വിധവയായ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല, ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ; രേണുവിനോട് സ്വപ്ന സുരേഷ്
വളരെ അപ്രതീക്ഷിതമായ വേർപാടായിരുന്നു നടൻ കൊല്ലം സുധിയുടേത്. ഒന്നര വർഷം മുമ്പ് ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് സുധി കാർ അപകടത്തിൽ മരിച്ചത്. നടന്റെ വേർപാടോടെ ഭാര്യ രേണുവും മക്കൾക്കും അവരുടെ തണൽ നഷ്ടമായി. സന്നദ്ധ സംഘടനകളും സുധിയുടെ വേണ്ടപ്പെട്ടവരുമെല്ലാമാണ് രേണുവിനും മക്കൾക്കുമായി വീട് വെച്ച് നൽകിയതും കുട്ടികളുടെ വിദ്യാഭ്യാസം നോക്കുന്നതും എല്ലാം. ഭർത്താവിന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ രേണു നാടകങ്ങളിൽ സജീവമാണ്.
മാത്രമല്ല ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും രേണു അഭിനയിച്ച് കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം രേണു നടത്തിയ പുതിയ ഫോട്ടോഷൂട്ട് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. പീച്ച് നിറത്തിലുള്ള സ്കേർട്ടും ഗോൾഡൺ ബ്രൊക്കേഡിലുള്ള ബ്ലൗസും അണിഞ്ഞ് ഗ്ലാമറസായാണ് രേണു പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ എഡ്ഡി ജോണാണ് ഈ വിഷു സ്പെഷ്യൽ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ശക്തയായ സ്ത്രീയുടെ അടയാളം ആറ്റിറ്റ്യൂഡ് അല്ല നിലപാടാണെന്ന് പറഞ്ഞാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ വിമർശിക്കുന്നവരുടെയും പരിഹസിക്കുന്നവരുടേയും കമന്റുകൾ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
ഇത്രയേറെ ഗ്ലാമറസായി ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത് വിധവയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീക്ക് ചേർന്നതല്ലെന്ന തരത്തിലായിരുന്നു വന്ന വിമർശനങ്ങൾ ഏറെയും. ഇപ്പോഴിതാ രേണുവിന് എതിരെ സോളാർ കേസ്, സ്വര്‍ണക്കടത്ത് കേസ് എന്നിവയിലൂടെ വാർത്തകളിൽ ഒരു സമയത്ത് നിറഞ്ഞ് നിന്നിരുന്ന സ്വപ്ന സുരേഷും രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ പുതിയ ഗ്ലാമറസ് ഫോട്ടോയിൽ വിഷു ആശംസകൾ കുറിച്ച് ഒരു പോസ്റ്റ് രേണു പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് സ്വപ്ന സുരേഷിന്റെ കുറിപ്പ്. വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ലെന്നും ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്നുമാണ് സ്വപ്ന സുരേഷ് കുറിച്ചത്. ഇതാണോ 2025ലെ പുതിയ വിഷു?.
ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു... എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം... ദയവായി മറ്റ് ചില ബദലുകൾ കണ്ടെത്തൂ. വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്നുമാണ് സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

സ്വപ്നയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ വിമർശിച്ചും സ്വപ്നയെ അനുകൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. സ്വപ്ന പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കുറിച്ചത്. അതേസമയം ചിലർ രേണുവിനെ അനുകൂലിച്ചും എത്തി. ഈ ഫോട്ടോ ഒരു ആധുനിക കലാരൂപമാണ്. ഭഗവാൻ കൃഷ്ണന്റെ പകരക്കാരനോ വിഷുവിനെ അപമാനിക്കുന്നതോ അല്ല. ഫാഷൻ വികസിക്കുന്നു ഒപ്പം പാരമ്പര്യങ്ങളും അങ്ങനെ തന്നെ.
പരമ്പരാഗത കേരള സാരികൾ ധരിക്കുമ്പോഴും നൃത്തരൂപങ്ങൾക്കായി വസ്ത്രം ധരിക്കുമ്പോഴും സ്ത്രീകളുടെ നേവൽ കാണാറുണ്ട്. അതിനാൽ പൊക്കിൾ പ്രദർശിപ്പിക്കുന്നത് ഒരു പാശ്ചാത്യ കണ്ടുപിടുത്തമാണെന്ന് നടിക്കരുത് എന്നാണ് ഒരാൾ രേണുവിനെ അനുകൂലിച്ച് കുറിച്ചത്. സമീപകാലത്ത് ഒരു റൊമാന്റിക് റീലിൽ ദാസേട്ടൻ കോഴിക്കോടിനൊപ്പം ഇഴുകി ചേർന്ന് അഭിനയിച്ചതിന് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനങ്ങൾ രേണു സുധിയ്ക്ക് ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു.
അഭിനയം തന്റെ ജോലിയാണെന്നും ഇത് അഭിനയമാണെന്ന് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നുമായിരുന്നു വിമർശനങ്ങൾക്ക് അന്ന് രേണു മറുപടി നൽകി പറഞ്ഞത്. തനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും രേണു പറഞ്ഞിരുന്നു.


Click it and Unblock the Notifications