'സ്റ്റാർ മാജിക്ക് ഷോ ഡയറക്ടറുടെ കുടുംബം...', അനൂപിന്റേയും അഞ്ജുവിന്റേയും വിവാഹ വീഡിയോ കുത്തിപ്പൊക്കി ആരാധകർ!
ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഏറ്റവും ജനപ്രിയമായിരുന്ന റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയായിരുന്നു അഞ്ജു ജോസഫ്. കുട്ടിത്തം കലർന്ന പെരുമാറ്റവും നൈർമല്യമുള്ള ആലാപനവും ചിരിയും കൊണ്ട് അഞ്ജു പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ഇപ്പോൾ സൂപ്പർ ഫോർ എന്ന മഴവിൽ മനോരമയിലെ പരിപാടിയുടെ അവതാരകരിൽ ഒരാളാണ് അഞ്ജു ജോസഫ്. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് അഞ്ജുവും അനൂപ് ജോണും തമ്മിലുള്ള വിവാഹം നടന്നത്.
മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള റിയാലിറ്റി ഷോയായ ഫ്ലവേഴ്സിലെ സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടറാണ് അനൂപ് ജോൺ. അഞ്ച് വർഷത്തിലധികമായി ഹിറ്റായി സംപ്രേഷണം തുടരുന്ന ഷോയാണ് സ്റ്റാർ മാജിക്ക്. സ്റ്റാർ മാജിക്ക് ഹിറ്റായതോടെയാണ് അനൂപ് ജോണിനും ആരാധകർ കൂടിയത്. വമിമിക്ര, ടെലിവിഷൻ, സീരിയൽ രംഗങ്ങളിൽ ശോഭിച്ച് നിൽക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് അനൂപ് ജോണും സംഘവും സ്റ്റാർ മാജിക്ക് പരിപാടി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

അനൂപും അഞ്ജുവും പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളാണെങ്കിലും ഇരുവരും വിവാഹിതരാണെന്ന വസ്തുത അറിയില്ലെന്നാണ് ഇരുവരുടേയും ആരാധകർ കുത്തിപ്പൊക്കിയ വിവാഹ വീഡിയോയ്ക്ക് കമന്റായി പ്രേക്ഷകരിൽ നിരവധി പേർ കുറിച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അനൂപും അഞ്ജുവും വിവാഹിതരായത്. അഞ്ജുവിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. ഇടയ്ക്കിടെ സുഹൃത്തുക്കൾക്കൊപ്പം അക്കപ്പല്ലെയിൽ ഗാനങ്ങൾ ഒരുക്കി അഞ്ജു പങ്കുവെക്കാറുണ്ട്. മുമ്പ് അഞ്ജു ഒളിച്ചോടി വിവാഹം കഴിച്ചുവെന്നും മതം മാറിയെന്ന തരത്തിലുമെല്ലാം വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഉടൻ തന്നെ അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി അഞ്ജു രംഗത്തെത്തുകയും ചെയ്തിരുന്നു. വാർത്തയുടെ തലക്കെട്ട് കണ്ട് സത്യമാണെന്ന് വിശ്വസിക്കരുത് എന്നാണ് അന്ന് ആരാധകരോട് അഞ്ജു പറഞ്ഞത്. കുഞ്ചാക്കോ ബോബൻ, ഭാവന സിനിമ ഡോക്ടർ ലവ്വിലെ ഗാനം ആലപിച്ചുകൊണ്ടാണ് അഞ്ജു സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ശേഷം ഓർമകളിൽ ഒരു മഞ്ഞുകാലം എന്ന സിനിമയിൽ അറിയാതെ എന്റെ ജീവനിൽ എന്ന ഗാനം അഞ്ജു ആലപിച്ചു. പിന്നീട് അലമാര എന്ന സണ്ണി വെയ്ൻ ചിത്രത്തിലും അഞ്ജു പാട്ട് പാടി. പൂവാകും നീ എന്ന ഗാനമായിരുന്നു ആലപിച്ചത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നും ഇത് തന്നെയായിരുന്നു. ശേഷം അവരുടെ രാവുകൾ, മഞ്ജു വാര്യർ സിനിമ സൈറ ബാനു തുടങ്ങിയ സിനിമകളിലും അഞ്ജു പിന്നണി ഗായികയായി.

ഗായിക എന്നതിലുപരി അവതാരികയായും അഞ്ജു ഇപ്പോൾ തിളങ്ങുകയാണ്. സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട വിവാദം നടക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ വിമർശനം കേട്ട ഷോയായിരുന്നു സ്റ്റാർ മാജിക്ക്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർ സ്റ്റാർ മാജിക്ക് ഷോയ്ക്ക് എതിരെ തിരിഞ്ഞത്. അന്ന് അനൂപ് ജോണിനെതിരേയും വിമർശനം ഉയർന്നിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽമീഡിയ പോസ്റ്റുകൾ അനൂപ് ജോൺ പങ്കുവെച്ചതായും സോഷ്യൽമീഡിയയിൽ വിമർശനമുയർന്നിരുന്നു. നിത്യാ ദാസ്, നവ്യാ നായർ എന്നിവർ സ്പെഷ്യൽ ഗസ്റ്റായി എത്തിയപ്പോഴാണ് വിവാദങ്ങൾ നടന്നത്. അതിന് മുമ്പും ബോഡി ഷെയ്മിങ് കലർന്ന കോമഡികൾ സ്റ്റാർ മാജിക്ക് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു പ്രേക്ഷകർ ഷോയെ വിമർശിച്ചത്.


Click it and Unblock the Notifications