എനിക്ക് പണം വരുന്ന വഴി മാതാപിതാക്കൾക്ക് അറിയാം, അനാഥ പയ്യനെ വിവാഹം കഴിക്കാനാണ് ആഗ്രഹം; വീടിനെ കുറിച്ച് ശ്രുതി
കഠിനാധ്വാനം ചെയ്യാനുള്ള മനസും ഇന്റര്‍നെറ്റ് സംവിധാനവുമുണ്ടെങ്കില്‍ ആര്‍ക്കും സോഷ്യൽമീഡിയ വഴി താരങ്ങളായി മാറാം പണം സമ്പാദിക്കാം. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്നത് ഒരു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്ന നിരവധി പേർ ഇന്ന് കേരളത്തിലുണ്ട്. അത്തരത്തിൽ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായും മോഡലായും എല്ലാവർക്കും സുപരിചിതയാണ് ശ്രുതി തമ്പി. ദുബായിൽ ജോലി ചെയ്യുന്ന ശ്രുതി അടുത്തിടെയാണ് സ്വന്തം അധ്വാനത്തിൽ ഒരു വീട് പണിതത്.
ഒരു കോടിക്ക് മുകളിൽ ശ്രുതി മുടക്കിയിരുന്നു. ഗൃഹപ്രവേശന ചടങ്ങിന്റെ ദിവസം തന്നെ ഒരു പുതുപുത്തൻ കാറും ശ്രുതി വാങ്ങിയിരുന്നു. വീടിന്റെയും കാറിന്റെയും വീഡിയോ വൈറലായശേഷം ശ്രുതിയുടെ വരുമാന മാർഗവുമായി ബന്ധപ്പെടുത്തി പല ഗോസിപ്പുകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ എല്ലാ ഗോസിപ്പുകൾക്കും മറുപടി പറയുകയാണ് ശ്രുതി.

2850 സ്ക്വയർ ഫീറ്റാണ്. അത് വീടും സ്ഥലവും കൂടി ഉൾപ്പെടുത്തിയാണ്. നല്ല രീതിയിൽ ഇന്റീരിയർ വർക്ക് വീട്ടിൽ ചെയ്തിട്ടുണ്ട്. അത്തരത്തിൽ എല്ലാ ജോലിയും പൂർത്തിയാക്കിയപ്പോൾ ഒന്നേകാൽ കോടിയായി. അല്ലാതെ ഞാൻ തള്ളിയതല്ല. വീടിന്റെ വീഡിയോയും ഫോട്ടോയും കണ്ട് പലരും ഇത് 38 ലക്ഷത്തിന് പണിയാൻ കഴിയും എന്നൊക്കെ കമന്റിട്ട് കണ്ടു. പക്ഷെ സാധിക്കില്ല.
കാരണം ഇപ്പോൾ ഒരു വീട് പണിയുമ്പോൾ പൈസ നന്നായി പൊടിയും. സാധനങ്ങൾക്കെല്ലാം വില കൂടി. വീട് പണിയുടെ ഒന്നും എനിക്ക് തുടക്കത്തിൽ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ എല്ലാം പഠിച്ചു. പാടത്തിന് സമീപമാണ് വീട് എന്നതുകൊണ്ട് തന്നെ ബെൽറ്റിട്ടാണ് മതിൽ അടക്കം കെട്ടിയത്. അത്തരത്തിൽ എല്ലാം ചിലവും ചേർന്നാണ് ഒന്നേകാൽ കോടിയായത്.
25 ലക്ഷമാണ് ഞാൻ പുതിയ കാർ വാങ്ങിയപ്പോൾ ചിലവായത്. കിയ സെൽട്ടോസാണ് കാർ. ഡൗൺ പെയ്മെന്റ് മാത്രമെ കൊടുത്തിട്ടുള്ളു. ബാക്കി ഇഎംഐയാണ്. രണ്ട് വർഷമെടുത്താണ് വീട് പണി പൂർത്തിയാക്കിയത്. വീടിന്റെ ഓരോ കോണിലും എന്റെ കൈ പതിയണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വീട് പണി നടക്കുന്നതിന് ഇടയിൽ ഓരോ സാധനങ്ങളായി ദുബായിൽ നിന്നും മറ്റും ഞാൻ കുറച്ച് കുറച്ചായി വാങ്ങിയാണ് വീട്ടിൽ സെറ്റ് ചെയ്തത്.
വീടുവെക്കുകയും പാല് കാച്ചൽ ചടങ്ങിന്റെ അന്ന് തന്നെ കാർ ഇറക്കുകയും ചെയ്തതുകൊണ്ട് ആളുകളുടെ വിചാരം എല്ലാം റൊക്കം പൈസ കൊടുത്ത് ചെയ്തതാണെന്നാണ്. പണം കായ്ക്കുന്ന മരമൊന്നും ഞങ്ങളുടെ വീട്ടുമുറ്റത്തില്ല. എനിക്കുള്ളത് ഞാൻ ഉണ്ടാക്കിക്കോളാമെന്ന് കുട്ടിക്കാലം മുതൽ ഞാൻ പറയുമായിരുന്നു.

എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല. മാതാപിതാക്കൾക്ക് കൊടുത്ത ആ വാക്ക് എനിക്ക് പാലിക്കാൻ പറ്റി. ഒരുപാട് നെഗറ്റീവ് കമന്റ്സ് വരുന്നുണ്ട്. വീടുണ്ടാക്കാനുള്ള പണം എവിടെ നിന്നുവെന്ന് ഞാൻ ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്. പബ്ലിക്കിനെ ഞാൻ കൊണ്ടുപോയി കാണിക്കണോ?. ഞാൻ ബോധിപ്പിക്കേണ്ടത് എന്റെ മാതാപിതാക്കളെ മാത്രമാണ്. അവർക്ക് കൃത്യമായി അറിയാം എനിക്ക് എവിടെ നിന്നാണ് പണം വരുന്നതെന്ന്.
അവർ ബാങ്ക് സ്റ്റേറ്റ്മെന്റ് ചോദിച്ചാലും എനിക്ക് ഒരു മടിയും കൂടാതെ അവർക്ക് കാണിച്ച് കൊടുക്കാൻ കഴിയും. വേറൊരു സോഴ്സും എനിക്കില്ല. ഞാൻ സ്ട്രീമിങ്ങും ലൈവും ടിക്ക് ടോക്കുമെല്ലാം ചെയ്യുന്നയാളാണ്. ഒട്ടുമിക്ക ആപ്പുകളിൽ നിന്നും പണം വരുന്നുണ്ട്. എന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും വരുന്ന പണം എങ്ങനെയാണ് മറ്റുള്ളവരെ പറ്റിച്ച് നേടിയ പണമായി മാറുന്നത്? ശ്രുതി ചോദിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും ശ്രുതി പ്രതികരിച്ചു. വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കാറില്ല. എന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്. പ്രണയിച്ച് വിവാഹം കഴിച്ചാലും അറേഞ്ച്ഡ് മാരേജാണെങ്കിലും അവർക്ക് വിഷയമില്ല. എന്റെ വിവാഹം അവരുടെ സ്വപ്നമാണ്. പറ്റിയാളെ ആളെ കണ്ടെത്താത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തത്. ഒരു അനാഥ പയ്യനെ കണ്ടെത്തി വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെയെങ്കിൽ അദ്ദേഹത്തെ എന്റെ വീട്ടിൽ താമസപ്പിക്കാം എനിക്ക് എന്റെ വീട് വിട്ടുപോകേണ്ടതായും വരില്ല ശ്രുതി പറഞ്ഞു.


Click it and Unblock the Notifications











