'ശ്രീനിലയം മുഴുവൻ പോസിറ്റിവിറ്റിയാണ്', ചിതറികിടന്ന കുടുംബം ഒരുമിച്ചതിന്റെ സന്തോഷമെന്ന് ആരാധകർ!
മിനി സ്ക്രീൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാണുന്നത് സീരിയലുകളാണ്. സീരിയൽ താരങ്ങൾ അതുകൊണ്ട് തന്നെ അതിവേഗത്തിൽ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടീനടന്മാരായി മാറാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ആരാധകർക്ക് പ്രിയപ്പെട്ട സീരിയലാണ് കുടുംബവിളക്ക്. 2020 ജനുവരി 27ന് ആണ് സീരിയലിന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. വരാനിരിക്കുന്ന ജനുവരി 27 ആകുമ്പോഴേക്കും പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയുമായി സീരിയൽ രണ്ട് വർഷം പൂർത്തിയാക്കും. ബംഗാളി ടിവി സീരിയലായ ശ്രീമോയിയുടെ മലയാളം റീമേക്കാണ് കുടുംബവിളക്ക്.
ഒരുവൻ, ഏകാന്തം, കൽക്കി, പച്ചമരത്തണലിൽ, ഗുൽമോഹർ, ഓർക്കുക വല്ലപ്പോഴും, ഡീസന്റ് പാർട്ടീസ്, തന്മാത്ര, താക്കോൽ, പായ്കപ്പൽ, സൈലൻസർ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി മീര വാസുദേവാണ് സീരിയലിൽ നായികയായി അഭിനയിക്കുന്നത്. നിരവധി മലയാളം സിനിമകളിൽ മീര വാസുദേവ് അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബപ്രേക്ഷകർക്ക് മീര പ്രിയങ്കരിയായത് കുടുംബവിളക്ക് സീരിയലിലൂടെയാണ്. വളരെ പക്വതയാർന്ന അഭിനയം തന്നെയാണ് അന്യഭാഷക്കാരിയായിരുന്നിട്ട് പോലും മലയാളി പ്രേക്ഷകർക്ക് മീരയെ പ്രിയങ്കരിയാക്കിയത്.

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം പറഞ്ഞുപോകുന്ന പരമ്പരയിൽ എപ്പിസോഡുകൾ അത്യന്തം ആവേശകരമായാണ് അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ അഭിനയമികവ് കൊണ്ടും കഥയുടെ കെട്ടുറപ്പുകൊണ്ടും റേറ്റിഗിലും പരമ്പര ഒന്നും രണ്ടും സ്ഥാനങ്ങളാണ് മിക്കപ്പോഴും ഉറപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പര ആദ്യമെല്ലാം പല തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറുകയായിരുന്നു. സിദ്ധാർഥ്-സുമിത്ര ദമ്പതികളുടെ ദാമ്പത്യ പരാജയവും, സിദ്ധാർത്ഥിന്റെ പുനർവിവാഹവും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമാണ് പരമ്പരയുടെ പ്രധാന കഥാഗതി. വീണ്ടും വിവാഹം കഴിച്ചതോടെ സിദ്ധാർത്ഥ് നാശത്തിന്റെ വക്കിലേക്കും സിദ്ധാർഥ് ഉപേക്ഷിച്ച സുമിത്ര അനുനിമിഷം വളർച്ചയിലുമാണ് മുന്നേറുന്നത്.

സുമിത്രയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് എപ്പോസഡുകളിലായി പരമ്പരയിൽ നടക്കുന്നത്. ഒരിടയ്ക്ക് മക്കളുടെ പോലും അവഗണനയ്ക്ക് പാത്രമായിരുന്ന സുമിത്രയ്ക്ക് ഇപ്പോൾ ചില ശത്രുക്കളുടെ ഒഴികെ ബാക്കി എല്ലാവരുടേയും സ്നേഹം ലഭിക്കുന്നുണ്ട്. മൂത്തമകൻ അനിരുദ്ധ് കൂടി തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് അമ്മയായ സുമിത്രയോട് ചേർന്നതോടെ കുടുംബവിളക്ക് വേറെ തലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കുടുംബവിളക്കിന്റെ പുതിയ പ്രമോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ പ്രമോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
Recommended Video

സുമിത്രയും മക്കളും ഒപ്പം സിദ്ധാർഥും ഒരുമിച്ച് നടത്തുന്ന വിനോദയാത്രയുടെ എപ്പിസോഡുകളാണ് ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സിദ്ധാർഥിനെ മകനായ പ്രതീഷ് എത്തിയാണ് വിനോദയാത്രയിലേക്ക് ഭാഗമാകാൻ ക്ഷണിച്ചത്. സിദ്ധാർഥ് വരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ സിദ്ധാർഥിന്റെ രണ്ടാം ഭാര്യ വേദികയെ വിനോദ യാത്രയിൽ പങ്കാളിയാകാൻ ക്ഷണിച്ചിട്ടില്ല. സുമിത്രയ്ക്കൊപ്പം സിദ്ധാർഥ് പോയതോടെ വേദിക സുമിത്രയേയും സിദ്ധാർഥിനേയും തെറ്റിക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇന്ദ്രജയുമായി ചേർന്ന് മെനയുകയാണ്. സുമിത്രയുടേയും കുടുംബത്തിന്റേയും വിനോദ യാത്രയിലെ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കുടുംബവിളക്കിന്റെ പുതിയ പ്രമോ പുറത്തിറക്കിയിരിക്കുന്നത്. ശ്രീനിലയം മൊത്തം ഇപ്പോൾ പോസിറ്റിവിറ്റിയാണ് എന്നാണ് പുതിയ പ്രമോ കണ്ട പ്രേക്ഷകർ കുറിച്ചത്. 'എവിടേയും ദുഷ്ടകളെ പനപോലെ വളർത്തും ദൈവം, പക്ഷെ ഇവിടെ സുമിത്രയേ ആണ് പനപോലെ വളർത്തുന്നത്... സന്തോഷം, ചിതറി പോയ ഒരു കുടുംബം ഇങ്ങനെ ഒന്നിച്ചത് കാണുമ്പോൾ ഒരുപാട് സന്തോഷം, പുതിയ വർഷത്തിൽ നിറയെ നല്ല മാറ്റങ്ങൾക്കുള്ള തുടക്കം ആവട്ടെ കുടുംബവിളക്കിൽ എന്ന് ആശംസിക്കുന്നു' എന്നെല്ലാമാണ് പ്രേക്ഷകർ കമന്റായി കുറിച്ചത്.


Click it and Unblock the Notifications