സ്വയം മനസിലാക്കിയാൽ മതി, ഹണി റോസിനെ പരിഹസിച്ചതിന് വ്യാപക വിമർശനം; ഇന്ന് തങ്കച്ചന് പറയാനുള്ളത്
പൊളിറ്റിക്കൽ കറക്ടനെസ് വലിയ ഘടകമായതോടെ വിനയായത് പല കോമഡി ഷോകൾക്കും സ്റ്റേജ് ആർട്ടിസ്റ്റുകൾക്കുമാണ്. അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പല പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം നേരിട്ടു. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട ടെലിവിഷൻ ഷോകളിലൊന്നാണ് സ്റ്റാർ മാജിക്ക്. ബോഡി ഷെയിമിംഗ് തമാശകളുടെ പേരിൽ ഒന്നിലേറെ തവണ സ്റ്റാർ മാജിക് വിമർശിക്കപ്പെട്ടു.
എന്നാൽ വിമർശനം വന്നിട്ടും ഇത്തരം പരാമർശങ്ങൾ വീണ്ടും ഷോയിലുണ്ടായി. നടൻ തങ്കച്ചൻ വിതുര ഹണി റോസിനെ പരിഹസിച്ച് കൊണ്ട് ചെയ്ത സ്കിറ്റ് വലിയ വിമർശനം നേരിട്ടിരുന്നു. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ ബോഡി ഷെയിമിംഗ് തമാശകളെക്കുറിച്ച് തങ്കച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബോഡി ഷെയിമിംഗ് എന്ന വിമർശനം പെർഫോമൻസിനെ ബാധിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് തങ്കച്ചൻ വിതുര പറയുന്നു. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു നടൻ. അതേസമയം ഇത്തരം സാഹചര്യത്തിൽ തെറ്റ് മനസിലാക്കണമെന്നും തങ്കച്ചൻ പറയുന്നുണ്ട്. അങ്ങനെ തോന്നുന്ന സമയത്ത് സ്വയം മനസിലാക്കിയാൽ മതി. നമുക്ക് ഒരു ധാരണയുണ്ടാകണമല്ലോ. അത് വേണ്ടായിരുന്നു, അത് ശരിയായില്ല, പാടില്ലായിരുന്നു എന്ന് തോന്നാം. വന്ന് കട്ടിലിൽ കിടന്ന് ഉടനെ ഉറങ്ങില്ലല്ലോ. ഉറങ്ങുന്നതിന് മുമ്പ് കിട്ടുന്ന രണ്ട് മിനുട്ടെങ്കിലും ഉണ്ടാകുമല്ലോ. മുകളിലേക്ക് നോക്കി കിടക്കുന്ന സമയത്ത് രാവിലെ തൊട്ട് വെെകുന്നേരം വരെയുള്ളത് ഓർത്താൽ മതി.
അവനോട് അങ്ങനെ പറയേണ്ടായിരുന്നു, മോശമായിപ്പോയി, നാളെ അവനോട് പറായം, അത് ചെയ്യേണ്ടായിരുന്നു എന്നെല്ലാം ചിന്തിക്കാം. എല്ലാം ചിന്തിക്കേണ്ട, രണ്ട് മിനുട്ട് മതി. ചെയ്ത് പോയതോ പറഞ്ഞ് പോയതോ ആയ എന്ത് കാര്യവും. ആലോചിച്ച് ക്ലിയർ ചെയ്യാൻ സമയമെടുത്താൽ മതി. അതിൽ നിന്നെല്ലാം ഒരു ബോധം ഉണ്ടാകുമെന്ന് തങ്കച്ചൻ വിതുര പറയുന്നു.

ഹണി റോസിനെ പരോക്ഷമായി പരിഹസിച്ച ഷോ അന്നുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. തങ്കച്ചൻ വിതുര, അഖിൽ എന്നിവർ ചേർന്ന് നടത്തിയ സ്കിറ്റായിരുന്നു ഇത്. ഉത്സവ സീസൺ കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അഖിൽ തങ്കച്ചനോട് സ്കിറ്റിൽ ചോദിച്ചു. ഉദ്ഘാടനം എന്ന് തങ്കച്ചൻ മറുപടി നൽകി പരിഹാസ്യ രൂപേണ തിരിഞ്ഞ് നടന്നു. തങ്കച്ചനെ കൂടാതെ ബിനു അടിമാലി ഉൾപ്പെടെയുള്ള ആർട്ടിസ്റ്റുകളും ബോഡി ഷെയിമിംഗിന്റെ പേരിൽ വ്യാപക വിമർശനം നേരിട്ടിട്ടുണ്ട്.
അതേസമയം ബോഡി ഷെയ്മിംഗിനെ അനുകൂലിക്കുന്ന തരത്തിലാണ് പലപ്പോഴും ബിനു അടിമാലി സംസാരിച്ചത്. ഒന്നുമില്ലായ്മയിൽ നിന്ന് വന്ന ഈ കലാകാരൻമാരിൽ പലരും തമാശ രീതിയിൽ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരായ നിങ്ങളെ ചിരിപ്പിക്കാനാണ്. ഇതൊന്നും ബോഡി ഷെയ്മിംഗോ വ്യക്തിപരമായി ദ്രോഹിക്കുന്നതോ അല്ല. പണ്ടത്തെ സിനിമകളൊക്കെ നോക്കിയാൽ അറിയാം. അന്നൊന്നും ബോഡി ഷെയ്മിംഗ് എന്നാെരു സംഭവം ഉണ്ടായിട്ടില്ല. ലാലേട്ടനും ശ്രീനിവാസനും എത്ര സിനിമകളിലാണ് ഇത്തപം തമാശകൾ പറഞ്ഞത്. വ്യക്തിപരമായി അവരാെന്നും അങ്ങനെയുള്ള ആളുകളല്ലല്ലോയെന്നും ബിനു അടിമാലി ഒരിക്കൽ പറഞ്ഞു.
അന്തരിച്ച നടൻ കൊല്ലം സുധി തങ്കച്ചന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു. കൊല്ലം സുധിയുടെ മരണം തങ്കച്ചന് ഇന്നും വേദനിപ്പിക്കുന്ന ഓർമയാണ്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. സുധി ചേട്ടനുമായി പത്ത് മുപ്പത് വർഷത്തെ ബന്ധമായിരുന്നു. ഇന്നും ഇന്നലെയുമുള്ള ബന്ധമായിരുന്നില്ല അത്. ആർട്ടിസ്റ്റ് എന്നതിലുപരി എന്റെ ജേഷ്ഠ സഹോദരനെ പോലെ കാണുന്നയാളായിരുന്നു അദ്ദേഹമെന്ന് തങ്കച്ചൻ വിതുര പറഞ്ഞു.


Click it and Unblock the Notifications











