത് കോടി രൂപയാണ് ഈ മനുഷ്യന് ഓഫീസിൽ നിന്ന് കൊടുത്തിട്ടുള്ളത്.
പത്ത് രൂപ ഈ സ്ഥാപനത്തിന്റെ പ്രധാന നിക്ഷേപകരിൽ ഒരാളായ ഗോകുലം ഗോപാലേട്ടന് കിട്ടിയിട്ടില്ല. അതാണ് ശരിക്കും അവസ്ഥ. അപ്പോൾ നമ്മളിലാരാണ് മണ്ടൻ. ടെലിവിഷൻ അവതാരകനായി ഏഷ്യാനെറ്റിൽ ഞാൻ നടന്ന കാലം ഉണ്ടായിരുന്നു. ദൂരദർശനിൽ ഉണ്ടായിരുന്നു. എന്തൊരു സമാധാനമായിരുന്നു എന്നറിയാമോ. ഇപ്പോഴുളള പ്രശ്നം ഉറക്കം വരാത്ത രാത്രികളായിരിക്കും കൂടുതലും എന്നതാണെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.

കേരളത്തിലെ വളരെ പ്രശസ്തയായ അഭിനേത്രി. കേരളത്തിലെ ബഹുമാന്യനായ ആളിന്റെ പരിപാടിക്ക് പോയി. ഞാനായിരൂന്നു ആ അഭിനേത്രിയെ അങ്ങോട്ട് കണക്ട് ചെയ്ത് വിട്ടത്. അദ്ദേഹം ഒരു രണ്ട് ലക്ഷം രൂപയേ തരൂ, നിങ്ങൾക്ക് അതിൽ കൂടുതലൊക്കെയായിരിക്കും വേതനം. അതുകൊണ്ട് അങ്ങ് തൃപ്തിപ്പെടണം എന്ന് പറഞ്ഞു. അവർ തൃപ്തിപ്പെട്ടു എന്ന് പറഞ്ഞ് പോയി. അവരുടെ പ്രോഗ്രാമൊക്കെ ചെയ്ത് സന്തോഷമായി മടങ്ങി വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചു. എനിക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വേണ്ട, മൂന്ന് ലക്ഷം രൂപയിൽ കുറച്ച് ഞാൻ വാങ്ങാറില്ലെന്നും പറഞ്ഞു.
കേരളത്തിലെ സിറ്റുവേഷൻ മോശമാണ്, മാത്രമല്ല, അദ്ദേഹത്തെ പോലൊരു ആദരണീയന്റെ ജീവിതത്തെ ആദരിച്ചതാണ്. പിന്നെ നിങ്ങളോട് പറയുകയും ചെയ്തിരുന്നെന്ന് ഞാൻ മറുപടി നൽകി. ഇല്ലില്ല, അങ്ങനെയാണെങ്കിൽ നിങ്ങൾ ആ പെെസ കയ്യിൽ വെച്ചോളൂ എന്ന് പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു. മൂന്ന് ലക്ഷം രൂപ വാങ്ങി ഞാൻ അവരുടെ വീട്ടിലേക്ക് അയച്ച് കൊടുത്തു. കേരളത്തിലെ മിക്ക ആർട്ടിസ്റ്റുകളുടെയും ഒരു രൂപ പോലും ടെലിവിഷൻ നിർമാണത്തിനോ സിനിമാ നിർമാണത്തിനോ കുറയ്ക്കാൻ തയ്യാറല്ല. മറ്റുള്ള ഭാഷയിലും അങ്ങനെയാണെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.


Click it and Unblock the Notifications











