സീത ഇനി മോഹന്‍ലാലിനൊപ്പം! ലാലേട്ടന്‍റെ ഇട്ടിമാണിയില്‍ സ്വാസികയും! ആരാധകര്‍ക്ക് സന്തോഷിക്കാം!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സ്വാസിക. സിനിമയും സീരിയലിലുമൊക്കെയായി ആകെ സജീവമാണ് ഈ താരം. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും സ്വാസിക തെളിയിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സീതയിലെ നായിക കൂടിയാണ് സ്വാസിക. ശക്തമായ പിന്തുണയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായ ഷാനവാസുമായുള്ള സ്വാസികയുടെ കെമിസ്ട്രിയാണ് സീതയുടെ വിജയരഹസ്യം. സീത വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഇഷ്‌കിലും സ്വാസിക അഭിനയിച്ചത്.
ഷെയ്ന്‍ നിഗം നായകനായെത്തിയ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയായിരുന്നു സ്വാസിക അവതരിപ്പിച്ചത്. ഇതിന് പിന്നാലെയായി മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും താരം അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നവാഗതനായ ജിബിയും ജോജുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം ചൈനയിലാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചും സ്വാസിക എത്തിയിരുന്നു. ഇട്ടിമാണിയുടെ ലോക്കേഷനിലേക്കെത്തിയ പ്രിയദര്‍ശനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സീതയുടെ ഇത്തവണത്തെ വരവും പൊളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ കോമഡി ട്രാക്കിലേക്ക് മാറുമ്പോള്‍ സ്വാസുവും ഒപ്പമുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങുന്ന താരത്തിന് ഇട്ടിമാണിയില്‍ ലഭിച്ച കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications