സാറിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, എന്നിട്ടും എന്നോട് സംസാരിച്ചു; കിഷോർ സത്യ
കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്ണപിള്ളയെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് സിനിമ- സീരിയൽ താരം കിഷോർ സത്യ. ബാലകൃഷ്ണപിള്ളയെ അവസാനം കണ്ടതിനെ കുറിച്ചാണ് കിഷോർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സംസാരിക്കാൻ ബുദ്ധിമുട്ടായിട്ടു പോലും തന്നോട് അദ്ദേഹം സംസാരിച്ചുവെന്നാണ് നടൻ പറയുന്നത്. നടനും എംഎൽഎയുമായ ഗണേഷിന്റെ അടുത്ത സുഹൃത്താണ് കിഷോർ സത്യ. നടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ...

ഇന്നലത്തെ ആഹ്ലാദം ഇന്ന് സങ്കടമായല്ലോ. ബാലകൃഷ്ണ പിള്ള സർ ഇനിയില്ല. എന്ത് എഴുതണം എന്ന് എനിക്കറിയില്ല. പക്ഷെ ഇനി ആ കരുതൽ, സ്നേഹം, വാർത്തമാനങ്ങൾ ഒന്നും ഇനി എനിക്ക് ഇല്ലല്ലൊ.കോവിഡ് പ്രതിസന്ധി കാരണം കുറെ നാളായി ഞാൻ സാറിനെ കാണാൻ പോവാറില്ലായിരുന്നു.
പല സ്ഥലങ്ങളിലും സഞ്ചരിക്കുന്ന ഞാൻ മൂലം ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതി. അവസാനം കാണുമ്പോൾ സാറിന് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നിട്ടും എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു .പക്ഷെ അതെന്നെ ഒത്തിരി സങ്കടപ്പെടുത്തി. അതുകൊണ്ടുതന്നെ ഞാൻ വിഷമത്തോടെ നേരത്തെ ഇറങ്ങി.
ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. സിനിമ, സീരിയൽ കുടുംബ വിശേഷങ്ങൾ അങ്ങനെ ഒത്തിരി കാര്യങ്ങൾ. എപ്പോഴും എന്റെ മോൻ നീരുവിന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. തിരക്കിനിടയിലും എന്റെ സീരിയൽ കാണാൻ പോലും സർ സമയം കണ്ടെത്തിയിരുന്നു. എഴുതിയാൽ തീരില്ല.പങ്കുവെച്ച വിശേഷങ്ങൾ, കഥകൾ, കാര്യങ്ങൾ, അനുഭവങ്ങൾ.....
സർ, ഓർമ്മകളിൽ അനശ്വരനായി അങ്ങ് തുടരും... കിഷോർ സത്യ കുറിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു ആർ.ബാലകൃഷ്ണപിള്ളയുടെ വി്യോഗം. മകൻ കെബി ഗണേഷ്‌കുമാർ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ എല്ലാവരേയും അറിയിച്ചത്. സിനിമ- സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ പെട്ടവർ പ്രിയപ്പെട്ട നേതാവിന് സോഷ്യൽ മീഡിയയിലൂടെ ആത്മശാന്തി നേർന്നു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം


Click it and Unblock the Notifications